Tuesday 17 September 2013

for old posts

Articles of Joseph Pulikunnel 

in the first three issues of Hosanna Monthly  

Friday 13 September 2013



യുവശക്തി - ദൈവത്തിനും രാജ്യത്തിനും വേണ്ടി


(ഓശാനമാസികയുടെ ആദ്യലക്കത്തില്‍ത്തന്നെ (1975ഒക്ടോബര്‍) ആരംഭിച്ച യുവാക്കന്മാര്‍ക്കുള്ള പംക്തിയാണ്'യുവശക്തി'. 
അതിന്റെ ആമുഖം ഇങ്ങനെയായിരുന്നു : 

കേരളത്തിലെ കത്തോലിക്കാ യുവാക്കന്മാരുടെ സാമൂഹ്യപ്രശ്‌നങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. നാല്‍പതിലേറെ കത്തോലിക്കാ കോളേജുകളില്‍,പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പഠിച്ചുകഴിഞ്ഞ യുവാക്കള്‍ക്കും കത്തോലിക്കാസഭയിലെ സാമൂഹ്യാന്തരീക്ഷത്തെക്കുറിച്ച് തുറന്നെഴുതാനുള്ള ഒരു വേദിയാണിത്. സര്‍ഗ്ഗശക്തിയും നേതൃത്വസിദ്ധിയുമുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്.

കത്തോലിക്കാസഭയിലെ നേതൃത്വഹത്യ
കേരളത്തിലെ ഒരു സന്യാസസഭയുടെ ഒരു പ്രത്യേക പ്രോവിന്‍സിന്റെ ഉടമസ്ഥതയിലുള്ള ഒരു ദിനപ്പത്രം (പണപ്പിരിവിനും വരിക്കാരെ ചേര്‍ക്കുന്നതിനും 'കത്തോലിക്കാപത്രം' എന്നാണ് സ്വയം വിശേഷിപ്പിക്കാറ്) കത്തോലിക്കരുടെ ഇടയില്‍ ഉണ്ടെന്നു പറയപ്പെടുന്ന നേതൃത്വരാഹിത്യത്തെക്കുറിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ഒരു ലേഖനപരമ്പര പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അന്ന് ആ പത്രം കത്തോലിക്കരില്‍ നേതാക്കന്മാരില്ല എന്ന നിഗമനത്തിലാണ് എത്തിയതെന്നാണ് ഓര്‍മ്മ. 'നേതൃത്വം' എന്ന് അവര്‍ വിവക്ഷിച്ചിരുന്നത് അല്മായരുടെ ഇടയിലുള്ള നേതൃത്വത്തെയാണ്. കത്തോലിക്കാ അല്മായരില്‍ നേതാക്കന്മാരില്ലാത്തതിനെക്കുറിച്ച് അവര്‍ അന്ന് പരിവേദനം നടത്തി.
അവരുടെ 'നേതൃത്വം'
നേതൃത്വം എന്നതുകൊണ്ട് അന്നവര്‍ വിവക്ഷിച്ചത്, ദിവസവും പള്ളിയില്‍ പോകുകയും കുര്‍ബ്ബാന കാണുകയും കുര്‍ബ്ബാന കൈക്കൊള്ളുകയും അച്ചന്മാരും മെത്രാനച്ചനും പ്രസ്തുത പത്രവും പറയുന്നതനുസരിക്കുകയും ചെയ്ത് കേരളരാഷ്ട്രീയത്തില്‍ വളര്‍ന്നു വിരാജിക്കുക എന്നതായിരുന്നു. അങ്ങിനെയുള്ള ഒരു നേതൃത്വം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകാത്തതിനെക്കുറിച്ചായിരുന്നു ഖേദം. അങ്ങിനെ ഒരു നേതൃത്വം വളര്‍ത്തിയെടുക്കുകയാണു സമുദായത്തിന്റെ അടിയന്തിരാവശ്യമെന്ന നിഗമനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത് ശരിയാണ്. കേരളരാഷ്ട്രീയത്തില്‍ അങ്ങിനെ ഒരു നേതൃത്വം വളര്‍ത്തിയിരുന്നില്ല. ഈന്തങ്ങാക്കുടുക്കയില്‍ കരിമീനുകളെ വളര്‍ത്താന്‍ പറ്റുകയില്ലല്ലോ?

വിലങ്ങുതടികള്‍
കേരളത്തിന്റെയും ഭാരതത്തിന്റെയും സാമൂഹ്യരാഷ്ട്രീയ രംഗത്ത് ഉയര്‍ന്നു പ്രശോഭിച്ച അതികായകന്മാര്‍ നമുക്കുണ്ട്. ഇന്‍ഡ്യയുടെ സുപ്രീംകോടതിയില്‍ ഒരു കത്തോലിക്കന്‍ ജഡ്ജിയാണ്. ഗവര്‍ണറായിരുനന എ.ജെ. ജോണ്‍, വൈസ് ചാന്‍സലറായിരുന്ന വി.വി. ജോണ്‍, ജോസഫ് മുണ്ടശ്ശേരി, സാഹിത്യ അക്കാഡമി പ്രസിഡന്റായിരുന്ന പൊന്‍കുന്നം വര്‍ക്കി, സാഹിത്യനായകന്മാരുടെ ഉഷകാലനക്ഷത്രമായിരുന്ന എം.പി. പോള്‍, കേരള രാഷ്ട്രീയത്തിലെ കരുത്തനായിരുന്ന മന്ത്രി പി.റ്റി. ചാക്കോ, ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി. പ്രസിഡന്റായ എ.കെ. ആന്റണി, റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനായ കെ.എം. ചാണ്ടി - ഇങ്ങനെ പലരും കത്തോലിക്കാസമുദായത്തില്‍ ജനിച്ചവരാണ്. അവരെല്ലാം പ്രവേശിച്ച തുറയില്‍, ഉന്നതമായ സ്ഥാനത്ത് എത്തിച്ചേര്‍ന്നു. പക്ഷേ അവരുടെ വ്യക്തിത്വത്തിന്റെ വളര്‍ച്ചയില്‍ വിലങ്ങുതടികളിടാനല്ലാതെ പ്രോത്സാഹിപ്പിക്കാന്‍ കത്തോലിക്കാസഭ നേതൃത്വം കയ്യടക്കിവെച്ചിരുന്ന പുരോഹിതന്മാര്‍ തയ്യാറായില്ല. ഇവരില്‍ പലരെയും സഭ ഓരോ കാലഘട്ടത്തില്‍ ശപിച്ചിട്ടുണ്ട്.'കത്തോലിക്കാപത്രം' അവരില്‍ പലരെയും ഓരോ കാലഘട്ടത്തില്‍ ആക്രമിച്ച് അവശരാക്കിയിട്ടുണ്ട്. എങ്കില്‍ സര്‍ഗ്ഗശക്തിയുള്ള ഇവര്‍ സ്വന്തം കഴിവില്‍ വളര്‍ന്നു.

നേതൃത്വ രഹസ്യം
ആരാണ് നേതാവ്? എന്താണീ നേതൃത്വം? അവനവന്‍ ജീവിക്കുന്ന സമൂഹത്തില്‍ തൂത്തെറിയപ്പെടേണ്ട ചിന്തകള്‍ക്കും ചട്ടക്കൂടുകള്‍ക്കും പാരമ്പര്യങ്ങള്‍ക്കും എതിരായി ജനങ്ങളെ പഠിപ്പിച്ച്, സംഘടിപ്പിച്ച്,വിശ്വാസം ആര്‍ജ്ജിച്ച്, ആദര്‍ശത്തിന്റെ കൊടിക്കീഴില്‍ അവരെ നയിക്കാന്‍ കഴിയുന്നവനാണ് നേതാവ്. ആ നേതാവിന് വ്യക്തമായ സാമൂഹ്യ കാഴ്ചപ്പാടുണ്ടായിരിക്കണം. അത് ബുദ്ധിയുടെ ഉലയില്‍വെച്ച് തനി തങ്കമായി മാറ്റണം. സ്വന്തമായ കഴിവിലുള്ള വിശ്വാസം വളര്‍ത്തുകയും അന്യരുടെ വിശ്വാസം ആര്‍ജ്ജിക്കുകയും വേണം. അതോടൊപ്പം കര്‍മ്മപദ്ധതികള്‍ക്ക് രൂപം കൊടുക്കണം. ലക്ഷ്യപ്രാപ്തിക്കുവേണ്ടി അനവരതം പോരാടണം. ആ പോരാട്ടത്തിനുള്ള ആവേശവും ശക്തിയും കൊടുക്കുന്നത് ലക്ഷ്യസാദ്ധ്യത്തിലുള്ള ശുഭപ്രതീക്ഷയും പ്രവര്‍ത്തിയിലുള്ള ആത്മാര്‍ത്ഥതയും സത്യസന്ധതയുമാമ്. ഇതത്രെ നേതൃത്വത്തിന്റെ രഹസ്യം.
പൊരുത്തക്കേട് വാക്കിലും പ്രവൃത്തിയിലും
കത്തോലിക്കാ സമുദായത്തില്‍ ഒരു ബാലന്‍ ആദ്യം ചെന്നെത്തുന്ന സാമൂഹ്യ സംഘടന പള്ളിയാണ്. അവന് പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന മണ്ഡലങ്ങള്‍ സൊഡാലിറ്റിയും ലീജിയന്‍ ഓഫ് മേരിയും അഖില കേരള ചെറുപുഷ്പ മിഷന്‍ ലീഗും മറ്റുമാണ്. ഇവയിലെല്ലാം പ്രാര്‍ത്ഥനയ്ക്കും പണപ്പിരുവിനും വേമ്ടതായ ഭാവനക്കപ്പുറം ഒന്നും ആവശ്യമില്ല. അവന്റെ ചിന്തയുടെയും വിജ്ഞാനത്തിന്റെയും ചക്രവാളം വളരുന്നതോടുകൂടി അവന്‍ ജീവിക്കുന്ന സമൂഹത്തിലെ അനീതിയിലേക്കും പൊയ്മുഖങ്ങളിലേക്കും അവന്റെ ആദര്‍ശം ഛേദം സംഭവിക്കാത്ത ദൃഷ്ടി ചെന്നു പതിക്കുന്നു. 'മനുഷ്യപുത്രനു തലചായ്ക്കാന്‍'സ്ഥലമില്ലെന്ന് അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ച മനുഷ്യപുത്രന്റെ അനുയായി, സിംഹാസത്തിന്റെ വേഷഭൂഷാഡംബരങ്ങളോടെ ഇരിക്കുന്നു. ''നിങ്ങള്‍ ഭൂമിയില്‍ പിതാവേ എന്ന് ആരേയും വിളിക്കരുത്'' (മത്തായി 23:3) എന്നു കല്പിച്ച മിശിഹായുടെ പള്ളിയകത്തുവെച്ച്'ഞങ്ങളുടെ പിതാവും മേല്‍പ്പട്ടക്കാരനും' വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേസിക്കുന്നത് ഒട്ടകം സൂചിക്കുഴിയില്‍ക്കൂടി പ്രവേശിക്കുന്നതുപോലെ ക്ലേശകരമാണ് എന്നു കല്പിച്ച ക്രിസ്തുവിന്റെ അനുയായികള്‍ എട്ടും പത്തും പേര്‍ പണക്കാരന്റെ ശവക്കല്ലറക്കടുക്കല്‍ ''നെറ്റിപ്പട്ടങ്ങള്‍ക്കു വീതികൂട്ടി കുപ്പായങ്ങളുടെ തൊങ്ങലുകള്‍ നീട്ടി നില്‍ക്കുന്നു'' (മത്തായി 23-5). ''നീ പ്രാര്‍ത്ഥിക്കുമ്പോള്‍ മനുഷ്യരാല്‍ കാണപ്പെടുവാന്‍ സംഘങ്ങളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ത്ഥിക്കുവാന്‍ ഇഷ്ടപ്പെടുന്ന കപടഭക്തരേപ്പോലെ ആകരുത്..... നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍വെച്ച്, രഹസ്യത്തിലിരിക്കുന്ന നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക'' (മത്തായി 6:6) എന്നു ഉപദേശിച്ച മിശിഹായുടെ അനുയായികള്‍ പരിഹാരപ്രദക്ഷിണങ്ങളും,പ്രാര്‍ത്ഥനയുടെ അലര്‍ച്ചയുമായി തെരുവീഥികളില്‍ യാത്രാ തടസ്സം വരുത്തി പ്രാര്‍ത്ഥനപ്രകടനം നടത്തുന്നു. 'സഞ്ചികളോ ഭാണ്ഡങ്ങളോ ചെരിപ്പുകളോ എടുക്കാതെ (ലൂക്കാ 10:4) മിശിഹായുടെ വചനങ്ങളുടെ സംരക്ഷണക്കുടക്കീഴില്‍ ആശ്വാസം കണ്ടെത്താന്‍ കല്പിച്ച മിശിഹായുടെ അനുയായികള്‍ അരമനകളും എസ്റ്റേറ്റുകളും വേനല്‍ക്കാല വസതികളും മത്സരിച്ചു വാങ്ങുന്നു. ദാരിദ്ര്യം വ്രതമായി സ്വീകരിച്ചവര്‍, മൂന്നുനില കെട്ടിടങ്ങളില്‍ സമ്പന്നരായി ജീവിക്കുന്നു.

അസ്വസ്ഥത ആരംഭിക്കുന്നു.
ഈ വൈരുദ്ധ്യങ്ങള്‍ നിഷ്‌കളങ്കവും ആദര്‍ശനിര്‍ഭരവുമായ ഹൃദയത്തില്‍ ആഴമേറിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. ഈ അനാചാരങ്ങളുടെ മാറാലകളും പൊയ്മുഖവും വലിച്ചു ചീന്താന്‍ അവന്‍ ആഗ്രഹിക്കുന്നു. അവന്റെ ചിന്ത അസ്വസ്ഥമാകുന്നു.
മാര്‍ഗ്ഗങ്ങള്‍ രണ്ടേ ഉള്ളു. 
പക്ഷേ ഒരു കത്തോലിക്കന്‍ അതു ചെയ്യാന്‍ പാടില്ല! സമൂഹത്തിന്റെ ആധിപത്യം നീണ്ടവസ്ത്രങ്ങളില്‍ പൊതിഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ള അധികാരം കല്പിക്കും. ''പ്രാര്‍ത്ഥിക്കുക, പരിഹാരം ചെയ്യുക, പെരുന്നാളു കഴിക്കുക, വിയാസാഗ്ര നടത്തുക, പണം പിരിക്കുക'' ഇവയൊക്കെ നല്ലവണ്ണം അനുസരിക്കുന്നവന്‍ നല്ല കത്തോലിക്കന്റെ പട്ടികയില്‍ കടന്നുകൂടുന്നു. ഒന്നുകില്‍ സ്വയം വേറൊരു പൊയ്മുഖമണിഞ്ഞ് 'നല്ല കുട്ടിയായി' 'ഭക്തനായി' കഴിയുക അല്ലെങ്കില്‍ പൊയ്മുഖങ്ങള്‍ സ്വയം ഒളിക്കുന്ന സാമൂഹ്യ മാന്യതയുടെ പൊന്തക്കാടുകള്‍ തല്ലിത്തകര്‍ക്കുക.
രണ്ടാമത്തേതാണ് നേതൃത്വസിദ്ധിയുള്ളവര്‍ സ്വീകരിക്കുക. അപ്പോള്‍ അവര്‍ പുറത്താക്കപ്പെടുന്നു. സഭയ്ക്കു പുറത്ത്. സമുദായത്തിനു പുറത്ത്.
സ്വഭാവഹത്യ - ഒരായുധം
അങ്ങിനെ കത്തോലിക്കാ സമുദായം നേതൃത്വവാസനയുള്ള അനേകം യുവാക്കളെ സ്വഭാവഹത്യ ചെയ്തു നശിപ്പിക്കുന്നു. അവരുടെ കലാപങ്ങള്‍ പൊക്കിപ്പിടിച്ചുകൊണ്ട്, വരുംതലമുറയെ ഭയപ്പെടുത്തുന്നു. എം.പി. പോളിനു കൊടുത്ത തെമ്മാടിക്കുഴി, പി.റ്റി. ചാക്കോയെ വലിച്ചു താഴെയിട്ട രാഷ്ട്രീയക്കളി, മുണ്ടശ്ശേരിയെ സ്വന്തം സ്ഥാപനത്തില്‍ നിന്നു പിരിച്ചുവിട്ട അധികാരശക്തി, ഇവ കണ്ട് വരും തലമുറ അജയ്യമായ ശക്തിയെ ഭയപ്പെടണം!!

എം.പി. പോളും റോമയോ തോമസും
ഒരു റോമയോ തോമസ്സിന്റെ ഇടുങ്ങിയ മനസ്സിനുള്ളില്‍ എം.പി. പോളിന്റെ മുറ്റിത്തഴച്ചു വളര്‍ന്നുകൊണ്ടിരുന്ന വ്യക്തിത്വത്തെ ഒതുക്കിനിര്‍ത്താന്‍ കഴിഞ്ഞില്ല. അത് എം.പി. പോളിന്റെ കുറ്റമാണെന്ന് സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ റോമയോ തോമസ്സിനെയും ആ ഇടുങ്ങിയ മനസ്സിനെയും സമൂഹം മറന്നുകഴിഞ്ഞു. ഇന്നാകട്ടെ എം.പി. പോളിന്റെ തേജസ്സുമാത്രമാണ് ജനം കാണുന്നത്. ആ തേജപുഞ്ജത്തിന്റെ കിരണങ്ങള്‍ തട്ടിയാണ് ഇന്നു റോമയോ തോമസ്സിന്റെ മങ്ങിയ മുഖം മനുഷ്യര്‍ ഓര്‍ക്കുന്നത്.

മുണ്ടശ്ശേരിയും
ഒരു കല്ലുങ്ങന്റെ ചെറിയ മനസ്സില്‍ ജോസഫ് മുണ്ടശ്ശേരിയെ തളച്ചിടാന്‍ ശ്രമിച്ചു. ആ സര്‍ഗ്ഗശക്തി അതിനു വഴങ്ങിയില്ല. മുണ്ടശ്ശേരിയെ കല്ലെറിയാന്‍ കൊന്ത വലിച്ചെറിഞ്ഞു, കല്ലുകളെടുത്തു. ഇന്നു കല്ലുങ്ങന്‍ മറക്കപ്പെട്ടു. മുണ്ടശ്ശേരിയുടെ സര്‍ഗ്ഗപ്രതിഭ ശാശ്വതമായി.
ശിംശോന്‍മാരുടെ തലമുടി അറത്ത്, കണ്ണ് കുത്തിപ്പിടിച്ച് ചക്കു തിരിപ്പിക്കാമെന്ന വ്യാമോഹമാണ് സമുദായ നേതൃത്വത്തിനുണ്ടായത്. പക്ഷേ ഏവര്‍ തകര്‍ത്ത പാരമ്പര്യത്തിന്റെ തൂണുകള്‍ക്കിടയില്‍ ഈ ചെറിയ മനുഷ്യര്‍ മൂടിപ്പോയി.
സര്‍ഗ്ഗശക്തിയും കര്‍മ്മശേഷിയും സത്യസന്ധതയുള്ള യുവനേതൃത്വത്തെ,കാലാകാലങ്ങളില്‍ തകര്‍ക്കേണ്ടത് സ്ഥാപിത താത്പര്യക്കാരുടെ ആവശ്യമായിരുന്നു.
''കപടഭക്തരായ നിയമജ്ഞരേ, പ്രീശരേ, നിങ്ങള്‍ക്കു ഹാ കഷ്ടം. എന്തെന്നാല്‍ നിങ്ങള്‍ മനുഷ്യരുടെ മുന്‍പിന്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ പ്രവേശിക്കുന്നുമില്ല. പ്രവേശിക്കുവാന്‍ പോകുന്നവരെ അതിന് സമ്മതിക്കുന്നുമില്ല''. ''ഓര്‍ശ്ലേമേ, ഓര്‍ശ്ലേമേ, പ്രവാചകരെ കൊല്ലുന്നവളേ നിന്റെ അടുക്കലേയ്ക്കയക്കപ്പെട്ടവരേ കല്ലെറിയുന്നവളേ............ ''സര്‍പ്പങ്ങളേ! അണലി സന്താനമേ നരകവിധിയില്‍നിന്നും നിങ്ങള്‍ എങ്ങിനെ ഒഴിഞ്ഞുമാറും?'' വി. മത്തായി (23: 14: 37: 33)

വൈദികന്‍ എന്ന ഏകാന്ത പഥികന്‍


(സഭാനവീകരണത്തിനായി പ്രവര്‍ത്തിക്കുന്നവരെ വൈദികവിരോധികള്‍ എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. സഭാനവീകരണം ലക്ഷ്യമിടുന്നവര്‍ വൈദികരെ വീക്ഷിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന ഈ ലേഖനം ഓശാനമാസികയുടെ ആദ്യലക്കത്തില്‍ (1975 ഒക്ടോബര്‍) ശ്രീ ജോസഫ് പുലിക്കുന്നേല്‍എഴുതിയതാണ്.)

കത്തോലിക്കാസഭയിലെ വൈദികര്‍ ഇന്ന്, ഒരു പ്രതിസന്ധിയിലാണ്. വളരെയധികം, സഹതാപമര്‍ഹിക്കുന്ന ഒരു മാനസിക സംഘര്‍ഷത്തിനു മദ്ധ്യത്തില്‍.
കത്തോലിക്കാസഭയിലെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കാരണക്കാരായി വിമര്‍ശകര്‍ കാണുന്നത് വൈദികരെയാണ്. അവരുടെ സാമൂഹ്യവും വ്യക്തിപരവുമായ പ്രശ്‌നങ്ങളെ പഠിക്കാനോ, സഹാനുഭൂതിയോടും ഉപവിയോടുംകൂടി അവയ്ക്ക് പരിഹാരം കണ്ടെത്താനോ, ഇന്നാരും ശ്രമിക്കുന്നില്ല.


ദൈവത്തിന്റെ പ്രതിനിധിയായി പുരോഹിതനെ മതവിശ്വാസികള്‍ ബഹുമാനിക്കുന്നു. ചിലര്‍ ''കള്ള കത്തനാന്മാര്‍'' എന്നു വിളിച്ച് പുച്ഛിയ്ക്കുന്നു. രണ്ടുകൂട്ടരും പുരോഹിത വസ്ത്രത്തിനുള്ളില്‍ സ്പന്ദിക്കുന്ന മനുഷ്യനെ കാണുന്നില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം.


'ദൈവമനുഷ്യന്‍'
ഇന്ന് പുരോഹിതന്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട വ്യക്തിയാണ്. എസ്.എസ്.എല്‍.സി. കടന്നുകൂടിയ ആദര്‍ശപ്രേരിതനായ ഒരു ചെറുപ്പക്കാരന്‍! ഉന്നതമായ പൗരോഹിത്യത്തിലൂടെ ദൈവത്തെ സേവിക്കാന്‍ കഴിയുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചുകൊണ്ടാണ് അയാള്‍ പുരോഹിതാര്‍ത്ഥിയാകുന്നത്. (സാമൂഹ്യമോ, കുടുംബപരമോ, സാമ്പത്തികമോ ആയ പ്രേരണ ഏതാനുംപേരെ പുരോഹിതാര്‍ത്ഥികളാക്കുന്നുണ്ട് എന്ന് വിസ്മരിക്കുന്നില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും കൗമാരത്തിന്റെ ആദര്‍ശനിഷ്ഠയാല്‍ പ്രചോദിതരായാണ് പുരോഹിതാര്‍ത്ഥികളാകുന്നത്.) അന്നുമുതല്‍ അയാള്‍ ഏകാന്തപഥികനായിത്തീരുന്നു. സമൂഹത്തില്‍ ഒറ്റപ്പെട്ടവന്‍; സിമ്മനാരിയില്‍വെച്ച് സഹപുരോഹിതാര്‍ത്ഥികളോട് പ്രത്യേക മമതയോ സ്‌നേഹമോ പ്രദര്‍ശിപ്പിക്കാന്‍ അവകാശം അറ്റവന്‍! അത് അവന്റെ സ്വഭാവഹത്യയ്ക്കു കാരണമത്രേ. വീട്ടിലെത്തിയാല്‍ അമ്മയയും അപ്പനും സഹോദരന്മാരും ''ശെമ്മാശനെ'' ബഹുമാനിക്കുന്നു. തന്റെ പെങ്ങന്മാരോടും അടുത്ത ചാര്‍ച്ചക്കാരോടും ഇടപഴകുന്നത് ഇടര്‍ച്ചയ്ക്കു കാരണമായേക്കുമെന്ന് അയാള്‍ ഭയപ്പെടുന്നു. ഇന്നലെവരെ ''എടാ മത്തായിക്കുഞ്ഞേ'' എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ച അമ്മപോലും ''ശെമ്മാശ''നെന്ന ദൈവമനുഷ്യനില്‍നിന്നും അകന്നുപോകുന്നു.


പൂര്‍ണ്ണമായ ഒറ്റപ്പെടല്‍! 
മാതൃസ്‌നേഹവും പിതൃസ്‌നേഹവും സഹോദരസ്‌നേഹവും ഒരു ഇന്ദ്രദാലത്തിലെന്നപോലെ അപ്രത്യക്ഷമാകുകയും തല്‍സ്ഥാനത്ത് അനര്‍ഹവും അപ്രതീക്ഷിതവുമായ ബഹുമാനത്തിന് അയാള്‍ അര്‍ഹനായിത്തീരുകയും ചെയ്യുന്നു.
ഒന്‍പതോ പത്തോ കൊല്ലം സിമ്മനാരിയില്‍ കഴിച്ചുകൂട്ടി, ലത്തീനും സുറിയാനിയും, ദഹിയ്ക്കാത്ത ദൈവശാസ്ത്രവും, ഉരുവിട്ട് പഠിച്ച് പുരോഹിതനായി പുറത്തുവരുന്ന ശെമ്മാശന്‍, തണല്‍കൊടുത്ത് പരിചരിച്ച് വളര്‍ത്തുന്നചെടി സൂര്യതാപമേല്‍ക്കുമ്പോള്‍ വാടുന്നതുപോലെ, ചിലപ്പോള്‍ വാടിപ്പോകുന്നു. പുരോഹിതനെ, ''മറ്റൊരു ക്രിസ്തുവായി കാണുന്ന വിശ്വാസികള്‍, അല്ലെങ്കില്‍ കാണാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍, സഹതാപത്തേക്കാളേറെ വിമര്‍ശനബുദ്ധിയോടെയാണ് ഇവരെ സമീപിക്കുന്നത്.

ഏകാന്തന്‍
സിമ്മനാരിയില്‍ വളരെയധികം സഹവിദ്യാര്‍ത്ഥികളുമായി കഴിഞ്ഞുകൂടുന്ന ഒരു ഇടവക വൈദികന്‍ പട്ടമേറ്റു കഴിഞ്ഞാല്‍ മിക്കവാറും ഏതെങ്കിലും പള്ളിയുടെ അസിസ്റ്റന്റായാണ് നിയമിതനാകുന്നത്. ഏകാന്ത ആരംഭിക്കുകയായി. കുശിനിക്കാരനും താനും മാത്രം ഉള്‍ക്കൊള്ളുന്ന ഒരു ലോകത്തേയ്ക്ക് ഒരു പുരോഹിതന്‍ ചുരുങ്ങുന്നു. വികാരിയച്ചന്റെ സ്വഭാവപ്രകൃതിയനുസരിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നില്ലെങ്കില്‍ ''കൊച്ചച്ചന്‍'' ഒരു നോട്ടപ്പുള്ളിയായിത്തീരുന്നു. ''തലമുറയുടെ വിടവ്'', വികാരിയുടെയും അസിസ്റ്റന്റിന്റെയും മദ്ധ്യത്തില്‍ വളരെ ആഴമേറിയതാണ്. കുരിശുമണി അടിച്ചു പ്രാര്‍ത്ഥന കഴിഞ്ഞാന്‍ പുരോഹിതന്‍ ഏകാന്തതയുടെ തടവുകാരനാണ്. മനസ്സ് ഭാവനയുടെ ചിറകില്‍ ഉയര്‍ന്നുപൊങ്ങുന്നതിനെ തടഞ്ഞുനിര്‍ത്താന്‍, ബ്രീവറിയുടേയും കൊന്തയുടേയും ഭാരം പലപ്പോഴും ശക്തമല്ലാതാകുന്നു. ഒരു സുഖക്കേടു വന്നാല്‍ ലഭ്യമാകുന്ന പരിചരണം കുശിനിക്കാരന്റേതു മാത്രമാണ്.


പൊയ്മുഖം
സമൂഹത്തിന്റെ ബഹുമാനം നേടാന്‍ അധികാരികളുടെ പ്രീതി സമ്പാദിക്കാന്‍, കടുത്ത പൊയ്മുഖം അണിയാന്‍ പലപ്പോഴും നിര്‍ബന്ധിതനാകുന്ന സാഹചര്യമാണ് വൈദികനുള്ളത്. എല്ലാ ഇടവകകളിലും ചേരിപ്പോരും മത്സരവും ഉണ്ട്. സത്യവും നീതിയും ഒരു വശത്തും സ്വാധീനവും പണവും മറുവശത്തുമായി മത്സരിക്കുമ്പോള്‍, നീതിക്കുവേണ്ടിയും സത്യത്തിനുവേണ്ടിയും സ്വരമുയര്‍ത്താന്‍ കഴിയാതെ പുരോഹിതനിലെ ആദര്‍ശവാദി പതുക്കെ പതുക്കെ മരിക്കുമ്പോള്‍, പൊയ്മുഖത്തിന്റെ കട്ടി വര്‍ദ്ധിപ്പിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകും. എല്ലാവരില്‍നിന്നും ഒറ്റപ്പെട്ട് അഗാധമായ ഏകാന്തഭാവത്തെ പേറിയാണ് ഒരു പുരോഹിതന്‍ കഴിയുന്നതെന്ന് അവരെ ബഹുമാനിക്കുന്നവരും പുച്ഛിക്കുന്നവരും അറിയുന്നുണ്ടോ?


വൈരുദ്ധ്യാധിഷ്ഠിത ആത്മീയവാദം
''നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്ന ഒരു പുതിയ കല്പന നിങ്ങള്‍ക്ക് തരുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ അതുകൊണ്ട്, നിങ്ങള്‍ എന്റെ ശിഷ്യരാകുന്നു എന്ന് എല്ലാവരും അറിയും'' (യോഹ: 13:34-35) തന്നെ പിന്‍ചൊല്ലുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മിശിഹാ കൊടുത്ത കല്പനയാണിത്.


എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ പുരോഹിതന്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും കടുത്ത അഭാവമാണ് കാണുന്നത്. സ്‌നേഹിക്കുക എന്നാല്‍ മറ്റൊരാള്‍ക്കുവേണ്ടി ത്യാഗം സഹിക്കുവാന്‍ സന്നദ്ധമാവുക എന്നാണര്‍ത്ഥം. വളരെ വിരളമായേ പുരോഹിതന്മാരുടെ ലോകത്തില്‍ ഈ സ്‌നേഹം കാണാന്‍ കഴിയൂ. 'തിരുമേനി' 'ഫൊറവനാവികാരി' - എല്ലാം ബഹുമാനിയ്ക്കപ്പേടേണ്ടവര്‍. കത്തോലിക്കാസഭ അനുസരണയുടെ ചരടിലാണ് കോര്‍ത്തെടുക്കപ്പെട്ടിരിക്കുന്നത്. സ്‌നേഹത്തിന്റെ പൊന്‍നൂലല്ല ആ സാമൂഹികബന്ധത്തിന്റെ കണ്ണി. അച്ചന്‍ മെത്രാനെ സ്‌നേഹിക്കുകയല്ല. ബഹുമാനിയ്ക്കയും അനുസരിക്കുകയുമാണ്. മെത്രാന്‍ അച്ചന്മാരെ ഭരിക്കുന്നു.


'ഞാന്‍ നല്ല ഇടയനാകുന്നു, എന്റെ പിതാവ് എന്നെ അറിയുകയും, ഞാന്‍ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെ ഞാന്‍ എനിക്കുള്ളവയേ അറിയുകയും ആടുകള്‍ക്കുവേണ്ടി എന്റെ ജീവനെ ഞാന്‍ സമര്‍പ്പിക്കുകയും ചെയ്യും' (യോഹ:10:14-15). എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിനായി, ഞാന്‍ അതു സമര്‍പ്പിക്കുന്നതുകൊണ്ട് എന്റെ പിതാവ് എന്നെ സ്‌നേഹിയ്ക്കുന്നു. (വി. യോഹ:10-14, 15) 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്നതാണ് എന്റെ കല്പന. ഒരു മനുഷ്യന്‍ തന്റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി സ്വജീവന്‍ ഉപേക്ഷിക്കുക എന്നതില്‍ വലുതായ സ്‌നേഹം ഇല്ല.... ഞാന്‍ ഇനി നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. തന്റെ യജമാനന്‍ ചെയ്യുന്നത് എന്തെന്ന് ദാസന്‍ അറിയുന്നില്ലല്ലോ, എന്നാല്‍ എന്റെ പിതാവില്‍നിന്നും, കേട്ടതെല്ലാം നിങ്ങളെ അറിയിച്ചതുകൊണ്ട്, എന്റെ സ്‌നേഹിതന്മാര്‍ എന്നു നിങ്ങളെ ഞാന്‍ വിളിച്ചിരിക്കുന്നു. (യോഹ 15:1213, 15).


പരസ്പര സ്‌നേഹത്തിന്റെ അത്യുദാത്തമായ വാഗ്ദാനമാണ്, മിശിഹാ നമുക്കു തന്നത്. അത് മുരടന്‍ ആത്മീയവാദമായിരുന്നില്ല. സമൂഹജീവിതത്തില്‍ തന്റെ ശിഷ്യന്മാരുടെ വീക്ഷണത്തിന്റെ അടിക്കല്ല്, സ്‌നേഹമായി അവിടുന്നു നിര്‍വ്വചിച്ചു. ഈ സ്‌നേഹമാണ്, ആത്മീയമായി ക്രിസ്തുവിനെ സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ സ്ഥൂലരൂപം.
''ആകയാല്‍, നിങ്ങളുടെ കര്‍ത്താവും ഗുരുവും ആയിരിക്കുന്ന ഞാന്‍, നിങ്ങളുടെ കാലുകള്‍ കഴുകി എങ്കില്‍, നിങ്ങള്‍ പരസ്പരം കാലുകള്‍ കഴുകുവാന്‍ എത്രമാത്രം കടപ്പെട്ടവരാകുന്നു. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഈ ദൃഷ്ടാന്തം നിങ്ങള്‍ക്ക് ഞാന്‍ തരുന്നു''. ''നിങ്ങളില്‍ പ്രധാനിയാകുവാന്‍ ഇച്ഛിക്കുന്നവര്‍ നിങ്ങളുടെ ശുശ്രൂഷകന്‍ ആയിരിക്കണം''.


മിശിഹായില്‍ ഉള്ള ഔന്നത്യം, സ്‌നേഹത്തിലും, ശുശ്രൂഷയിലുമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഒരു പുരോഹിതന്റെ മുമ്പില്‍ പതുക്കെ പതുക്കെ തെളിഞ്ഞുവരുന്ന ചിത്രം വൈരുദ്ധ്യാത്മകമാണ്. സ്‌നേഹത്തിന്റേയും ശുശ്രൂഷയുടെയും സ്ഥാനത്ത് അനുസരണയും, ശിക്ഷണവും പ്രതിഷ്ഠിക്കപ്പെടുന്നു. ഈ വൈരുദ്ധ്യം ഒരു ആദര്‍ശശാലിയായ പുരോഹിതന്റെ ഹൃദയത്തില്‍ സംഘട്ടനമുണ്ടാകുന്നു.


ഇതിന്റെ കുറ്റം ആരുടേതാണ്? മെത്രാന്റെയാണോ? സുപ്പീരിയറന്മാരുടേതാണോ? പുരോഹിതന്റെയാണോ? അല്ല് സമ്പ്രദായത്തിന്റെതാണ്. റോമന്‍ സാമ്രാജ്യത്തിന്റെ ഭരണസമ്പ്രദായവും സാമൂഹികമണ്ഡലം സൃഷ്ടിച്ച ഔന്നത്യഭാവവുംസ ക്രിസ്തുവിന്റെ ഉപദേശങ്ങളേക്കാള്‍ പാരമ്പര്യത്തിന് കല്പിച്ച പ്രാധാന്യവും എല്ലാംകൂടി പടുത്തുയര്‍ത്തിയ മാനസ്സിക തടവറയില്‍നിന്നും രക്ഷപെടാനാവാത്ത ഇവര്‍ വിദ്വേഷത്തേക്കാള്‍, എതിര്‍പ്പിനേക്കാള്‍ അനുകമ്പ അര്‍ഹിക്കുന്നു.
 jos antony 

1 അഭിപ്രായം:

1.              
വൈദീകരേക്കാള്‍ കഷ്ടം കന്യസ്ത്രീമാരുടെതാണ്. ഏതോ ഒരു ഒരു ദുര്‍ബല നിമിഷത്തില്‍ എടുത്ത തീരുമാനവുമായി നീറി നീറി ജീവിതം തള്ളി നീക്കുന്ന എത്രയോ ജന്മങ്ങള്‍!!!!!!


കോണ്‍സ്റ്റന്റൈന്റെ ദാനം

ഓശാന മാസികയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ലേഖനങ്ങളും 
ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 
ഇന്ന് 2012 ഒക്ടോബര്‍ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഒരു കുറിപ്പാണ്. 

(പ്രൊഫ.റവ.ഡോ.സേവ്യര്‍ കൂടപ്പുഴ എഴുതിയ തിരുസ്സഭാചരിത്രം നാലാം പതിപ്പിലെ 19-ാം അധ്യായത്തില്‍നിന്നും എടുത്ത ഭാഗമാണ് താഴെ കൊടുക്കുന്നത്)

''മാര്‍പാപ്പാ രാഷ്ട്രാധിപനുംകൂടിയായതിന്റെ പിന്‍ബലമായി വേണം'കോണ്‍സ്റ്റന്റൈന്റെ ദാന'ത്തെ വീക്ഷിക്കാന്‍. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെയും സാര്‍വത്രികസഭയുടെയുംമേല്‍ മാര്‍പാപ്പായ്ക്ക് പരമാധികാരം നല്കിക്കൊണ്ട് റോമാ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റയിന്‍ (305-337) ചക്രവര്‍ത്തി സില്‍വസ്റ്റര്‍ ഒന്നാമന്‍ മാര്‍പാപ്പായ്ക്ക് (314-336) നല്കിയ ഒരു വിളംബരമായി ഇതിനെ കണക്കാക്കിപ്പോന്നു. പക്ഷേ എട്ടാം നൂറ്റാണ്ടില്‍ മാര്‍പാപ്പായുടെ രാഷ്ട്രാധികാരത്തിനുള്ള പിന്‍ബലമായി ആരോ കെട്ടിച്ചമച്ച ഒരു വ്യാജരേഖയാണിത്. നവോത്ഥാനകാലംവരെ ഇതിന്റെ സാധുതയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഈ വ്യാജരേഖയില്‍ ചക്രവര്‍ത്തിക്കുണ്ടായ ഒരു ദിവ്യദര്‍ശനത്തെക്കുറിച്ചും ചക്രവര്‍ത്തി കുഷ്ഠരോഗത്തില്‍നിന്നും അത്ഭുതകരമായി വിമുക്തനായതിനെക്കുറിച്ചും നാടകീയമായി ചിത്രീകരിച്ചിട്ടുണ്ട്. ദര്‍ശനത്തില്‍ വി. പത്രോസും വി. പൗലോസും ചക്രവര്‍ത്തിയോട് ക്രിസ്തുമതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെന്നും കാണാം. ഈ രേഖയനുസരിച്ച് അന്ത്യോക്യാ, അലക്‌സാണ്ട്രിയ, ജറൂസലേം,കോണ്‍ാസ്റ്റാന്റിനോപ്പിള്‍ എന്നീ നാലു റോമന്‍ പ്രവിശ്യകളിലും മാര്‍പാപ്പായ്ക്ക് അധികാരം നല്കിയിട്ടുണ്ടത്രേ! രാജകീയമായ വേഷവിധാനങ്ങളും സ്ഥാനമാനങ്ങളും മാര്‍പാപ്പായ്ക്കും മറ്റു സഭാധികാരികള്‍ക്കും പിന്‍ഗാമികള്‍ക്കും കോണ്‍സ്റ്റന്റൈന്‍ ഈ രേഖ വഴി അനുവദിച്ചിരിക്കുന്നു. സഭാധികാരികളെല്ലാം - മാര്‍പാപ്പാ, കര്‍ദിനാളന്മാര്‍ മെത്രാന്മാര്‍, വൈദികര്‍ - റോമാ സാമ്രാജ്യത്തിലെ രാജകീയവും ഉന്നതവുമായ വേഷവിധാനങ്ങള്‍ സ്വീകരിച്ചതിന്റെ പശ്ചാത്തലകാരണവും ഈ രേഖയില്‍ വ്യക്തമായി കാണുന്നുണ്ട്. റോമാ സാമ്രാജ്യത്തിലെ വിവിധ സ്ഥാനപദവികള്‍ റോമാസാമ്രാജ്യാതിര്‍ത്തിക്കുള്ളിലുള്ള സഭ സ്വീകരിച്ചതിനുള്ള സാധൂകരണവും ഈ വ്യാജരേഖയിലുണ്ട്. അധികാരത്തിനും പദവിക്കും പിറകേ പോകുന്ന സഭാനേതൃത്വത്തെ കൊണ്ടെത്തിക്കുന്ന വക്രതയിലേക്കും ധാര്‍മ്മികാധഃപതനത്തിലേക്കും ഇതു വിരല്‍ചൂണ്ടുന്നു!'' (പേജ് 629,630)

പ്രതികരണം ജോസഫ് പുലിക്കുന്നേല്‍
കോണ്‍സ്റ്റന്റൈന്‍ നടത്തിയെന്ന് പറയപ്പെടുന്ന ഈ കള്ളരേഖയിലൂടെയാണ് സഭയില്‍നിന്നും യേശുവിനെ ഇറക്കിവിടുകയും കോണ്‍ സ്റ്റന്റൈന്റെ രാജകീയതയെ പ്രതിഷ്ഠിക്കുകയും ചെയ്തത്. എല്ലാ എപ്പിസ്‌കോപ്പല്‍ സഭകളില്‍നിന്നും കോണ്‍സ്റ്റന്റൈനെ ഇറക്കിവിട്ടതിനുശേഷംമാത്രമേ സഭകളെ ക്രൈസ്തവ സഭകളായി വിവരിക്കാനാകൂ.

ആവൃതിയ്ക്കുള്ളില്‍
ഓശാനമാസികയുടെ ആദ്യലക്കത്തില്‍ (1975 ഒക്ടോബര്‍ ലക്കം) 
ആരംഭിച്ച
  പംക്തി ഇന്നും പ്രസക്തമല്ലേ?

(കേരളത്തിലെ വിവിധ സന്യാസിനി സമൂഹങ്ങളിലായി ആയിരക്കണക്കിന് കന്യാസ്ത്രീകളുണ്ട്. ആതുരശുശ്രൂഷാരംഗത്തും അദ്ധ്യാപനരംഗത്തും ഇവര്‍ അമൂല്യസേവനം അനുഷ്ഠിക്കുന്നു. എന്നാല്‍ ഈ മണ്ഡലവും, പ്രശ്‌നവിമുക്തമല്ലേ, ഒട്ടേറെ കന്യാസ്ത്രീകള്‍ ഇന്ന് സന്യാസവൃത്തി ഉപേക്ഷിക്കുന്നു. ഇവരെ 'മഠം ചാടികള്‍' എന്നു പുച്ഛിച്ചുതള്ളാനാണ് സമൂഹം മുതിരുക. എന്നാല്‍ ഈ സന്യാസ സമൂഹങ്ങള്‍ ഓരോ പ്രത്യേക ദ്വീപുകളാണ്. ഈ ദ്വീപുകള്‍ക്കുള്ളില്‍ നടക്കുന്നതെന്തെന്ന് വളരെക്കുറച്ചുപേര്‍ക്കേ അറിയൂ. ഇവരുടെ പ്രശ്‌നങ്ങള്‍ വിദഗ്ദ്ധപഠനത്തിനു വിധേയമാകേണ്ടതാണ്. ''ആവൃതിക്കുള്ളില്‍'' എന്ന ഈ പംക്തി കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഈ പംക്തിയിലേക്ക് അയക്കുന്ന എഴുത്തുകള്‍ ഞങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ദ്ധമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കും).
നമ്മുടെ കര്‍ത്താവ്, തന്റെ ജീവിതകാലത്ത്, അവിവാഹിതാവസ്ഥയോട് പ്രത്യേകമായ ഒരു മമത കാണിച്ചതായി തെളിവില്ല. തന്റെ ശിഷ്യപ്രധാനന്‍ തൊട്ടുള്ള ശിഷ്യന്മാര്‍ വിവാഹിതരായിരുന്നു. വിശുദ്ധ നിയമത്തില്‍ വിവരിക്കുന്ന മറിയം മഗ്ദലന മുതലുള്ള സ്ത്രീകള്‍ പുരുഷനെ അറിയാത്തവരായിരുന്നില്ല. വിവാഹത്താലുള്ള സ്ത്രീപുരുഷബന്ധം, അവിവാഹിതാവസ്ഥയേക്കാള്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ താഴ്ന്നതാണെന്നോ അവിവാഹിതാവസ്ഥ, ദൈവദൃഷ്ടിയില്‍ പ്രീതിജനകമാണെന്നോ തെളിവുകള്‍ ഒന്നും ഇല്ല.
പരിശുദ്ധകന്യാമറിയം, കന്യകയായിരുന്നില്ലേ? അങ്ങിനെ കന്യകാവസ്ഥ പരിശുദ്ധമാക്കപ്പെട്ടില്ലേ എന്ന് ചോദിച്ചേക്കാം. മറിയം കന്യകയായി ജീവിതം മുഴുവന്‍ കഴിയാന്‍ ആഗ്രഹിച്ചിരുന്നവളോ, വിവാഹ ജീവിതാന്തസ്സിനോട് മതിപ്പില്ലാതിരുന്നവളോ ആയിരുന്നില്ല. ''ഈശോമിശിഹായുടെ പിറവി ഇപ്രകാരമായിരുന്നു. അവന്റെ അമ്മയായ മറിയം, യൗസേപ്പിനോട് വിവാഹം ചെയ്യപ്പെട്ടിരിക്കെ അവര്‍ സംഗമിക്കുന്നതിനു മുമ്പ് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (വി. മത്തായി 1:18). ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട യൗസേപ്പ് എന്നു പേരുള്ള ഒരു പുരുഷനോട് വിവാഹം ചെയ്യപ്പെട്ടിരുന്ന കന്യകയുടെ അടുക്കലേക്ക് അയയ്ക്കപ്പെട്ടു''.
മറിയം വിവാഹിതയായിരുന്നു. (യഹൂദ സമൂഹ സമ്പ്രദായമനുസരിച്ച് നിയമാനുസൃതമുള്ള വിവാഹം കഴിഞ്ഞ് കുറെ നാളുകള്‍ക്കുശേഷമാണ് ഭാര്യാഭര്‍ത്തൃബന്ധം ആരംഭിക്കുന്നത്. വിവാഹവാഗ്ദാനം തന്നെ വിവാഹമാണ്.) വിവാഹജീവിതാന്തസ്സില്‍, പ്രവേശിച്ച് വിവാഹവിധിയനുസരിച്ച് കന്യാത്വം ഭര്‍ത്താവിനു മാത്രം സമര്‍പ്പിക്കാന്‍ സന്നദ്ധയുണായിരുന്നു അവള്‍. പക്ഷെ ദൈവേഷ്ടം മറിച്ചായിരുന്നു.
ദൈവം മനുഷ്യനായി അവതരിക്കുന്നത് മനുഷ്യബീജത്തിലൂടെയാകാന്‍ പാടില്ല! അങ്ങനെ ദൈവേഷ്ടത്തിന് വിധേയയായാണ് മറിയം പരിശുദ്ധാരൂപിയാല്‍ ഗര്‍ഭം ധരിക്കപ്പെടുന്നത്. ''ഇതാ ഒരു കന്യക ഗര്‍ഭം ധരിച്ചു പ്രസവിക്കും''...... എന്ന് പ്രവാചകന്‍ മൂലം കര്‍ത്താവിനാല്‍ അരുളിചെയ്യപ്പെട്ടത് നിവൃത്തിയാകേണ്ടതിനായിരുന്നു. (മത്തായി 1: 21-22) കന്യാമറിയം, പുരുഷസംസര്‍ഗ്ഗം കൂടാതെ ഗര്‍ഭം ധരിച്ചത് ദൈവനിശ്ചയമായിരുന്നു. മറിയം, കന്യകാത്വമല്ല; വിവാഹാവസ്ഥയാണ് സ്വയം തെരഞ്ഞെടുത്തത്. മനുഷ്യരക്ഷകനായ മിശിഹായുടെ ലോകാവതാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മറിയം പോലും വിവാഹാവസ്ഥ സ്വീകരിച്ചവളായിരുന്നു. അപ്പോള്‍ വിവാഹാവസ്ഥ ദൈവദൃഷ്ടിയില്‍ ഏതെങ്കിലും വിധത്തില്‍ തരംതാഴ്ന്ന ഒന്നായിരുന്നില്ലതന്നെ.
'കന്യക' എന്ന അവസ്ഥ അതില്‍തന്നെ ദൈവപ്രീതി ജനകമാണെന്ന് സുവിശേഷത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അതുകൊണ്ട് കന്യകാലയങ്ങള്‍ക്ക് ഒരു പ്രത്യേക മഹത്വം അവകാശപ്പെടാനില്ല. മദ്ധ്യ യുഗങ്ങളിലാണ് കന്യകാലയങ്ങള്‍ ഉടലെടുക്കുന്നത്. അന്ന് നിലവിലിരുന്ന സാമൂഹികാവശ്യങ്ങളുടെ പ്രതിഫലനമായിരുന്നു അത്.
കന്യാത്വം, അതിനാല്‍ത്തന്നെ മഹത്വപ്പെട്ടതല്ല. മാതൃത്വമാണ് മഹത്തരമായിട്ടുള്ളത്.
എന്നാല്‍ നമ്മുടെ സൂഹ ജീവിതത്തില്‍ കന്യകാലയങ്ങള്‍ ഒരു അവിഭാജ്യഘടകമായിത്തീര്‍ന്നിട്ടുണ്ട്. കന്യാലയവാസം ദൈവവിളിയായി വ്യവഹരിക്കപ്പെടുന്നു. തന്മൂലം, കന്യകാലയവാസം ആദര്‍ശനിഷ്ഠമായ കൗമാരപ്രായത്തില്‍, പെണ്‍കുട്ടികള്‍ക്ക് ആകര്‍ഷണമുള്ളതായിത്തീരുന്നു.
കന്യകാത്വം അര്‍പ്പണമാണോ?
ജീവിതകാലം മുഴുവന്‍ കന്യകയായി ജീവിക്കുക എന്നത് ദൈവത്തിനുള്ള അര്‍പ്പണമാണോ? ആണെന്നും അല്ലെന്നും പറയാം. ഒരു വ്യക്തി ക്രിസ്തുവിന്റെ വചനങ്ങളെ സ്വീകരിക്കുമ്പോള്‍ അയാള്‍ കാലദേശബന്ധങ്ങള്‍ക്ക് അതീതനായിത്തീരുന്നു. ''എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം കാക്കുന്നു. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്ന് അവനോടുകൂടി വസിക്കുകയും ചെയ്യും'' (യോഹ 14:23). വൈദ്യുതി പ്രവഹിക്കുന്നു എന്നതിന്റെ തെളിവാണ് ബള്‍ബ് കത്തുക എന്നത്. ബള്‍ബ് കത്തിക്കുക എന്നതാണ് വൈദ്യുതിയുടെ ആവശ്യം. ക്രിസ്തുവിന്റെ വചനം സ്വീകരിച്ചു കഴിയുന്ന വ്യക്തി, സ്‌നേഹത്തിലും സത്യത്തിന്റെ സാക്ഷ്യത്വത്തിലും തീവ്രമനസ്സനായിത്തീരുന്നു. സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണ് സേവനവും ശുശ്രൂഷയും; സഹജീവികള്‍ക്കുവേണ്ടിയുള്ള അര്‍പ്പിതജീവിതം അപ്പോള്‍ ഒരാള്‍ വിവാഹിതനോ, അവിവാഹിതനോ എന്നത് നമ്മുടെ കര്‍ത്താവിന്റെ മുമ്പില്‍ വിവേചനമുള്ള ഒന്നല്ല. പ്രത്യുത ഏതു ജീവിതാനന്തസ്സാണ്, തന്റെ വചനത്തിന്റെ അന്യൂനമായ സ്വീകരണത്തിന് വ്യക്തിയെ സഹായിക്കുന്നത്. അത് ദൈവതിരുമുമ്പാകെ മഹത്വമേറിയതാണ്. കന്യകയായി ജീവിക്കുക എന്നത് അതില്‍തന്നെ മഹത്വമേറിയ അര്‍പ്പണമാണെന്ന അഭിപ്രായം ശരിയല്ല. അത് ഒരു ബലിയും അല്ല.
ചെറുപുഷ്പവും അല്‍ഫോന്‍സായും
കന്യകാലയത്തിന്റെ നാലുഭിത്തികള്‍ക്കുള്ളില്‍, ജീവിച്ച ഈ ധന്യകള്‍ കന്യാവ്രതത്തിലൂടെ ദൈവസേവനം നടത്തിയതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഈ രണ്ട് ധന്യാത്മാക്കളുടേയും ജീവിതം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാം ഇവര്‍ രോഗാതുരകളാകാതിരുന്നെങ്കില്‍ ദൈവവചനം സ്വീകരിച്ചതിന്റെ ഫലമായി സ്‌നേഹത്താല്‍ പ്രചോദിതരായി ലോകത്തെവിടെയും സേവനം ചെയ്യാന്‍ സന്നദ്ധരാകുമായിരുന്നു എന്ന്. കന്യകാത്വമല്ല അവരുടെ മഹത്വത്തിനു കാരണം. പ്രത്യുത ദൈവസ്‌നേഹത്തെ പരസ്‌നേഹമാക്കി പകര്‍ത്താനുള്ള അവരുടെ അഭിലാഷമായിരുന്നു. ക്രിസ്തുവിനോടുള്ള സ്‌നേഹം അവിടുത്തെ വചനങ്ങളുടെ അനുസരത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നു. കഠിനമായ ശാരീരികരോഗം അവരുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ലോകമെമ്പാടും നിറഞ്ഞുനില്‍ക്കുന്ന ഉപവി പ്രവര്‍ത്തികള്‍ക്ക് അവര്‍ തയ്യാറാകുമായിരുന്നു.


കന്യകാലയങ്ങള്‍
കത്തോലിക്കാ സമൂഹജീവിതത്തില്‍ കന്യകാലയങ്ങള്‍ക്ക് അതിപ്രധാനമായ സ്ഥാനമുണ്ട് ഇന്ന്. കന്യകാന്തസ്സ് മനുഷ്യവര്‍ഗ്ഗത്തിന്റെ ഉപരിനന്മയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച എത്രയോപേര്‍ ഈ കന്യകാലയങ്ങളില്‍ വസിക്കുന്നു. എന്നാല്‍ ഈ നിശബ്ദ ജീവിതത്തിനിടയിലും, ശക്തമായ മാനുഷിക പ്രശ്‌നങ്ങള്‍ ഉണ്ട് എന്നത് പലരും വിസ്മരിക്കുന്നു. തീവ്രമായ മാനസിക സംഘര്‍ഷത്തിന് വിധേയരാണ് ഇവരില്‍ പലരും. പലപ്പോഴും മഠത്തിന്റെ ആവൃതിക്കുള്ളില്‍ ഈ വേദനകള്‍ ആരും അറിയാതെ കെട്ടടങ്ങുകയാണ്. മറ്റെവിടെയുമെന്നതുപോലെ അധികാരമത്സരവും അസൂയയും മോഹങ്ങളും മോഹഭംഗങ്ങളും തലമുണ്ടുകൊണ്ടു മൂടിയ തലയ്ക്കുള്ളില്‍ കാണാം. ഈ പംക്തിയില്‍ ഇവരുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുക.  
പോസ്റ്റ് ചെയ്തത് jos antony ല്‍ 6:47 AM http://img2.blogblog.com/img/icon18_edit_allbkg.gif

പെരുന്നാളുകള്‍


ഓശാനമാസികയുടെ ആദ്യലക്കത്തില്‍നിന്നുള്ള (1975 ഒക്ടോബര്‍ ലക്കം) ഈ ലേഖനം ഇന്നും പ്രസക്തമല്ലേ?

ജോസഫ് പുലിക്കുന്നേല്‍
(ക്രിസ്ത്യാനികള്‍ വിഗ്രഹങ്ങള്‍ക്കു ശക്തിയുണ്ടെന്നു വിശ്വസിക്കുന്നില്ല. എങ്കിലും നമ്മുടെ പള്ളിപ്പെരുന്നാളുകള്‍ അവരെ വിഗ്രഹാരാധകരാക്കി മാറ്റുന്നില്ലേ?)

വര്‍ഷകാലം കഴിയുന്നതോടെ കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ പെരുന്നാളുകളുടെ സീസണ്‍ ആരംഭിക്കുകയായി. ഏതെങ്കിലും പ്രത്യേക പള്ളിയിലെ പുണ്യവാളന്റേയോ പുണ്യവാളത്തിയുടേയോ അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്ക് സംലബ്ധമാക്കണമെന്ന് തീവ്രമായ ഉദ്ദേശ്യത്തോടുകൂടി പള്ളിക്കാര്യത്തില്‍നിന്നോ പ്രസുദേന്തിമാരില്‍നിന്നോ ഉള്ള പരസ്യങ്ങള്‍ പത്രങ്ങളിലും ബസ്സുകളിലും കണ്ടു തുടങ്ങുന്നു. പരസ്യങ്ങളില്‍, പെരുന്നാള്‍ ദിവസവും കച്ചവടത്തിനായി തറ ലേലം ചെയ്യുന്ന തീയതിയും സമയവും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. ഈ പെരുന്നാളുകളുടെ ചരിത്രപരമായ കാരണങ്ങളെയും കത്തോലിക്കാ വിശ്വാസത്തിനിവയുമായുള്ള ബന്ധങ്ങളെയുംപറ്റി യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികള്‍ ചിന്തിക്കുന്നത് ഉചിതമല്ലേ?


വിഗ്രഹങ്ങള്‍ക്ക് വിലക്ക്
ക്രൈസ്തവമതം ഏകദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന യഹൂദമതത്തരുവില്‍ വിരിഞ്ഞ സുന്ദരസൂനമത്രേ. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ബഹുദൈവവിശ്വാസത്തിലും വിഗ്രഹാരാധനയിലും മുഴുകിയിരുന്നപ്പോള്‍, ഏകദൈവവിശ്വാസം അചഞ്ചലമായി മുറുകെ പിടിക്കുകയാണ് യഹൂദജനത ചെയ്തത്. പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യമൊഴിച്ച് മറ്റൊന്നും, യഹൂദമതത്തിന്റെ,ദൈവവീക്ഷണത്തില്‍നിന്നു വ്യത്യസ്തമായി മിശിഹാ ക്രൈസ്തവവിശ്വാസികള്‍ക്ക് നല്‍കിയിട്ടില്ല. മനുഷ്യപാപങ്ങളുടെ പരിപൂര്‍ണ്ണമോചനത്തിനായി, ദൈവത്തിന്റെ ഏകജാതന്‍ ഭൂതലത്തില്‍ പിറന്ന്, രക്ഷാകരപ്രവര്‍ത്തനം നടത്തിയെന്ന് നാം വിശ്വസിക്കുന്നു. അത് അനിഷേധ്യമായ സത്യവും വിശ്വാസവുമാണ്. പഴയ നിയമത്തിന്റെ തുടര്‍ച്ച മാത്രമാണ് പുതിയ നിയമം. മോശെയ്ക്ക് ദൈവം നല്‍കിയ പ്രമാണങ്ങളാണ് പുതിയ നിയമത്തിന്റേയും പഴയ നിയമത്തിന്റേയും ആണിക്കല്ല്. പത്തു പ്രമാണങ്ങളില്‍ ഒന്നാമത്തേത് ഇങ്ങനെയാണ്. ''ഈജിപ്ത് നാട്ടില്‍നിന്ന്,അടിമത്തത്തിന്റെ നാട്ടില്‍നിന്ന് ,നിന്നെ പുറത്താക്കാനയച്ചവനും നിന്റെ ദൈവവുമായ കര്‍ത്താവ് ഞാനാകുന്നു. ഞാനല്ലാതെ വേറെ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ കീഴ്ഭൂമിയിലോ ഭൂമിക്കടയിലോ ജലത്തിലോ ഉള്ള യാതൊന്നിന്റേയും വിഗ്രഹമോ രൂപമോ നീ ഉണ്ടാക്കരുത്. നീ അവയെ ആരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്'' (പുറപ്പാട് 20:2-4). മിശിഹ പിറന്നകാലത്തും ഇന്നും ഈ അടിസ്ഥാനവിശ്വാസം യഹൂദരിലുണ്ട്. മനോഹരമായ യരൂശലേം ദേവാലയത്തില്‍പോലും ആദിപിതാവ് അബ്രഹാമിന്റെയോ,ഇസ്രായേലിന്റ കുലപതിയായ യാക്കോബിന്റേയോ, രൂപങ്ങള്‍ ഉണ്ടായിരുന്നില്ല. അത് ദേവാലയം മാത്രമായിരുന്നു.


വിഗ്രഹങ്ങള്‍ ക്രിസ്തുമതത്തിലേയ്ക്ക്
ക്രിസ്തുമതം ആദ്യകാലങ്ങളില്‍ വിഗ്രഹനിര്‍മ്മാണത്തിനും വിഗ്രഹാരാധനയ്ക്കും വിരുദ്ധമായ നിലപാടാണെടുത്തിട്ടുള്ളത്. മിശിഹായുടെ കല്‌നകളനുസരിച്ച് മോശെയുടെ പ്രമാണങ്ങളില്‍ മുറുകെ പിടിക്കാന്‍ ആദിമസഭ ജാഗരൂകരായിരുന്നു. ''വിഗ്രഹങ്ങള്‍ക്ക് ഒരു സ്ഥാനവും ഇല്ലെന്നും, ഏകദൈവമല്ലാതെ വേറൊരു ദൈവമില്ലെന്നും നിങ്ങള്‍ക്കറിയാല്ലോ? അകാശത്തിലും ഭൂമിയിലും ദേവന്മാരെന്നും കര്‍ത്താക്കളെന്നും പേരുള്ള പലരുമുണ്ടെങ്കിലും, പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളു. അവിടുന്നാണ് സമസ്തവും സൃഷ്ടിച്ചതും.
നാം അവിടുത്തേക്കായി ജീവിക്കേണ്ടവരുമാണ്. ഈശോമിശിഹായെന്ന ഏക കര്‍ത്താവേ നമുക്കുള്ളു. അവിടുന്നു വഴി സമസ്തവുമുണ്ടായി. അവിടുന്നുവഴി നാമും ആവിര്‍ഭവിച്ചു. എന്നാല്‍ എല്ലാവര്‍ക്കും ഒരു ബോധമില്ല, ചിലര്‍ ഇന്നും വിഗ്രഹാരാധനയില്‍ മുഴുകിയിരിക്കുകയാണ്'' (വി. പൗ. 1 കോറി. 8: 4-7). വിശുദ്ധ പൗലോസ് വിഗ്രഹങ്ങള്‍ സൃഷ്ടിക്കുന്നതിനെയും വിഗ്രഹാര്‍പ്പിതങ്ങള്‍ ഭക്ഷിക്കുന്നതിനേയും എതിര്‍ക്കുന്നുണ്ട്. റോമാസാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന റോമയില്‍ ജനങ്ങള്‍ വിഗ്രഹാരാധനക്കാരായിരുന്നു. ചക്രവര്‍ത്തിയുടെ വിഗ്രഹങ്ങള്‍വരെ നിര്‍മ്മിച്ച് പൂജിക്കുന്ന പതിവ് അവര്‍ക്കുണ്ടായിരുന്നു. റോമന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെട്ടതിനുശേഷം റോമയിലെ ജനങ്ങള്‍ ക്രിസ്തുമതത്തിലേക്ക് പ്രവഹിച്ചു. അന്ന് റോമില്‍ നിലവിലുണ്ടായിരുന്ന പ്രാകൃതമതം ക്രിസ്തുമതത്തെ സ്വാധീനിച്ചു. അതിന്റെ ഫലമാണ് ക്രിസ്തുമതത്തിലെ വിഗ്രഹങ്ങള്‍. ക്രൈസ്തവമത വിശ്വാസത്തിന്റെ ആണിക്കല്ലായ മോശെയുടെ അടിസ്ഥാനപ്രമാണങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് രൂപങ്ങള്‍ നിര്‍മ്മിച്ച് പള്ളികളില്‍ സ്ഥാപിക്കാന്‍ തുടങ്ങി.

ഹിന്ദുമതത്തില്‍
ഇന്ത്യയിലും അതുതന്നെയാണു സംഭവിച്ചത്. ഹിന്ദുമതവിശ്വാസമനുസരിച്ച് മന്ത്രങ്ങള്‍ കൊണ്ട് വിഗ്രഹങ്ങളില്‍ ശക്തി അവാഹിപ്പിച്ച് തേജസ്സുറ്റതാക്കിത്തീര്‍ക്കുന്നു. അവ കല്ലുകൊണ്ടോ പഞ്ചലോഹം കൊണ്ടോ അഞ്ജനക്കല്ലുകൊണ്ടോ, നിര്‍മ്മിച്ചതാണെങ്കിലും ശക്തിയുള്ളതായിത്തീരുന്നു. അങ്ങിനെയാണ് ഗുരുവായൂരപ്പനും ശബരിമല അയ്യപ്പനും ദൈവശക്തി ലഭിക്കുന്നതെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. ക്രിസ്ത്യാനികള്‍ക്ക് അങ്ങനെ ഒരു വിശ്വാസമില്ല. ഒരു പ്രത്യേകരൂപത്തിനു ശക്തിയുള്ളതായി ക്രിസ്തു മതവിശ്വാസത്തിലില്ല, മാത്രമല്ല, ഇത്തരം വിശ്വാസങ്ങള്‍ ക്രിസ്തുമതത്തിന്റെ ദൈവവീക്ഷണത്തിനു കടകവിരുദ്ധവുമാണ്.

അരീത്ര വെല്ലിച്ചനും ശബരിമല അയ്യപ്പനും
ക്രിസ്തുമതവീക്ഷണത്തില്‍ വിഗ്രഹങ്ങള്‍ക്കും രൂപങ്ങള്‍ക്കും ഒരു സ്ഥാനവുമില്ലെങ്കിലും നിര്‍ഭാഗ്യവശാല്‍ പ്രായോഗികമതത്തില്‍ ഇന്നു നില നേരേ മറിച്ചാണ്. പഴയ പള്ളികളിലുള്ള ചില വിശുദ്ധന്മാരുടെ രൂപങ്ങളോട് പ്രത്യേകമായ ഭക്തിയും വണക്കവും ഇന്ന് കേരളസഭയിലുണ്ട്. അതിരമ്പുഴയും അര്‍ത്തുങ്കലുമുള്ള ദേവസ്യാനോസ് പുണ്യവാളന്റെ രൂപം, എടത്വായിലും ഇടപ്പള്ളിയിലുമുള്ള ഗീവര്‍ഗീസ് സഹദായുടെ രൂപം, അരുവിത്തുറയിലുള്ള ഗീവര്‍ഗീസ് വല്ല്യച്ചന്റെ രൂപം,മയ്യഴിപ്പള്ളിയിലെ അമ്മത്രേസ്യയുടെ രൂപം - ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത രൂപങ്ങള്‍. ഇവയ്ക്ക് പ്രത്യേക ശക്തിയുള്ളതായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേര്‍ച്ചകാഴ്ചകള്‍ വാങ്ങുന്ന സമ്പ്രദായം നിര്‍ഭാഗ്യവശാല്‍ ഇന്നു നിലവിലുണ്ട്. ധീരോദാത്തമായ പുണ്യജീവിതംകൊണ്ട് ആത്മസാക്ഷാത്ക്കാരം നേടിയവരാണ് ഈ വിശുദ്ധന്മാര്‍. എന്നാല്‍ തടികൊണ്ടോ കളിമണ്ണുകൊണ്ടോ നിര്‍മ്മിച്ച ഒരു പ്രതിമയ്ക്ക് എന്തെങ്കിലും ശക്തിയുണ്ടെന്നു പ്രചരിപ്പിക്കുന്നത് അജ്ഞരായ ജനങ്ങളെ ചൂഷണം ചെയ്യലാണ്; ക്രൈസ്തവമതവിരുദ്ധമാണ്. എടത്വായിലെ പുണ്യാളനും, അരീത്രവ ല്യച്ചനും നേര്‍ച്ചയിട്ടില്ലെങ്കില്‍ അവര്‍ പാമ്പിനെ അയയ്ക്കുമെന്ന ഭയം ജനങ്ങളില്‍ സൃഷ്ടിക്കുന്നു. ദേവസ്യാനോസ് പുണ്യവാളന് നേര്‍ച്ചകാഴ്ചകള്‍ നല്‍കിയില്ലെങ്കില്‍ അദ്ദേഹം നാട്ടില്‍ 'വസന്ത' വിതയ്ക്കുമെന്നു ഭയപ്പെടുത്തുന്നു. അങ്ങിനെ നേര്‍ച്ചകാഴ്ചകള്‍ ലഭിച്ചില്ലെങ്കില്‍ മനുഷ്യദ്രോഹം ചെയ്യുന്ന ക്ഷൂദ്രബുദ്ധികളാണ് ഈ വിശുദ്ധന്മാരെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കൈക്കൂലി കൊടുത്തില്ലെങ്കില്‍ മനുഷ്യരെ തല്ലുന്ന പോലീസുകാരന്റെയും, കൈക്കൂലി കൊടുത്തില്ലെങ്കില്‍ പ്ലാന്റേഷന്‍ നികുതി വര്‍ദ്ധിപ്പിക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെയും നിലയിലേക്ക് പുണ്യചരിതരായ ഈ വിശുദ്ധന്മാരെ നാം അധഃപതിപ്പിക്കുകയാണ്. ഇത് ആ പുണ്യാത്മാക്കളോടു ചെയ്യുന്ന അപരാധമത്രെ. ഓരോ കാര്യസാധ്യത്തിനായി ഓരോ പുണ്യവാളനും സ്വര്‍ഗത്തില്‍ 'പോര്‍ട്ടു ഫോളിയോ' നിശ്ചയിച്ചിട്ടുണ്ടെന്നു തോന്നു പ്രചരണങ്ങളുടെ പോക്കു കണ്ടാല്‍. തന്റെ തിരുസൂതന്റെ രക്തം കൊണ്ട് മനുഷ്യവര്‍ഗത്തെ രക്ഷിച്ച സ്‌നേഹസ്വരൂപനും സകല നന്മസ്വരൂപനുമായ ദൈവത്തെ സ്വാധീനിക്കുന്നതിന് പണവും നേര്‍ച്ച കാഴ്ചകളും വാങ്ങി ശിപാര്‍ശ ചെയ്യുന്ന നാലാംകിട രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് ഇന്ന്  പുണ്യവാന്മാരെ നാം അധഃപതിപ്പിച്ചുവെന്നത് ജൂഗുപ്‌സാവഹമാണ്. ശബരിമലയ്ക്ക് ശരണം വിളിച്ചുപോകുന്ന അയ്യപ്പഭക്തനെ നമുക്ക് ന്യായീകരിക്കാം. കാരണം ശബരിമല ധര്‍മ്മശാസ്താവിന്റെ വിഗ്രഹം ശക്തിയും തേജസ്സുമുറ്റതാണെന്ന് ആ തീര്‍ത്ഥാടകന്‍ വിശ്വസിക്കുന്നു. എന്നാല്‍ ക്രിസ്തുവിന്റെ പഠനം അതില്‍നിന്നു വ്യത്യസ്തമാണ്.'സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഏകനും ആദിയും അന്തവുമില്ലാത്തവനുമായ പിതാവാകുന്നു. ആ പിതാവിന്റെ ഇഷ്ടം നിറവേറ്റല്‍ മാത്രമായിരുന്നു മിശിഹായുടെ കര്‍മ്മസരണി. അവിടെ വിഗ്രഹങ്ങള്‍ക്കോ രൂപങ്ങള്‍ക്കോ സ്ഥാനമില്ല.

തെറ്റിദ്ധരിപ്പിക്കല്‍
ക്രൈസ്തവമതത്തിന്റെ അന്തര്‍ധാര ഇതായിരിക്കെ ഇത്തരം മതവിരുദ്ധമായ ഭക്തിപ്രസ്ഥാനങ്ങളുടെ ഉറവിടങ്ങള്‍ എവിടെയാണെന്നു കണ്ടെത്തേണ്ടതല്ലേ? കന്യാവ്രതത്തിനന്തരം വരാതെ മനുഷ്യപുത്രനെ ജനിപ്പിച്ച പുണ്യപൂര്‍ണ്ണയാണ് മറിയം. അവള്‍ ഒന്നേയുള്ളു. എന്നാല്‍ ഭക്തി പസ്ഥാനം സൃഷ്ടിക്കുന്നവര്‍ക്ക് പരിശുദ്ധ മറിയം പലതാണ്. കര്‍മ്മല മാതാവ്, കൊന്ത മാതാവ്, വെന്തിങ്ങ മാതാവ്, ലൂര്‍ദ്ദ് മാതാവ്, ഫാത്തിമാ മാതാവ്, പാറേ മാതാവ്, അമലോത്ഭവ മാതാവ്, കൊരട്ടിമുത്തി,കുറവിലങ്ങാട്ടുമാതാവ്, നിത്യസഹായമാതാവ് - ഇങ്ങനെ പോകുന്നു ഭക്തിപ്രസ്ഥാനത്തിന് കേന്ദ്രമായ 'മാതാവു'മാര്‍-ഓരോ മാതാവിനും പ്രത്യേകം ഭക്തികളുണ്ട്. പാലായിലെ നിത്യസഹായ മാതാവിന്റെ പടം അച്ചടിച്ച അതേ പ്രസ്സിലാണ് എറണാകുളത്തെ നിത്യസഹായ മാതാവിന്റെ പടവും അടിച്ചതെങ്കിലും പാലായിലെ നിത്യസഹായമാതാവിന്റെ അത്ഭുതകരമായ സിദ്ധികളെക്കുറിച്ചാണ് ചിലര്‍ക്ക് വിശ്വാസം. (ഈ വിശ്വാസങ്ങള്‍ പ്രചരണമാധ്യമത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ്). വ്യക്തമായ വിഗ്രഹാരാധന തന്നെ. കിഴപറയാര്‍ പള്ളിയിലെ ഗീവറുഗീസ് പുണ്യവാനു ശക്തിയില്ല, പാമ്പിനെ അയയ്ക്കാന്‍ ധീരതയില്ല.  എടത്വായിലും ഇടപ്പള്ളിയിലും അരുവിത്തുറ പള്ളിയിലുമുള്ള ഗീവറുഗീസ് സഹദാമാര്‍ ധീരന്മാരും ഭയങ്കരന്മാരുമാണ്. പാമ്പിനെ അയയ്ക്കും, കളവ് തെളിയിക്കും. കൂത്രപള്ളിയിലെ യൂദാ തദേവൂസ് പുണ്യവാളനു ശക്തിയില്ല. എന്നാല്‍ തേവരയിലെ യൂദാ തദേവൂസ് അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥതയില്‍ വിദഗ്ദ്ധനാണ്. ജനങ്ങളെ അങ്ങനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു.

പണം ലക്ഷ്യം
ഓരോ പള്ളിയുടെയും പണസമ്പാദന വ്യഗ്രതയാണ് ഈ വിഗ്രഹാരാധനയുടെ പിന്നിലെന്നു തോന്നുന്നു. ഗീവര്‍ഗീസ് പുണ്യവാളന്റെ ജീവിത വിശുദ്ധിയെക്കുറിച്ച് വിശ്വാസികള്‍ക്ക് ഉറപ്പുണ്ടായാല്‍ മാത്രം പോരാ അരീത്രയിലേയും എടത്വായിലേയും 'വെല്ലിച്ചന്മാരെ'ക്കുറിച്ച് ഭയഭക്തി ബഹുമനങ്ങളുണ്ടായാലേ ആ പള്ളികള്‍ക്ക് കാശുണ്ടാകുകയുള്ളു. അങ്ങനെ ഓരോ പള്ളിയും പ്രത്യേകം പ്രത്യേകം രൂപങ്ങള്‍വെച്ച് പെരുന്നാളുകള്‍ നടത്തി നേര്‍ച്ചകാഴ്ചകള്‍ നേടുന്നു.
കരിമരുന്നു പ്രയോഗത്തോടെയും മറ്റും പെരുന്നാളുകള്‍ കെങ്കേമമായി കൊണ്ടാടുന്നതിന്റെ ലക്ഷ്യം, നിര്‍ഭാഗ്യവശാല്‍, പണമാണ്. ഈ കൊട്ടിന്റെയും, കുരവയുടെയും ഇടയില്‍ 'സിനായി' മലമുകളില്‍ മൂശകേട്ട ദൈവത്തിന്റെ ശബ്ദം നിഷ്ഫലമാകുന്നു. ''മുകളില്‍ ആകാശത്തിലോ കീഴ്ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള യാതൊന്നിന്റേയും വിഗ്രഹമോ രൂപമോ നീ ഉണ്ടാക്കരുത്. നീ അവയെ ആരാധിക്കുകയോ സേവിക്കയോ ചെയ്യരുത്''.

അഭിനവ അഹറോന്മാര്‍
എല്ലാമറിയാവുന്ന സഭാധികാരികള്‍പോലും ഇന്ന്, ഈ അസാധാരണമായ'വിഗ്രഹഭക്തി'യേക്കുറിച്ച് മൗനം ദീക്ഷിക്കുകയാണ്. ജനങ്ങളുടെ ആവശ്യപ്രകാരം, വന്ദനത്തിനായി പൊന്‍കാളക്കുട്ടിയെ വാര്‍ത്തുകൊടുത്ത പുരോഹിതനായ അഹറോനേപ്പോലെ ജനത്തേ ഭയപ്പെടുന്നു! നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ.

ഇടനിലക്കാരന്‍ എന്തിന്?
ക്രിസ്തു നമുക്കു കാണിച്ചു തന്ന ദൈവം സ്‌നേഹസമ്പന്നനാണ്. പറുദീസായില്‍ വെച്ച് കൃതഘ്‌നനായ ആദിപിതാവ് പാപം ചെയ്തിട്ടുപോലും, മനുഷ്യവര്‍ഗ്ഗത്തെ വീണ്ടെടുക്കുന്നതിന് സ്വയം സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിയിലിറങ്ങി തന്നെത്തന്നെ ബലിയായി അര്‍പ്പിച്ച സ്‌നേഹസ്വരൂപന്‍! മനുഷ്യനായി പിറന്ന ദൈവപുത്രന്‍, തന്റെ നന്മപ്രവര്‍ത്തികള്‍ക്ക് നേര്‍ച്ചയും കാഴ്ചയും ആവശ്യപ്പെട്ടില്ല. ആ സകലനന്മസ്വരൂപിയും സ്‌നേഹനിധിയുമായ മനുഷ്യപുത്രനോട് നമ്മുടെ ആവശ്യങ്ങള്‍ ചോദിക്കാന്‍ ഒരു ഇടനിലക്കാരന്റെയും ശുപാര്‍ശക്കാരന്റെയും ആവശ്യമുണ്ടോ?

''കിഴവിയുടെ അര്‍ത്ഥശൂന്യമായ കെട്ടുകഥകളില്‍ നിന്നും ഒഴിഞ്ഞ് നീതിയില്‍ നിന്നെത്തന്നെ പരിശീലിപ്പിക്കുക'' (തിമോ. 1-4:7) എന്ന പൗലോസിന്റെ വാക്യം എത്ര അര്‍ത്ഥപൂര്‍ണ്ണമാണ്.

ദൈവനിവേശിതമായ വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ ശ്രവിച്ചാലും:''ലോകവും അതിലുള്ള സമസ്തവും നിര്‍മ്മിച്ച ദൈവം സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടേയും നാഥനായിരിക്കയാല്‍ മനുഷ്യനിര്‍മ്മിതമായ ആലയങ്ങളില്‍ വസിക്കുന്നില്ല. സകല മനുഷ്യര്‍ക്കും ജീവനും ശ്വാസവും, എന്നല്ല സമസ്തവും നല്‍കുന്നത് അവിടുന്നാണ്. തന്‍നിമിത്തം അവിടുത്തേയ്ക്ക് യാതൊന്നിനും കുറവില്ല. ആകയാല്‍ മനുഷ്യകരങ്ങളുടെ സേവനം ആവശ്യമില്ല. ദൈവത്തില്‍ നാം ജീവിക്കുന്നു, ചരിക്കുന്നു. നമ്മുടെ അസ്തിത്വവും അവിടുന്നു തന്നെ.... അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളാണെങ്കില്‍ മനുഷ്യര്‍ തന്റെ കലാവൈഭവവും സങ്കല്പശക്തിയുംകൊണ്ട് അവിടുത്തെ രൂപം കല്ലിലോ, സ്വര്‍ണ്ണത്തിലോ,വെള്ളിയിലോ പ്രതിഫലിപ്പിക്കാമെന്ന് വിചാരിക്കരുത്. അജ്ഞതയുടെ ഈ കാലഘട്ടത്തെ അവിടുന്ന് അവഗണിച്ചിരിക്കുന്നു.'' (നടപടി 17: 24-27)

തെറ്റുകള്‍ തിരുത്തുക.
സാമൂഹ്യമായ ഒരു ചടങ്ങെന്ന നിലയില്‍ പെരുന്നാളുകള്‍, നടത്തുന്നതില്‍ തെറ്റില്ലായിരിക്കാം. വാണിജ്യം ഇന്നത്തേതുപോലെ വികസിക്കാതിരുന്ന കാലഘട്ടത്തില്‍ പെരുന്നാള്‍ സ്ഥലം, സാധനസാമഗ്രികള്‍ വാങ്ങുന്നതിനുള്ള ഒരു കച്ചവടകേന്ദ്രമായും കരുതിപ്പോന്നു. ഒരു സമൂഹസ്ഥാപനമെന്ന നിലയില്‍ പള്ളിക്ക് അതും അനുവദനീയമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്ന് ''അത്ഭുത പ്രവര്‍ത്തകനായ ........ പളളിയിലെ പുണ്യവാളന്റെ അനുഗ്രഹങ്ങള്‍ നേടുന്നതിനുവേണ്ടി ..... പെരുന്നാള്‍'' എന്ന് പത്രത്തില്‍ പരസ്യം ചെയ്യുമ്പോള്‍, അത് എല്ലാ സാമൂഹിക ആവശ്യങ്ങളെയും മറികടന്ന് വിഗ്രഹാരാധനയുടെ മുറ്റത്ത് നമ്മെ എത്തിക്കുന്നു. അത് ക്രൈസ്തവരുടെ മതവീക്ഷണത്തിനും ദൈവവീക്ഷണത്തിനും കടകവിരുദ്ധമായ വിഗ്രഹാരാധനയുടെ വിലക്കപ്പെട്ട മേഖലയിലേക്കു നമ്മെ നയിക്കുന്നു. ഇത് പൂര്‍ണ്ണമായും വര്‍ജ്ജിക്കേണ്ടതാണ്. നേര്‍ച്ചകാഴ്ചകള്‍ കൊണ്ട് പ്രീണിപ്പിക്കാന്‍ കഴിയുന്ന പുണ്യവാളന്മാരോ, ദൈവമോ ഉണ്ട് എന്ന് ക്രൈസ്തവര്‍ക്ക് വിശ്വസിക്കാന്‍ സാദ്ധ്യമല്ല. ഇത്തരം വിശ്വാസങ്ങള്‍ പ്രമാണങ്ങളുടെ കടുത്ത ലംഘനമാണ്.

(വിശുദ്ധന്മാര്‍, ആഘോഷങ്ങള്‍, അന്ധവിശ്വാസം, ക്രിസ്തു, പ്രമാണലംഘനം)




പ്രാവര്‍ത്തിക ആത്മീയതയും കപട ആത്മീയതയും


ഓശാന മാസികയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ലേഖനങ്ങളും 
ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 
ഇന്ന് 2012 ഒക്ടോബര്‍ലക്കത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലാണ്.

ജോസഫ് പുലിക്കുന്നേല്‍

ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് എന്റെ സഹപാഠിയായിരുന്ന ഒരു സുഹൃത്ത് സമയം കിട്ടുമ്പോഴെല്ലാം സ്‌കൂളിനടുത്തുള്ള പള്ളിയിലേക്കു പോകും. ഉച്ചയ്ക്ക് ഊണു കഴിഞ്ഞാല്‍ പള്ളിയില്‍പോയി മുട്ടില്‍നിന്ന് ദീര്‍ഘനേരം പ്രാര്‍ഥിക്കും. ഈ പ്രാര്‍ഥനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കണ്ണ് പകുതി അടഞ്ഞിരിക്കും. ഇടയ്ക്കിടയ്ക്ക് മുന്നോട്ടാഞ്ഞു നമസ്‌കരിച്ച് തല ഭൂമിയില്‍ മുട്ടിക്കും. അദ്ദേഹത്തിന്റെ പ്രകടനാത്മകമായ ഈ ആദ്ധ്യാത്മികത കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അയാള്‍ക്ക് അധികം കൂട്ടുകാരൊന്നുമില്ല. ഭക്തി കാര്യങ്ങള്‍ പറയുന്നതില്‍ അദ്ദേഹം എപ്പോഴും തല്പരനായിരുന്നു. എന്തോ, അദ്ദേഹത്തിനെന്നോടും എനിക്ക് അയാളോടും സ്‌നേഹമായിരുന്നു.

എസ്.എസ്.എല്‍.സി. കഴിഞ്ഞ് അദ്ദേഹം ഉപരിപഠനത്തിനുപോയിഎന്നറിഞ്ഞു. വളരെക്കാലങ്ങള്‍ക്കുശേഷം ഞാന്‍ അദ്ദേഹത്തെ പാലായില്‍വെച്ചു കണ്ടു. സുഖവിവരങ്ങള്‍ അന്വേഷിച്ചു. അദ്ദേഹം കോര്‍പ്പറേറ്റ് മാനേജ്‌മെന്റില്‍നിന്നും ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. എന്നെ ഇന്ത്യന്‍ കോഫി ഹൗസിലേക്കു ക്ഷണിച്ചു. സംസാരത്തിനിടയില്‍ മനസ്സിലായി. അദ്ദേഹം പൂര്‍ണനായ ഒരു എത്തിസ്റ്റാണെന്ന്. അദ്ദേഹം ഓശാന വായിക്കാറുണ്ട്. എന്നെ അഭിനന്ദിച്ചു. എനിക്ക് അത്ഭുതം തോന്നി. ഞാന്‍ അദ്ദേഹത്തിന്റെ പൂര്‍വകാല പ്രാര്‍ഥനാരീതിയെ അനുസ്മരിച്ചു. എന്നോടു പറഞ്ഞു.''ജോസഫേ അതൊക്കെ ഒരു അഭിനയം അല്ലായിരുന്നോ?'' ഈ അഭിനയത്തിലാണ് ഞാന്‍ രക്ഷപെട്ടതും എനിക്ക് അധ്യാപക ജോലി കിട്ടിയതും. 

കപട ആദ്ധ്യാത്മിക പ്രകടനംകൊണ്ട് അദ്ദേഹം എല്ലാവരേയും വഞ്ചിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു:
 'അന്നും താങ്കള്‍ ഒരു നാസ്തികനായിരുന്നോ?' അദ്ദേഹം പറഞ്ഞു: 'സംശയം എന്തിന്. 'സഭ മുഴുവന്‍ ഒരുതരം കളിപ്പീരാണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാനും കളിപ്പിക്കാന്‍ തീരുമാനിച്ച് ആദ്ധ്യാത്മികനായി.' കാപ്പി കുടിച്ച് ഞങ്ങള്‍ പിരിഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇങ്ങനെ രണ്ടു മൂന്ന് അനുഭവങ്ങള്‍ എനിക്കുണ്ട്. ആത്മീയമായ കപടപ്രകടനംകൊണ്ട് കാര്യം നേടുന്ന പലരേയും ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ അതീവ ബുദ്ധിമാന്മാരാണ്. അവരിലൊരാള്‍ എന്നോടു പറഞ്ഞു: 'ഈ അച്ചന്മാരെല്ലാം കാണിക്കുന്നത് ആത്മാര്‍ഥതയോടെയാണെന്ന് താന്‍ വിശ്വസിക്കുന്നുണ്ടോ?വയറ്റിപ്പിഴപ്പിനുള്ള ഒരു അഭിനയം മാത്രമാണ്.'

നൂറു ശതമാനവും ഇത് സത്യമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കുര്‍ബാന ചൊല്ലുമ്പോള്‍ ഭക്തി പാരവശ്യംമൂത്ത് മനുഷ്യരെ പറ്റിക്കാന്‍ ഉറക്കെ പ്രാര്‍ഥിക്കുന്നവരുണ്ട്. ഒരു അച്ചന്റെ സംഗീതാത്മകമായ പ്രാര്‍ഥന കേട്ട് എനിക്ക് ചിരിവന്നിട്ടുണ്ട്. അതിങ്ങനെ പോകുന്നു.''പരിശുദ്ധനായയയയയയയ കര്‍ത്താാാാാ േേേേേവേ അേേേേേങ്ങേ'' ഭക്തിപാരവശ്യം പ്രകടമാക്കി നടത്തുന്ന ഈ പ്രാര്‍ഥന കേള്‍ക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ ഉന്നത ആദ്ധ്യാത്മികതയെക്കുറിച്ച് ബഹുമാനംതോന്നും. പക്ഷേ അടുത്തു പരിചയപ്പെടുമ്പോഴാണ് അതും ഒരു അഭിനയമായി നമുക്കു തോന്നുക.

കപടനാട്യക്കാരായ ഇത്തരം ഭക്തന്മാരെയാണ് യേശു ഏറ്റവും ശക്തമായി അപലപിച്ചത്. മത്തായി 23-ാം അധ്യായത്തില്‍ യേശു അപലപിക്കുന്ന എല്ലാ കപട ആദ്ധ്യാത്മികതയും ഇന്ന് കത്തോലിക്കാസഭയില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുകയാണ്.

''യേശു ജനക്കൂട്ടത്തോടും ശിഷ്യന്മാരോടും പറഞ്ഞു: 'വേദജ്ഞരും ഫരിസേയരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു. അതുകൊണ്ട് അവര്‍ നിങ്ങളോടു പറയുന്നവ ശ്രദ്ധിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. പക്ഷേ, അവര്‍ ചെയ്യുന്നതു നിങ്ങള്‍ പ്രമാണമാക്കരുത്, കാരണം, അവര്‍ പ്രസംഗിക്കുന്നത് അവര്‍ ചെയ്യുന്നില്ല. അവര്‍ ദുര്‍വഹമായ ചുമടുകള്‍ കെട്ടുന്നു; അവ മനുഷ്യരുടെ ചുമലില്‍ വയ്ക്കുന്നു. എന്നാല്‍ തങ്ങളുടെ വിരല്‍കൊണ്ടുപോലും സഹായിക്കാന്‍ അവര്‍ ഒരുക്കമല്ല. അവര്‍ ചെയ്യുന്നതെല്ലാം മനുഷ്യരെ കാണിക്കാന്‍വേണ്ടിയാണ്. അവര്‍ തിരുവചനങ്ങള്‍ എഴുതിയ നെറ്റിപ്പട്ടങ്ങള്‍ക്കു വീതി കൂട്ടുന്നു; മേലങ്കിയിലെ തൊങ്ങലുകള്‍ക്കു നീളം കൂട്ടുന്നു; അവര്‍ വിരുന്നുകളില്‍ മുഖ്യസ്ഥാനവും സുനഗോഗുകളില്‍ ഏറ്റം മികച്ച ഇരിപ്പിടവും ചന്തസ്ഥലങ്ങളില്‍ അഭിവാദനവും മനുഷ്യരില്‍ നിന്നു 'ഗുരോ' എന്ന സംബോധനയും മോഹിക്കുന്നു.'' (മത്താ. 23 : 1-7) 



1.
യേശു പറഞ്ഞത്
''പിതാവ് എന്നു വിളിക്കപ്പെടരുത്.'' (മത്താ. 23: 8)

ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
സഭയില്‍ പരിശുദ്ധ പിതാവും വലിയ പിതാവും കൊച്ചു പിതാവും കുഞ്ഞു പിതാവും ആയിക്കഴിഞ്ഞു?!! 
2.
യേശു പറഞ്ഞത്
 ''നിങ്ങള്‍ സ്വര്‍ഗരാജ്യം മനുഷ്യരുടെമുന്നില്‍ അടച്ചു കളയുന്നു. നിങ്ങള്‍ അവിടെ പ്രവേശിക്കുന്നില്ല, പ്രവേശിക്കാന്‍ തുനിയുന്നവരെ അതിന് അനുവദിക്കുന്നതുമില്ല. വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! ഒരൊറ്റയാളെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ വേണ്ടി നിങ്ങള്‍ കടലിലും കരയിലും സഞ്ചരിക്കുന്നു. മതപരിവര്‍ത്തനം കഴിഞ്ഞാല്‍ അയാളെ നിങ്ങളെക്കാള്‍ ഇരട്ടിയായി നരകത്തിന് അര്‍ഹനാക്കിത്തീര്‍ക്കുന്നു.

 ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
പിരിവു കൊടുത്തില്ലെങ്കില്‍ കല്യാണം കഴിപ്പിക്കില്ല, മരിച്ചടക്കില്ല. ദശാംശം കൊടുക്കണം. എല്ലാക്കൊല്ലവും വീടു വെഞ്ചരിക്കണം. അതിനു പണം കൊടുക്കണം. വടക്കേ ഇന്ത്യയില്‍ വിദ്യാഭ്യാസമില്ലാത്തവരെ മാമ്മോദീസ മുക്കുന്നതിന് മിഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഓടുന്നു. ഇവിടെയുള്ള ആരെയും മാനസാന്തരപ്പെടുത്താന്‍ ആരും പരിശ്രമിക്കാറില്ല. കാരണം ഇവിടെയുള്ളവര്‍ക്കെല്ലാം ബു ദ്ധിയും ബോധവുമുണ്ടെന്ന് അവര്‍ ക്കറിയാം.
കേരളത്തില്‍ 19-ാം നൂറ്റാണ്ടില്‍ മാമ്മോദീസ മുക്കാന്‍ വെള്ളവുമായി നമ്മുടെ അച്ചന്മാര്‍ നടന്നു. മുക്കിയതിനുശേഷം അവരെ പൂര്‍ ണമായും അവഗണിച്ചു. ഭൗതിക ജീവിതത്തില്‍ അവര്‍ക്കു പലതും നഷ്ടപ്പെടുത്തിയെങ്കിലും പുരോഹിതര്‍ സ്വര്‍ഗം വാഗ്ദാനം ചെയ്തു!

3.
യേശു പറഞ്ഞത് 
അന്ധരായ വഴികാട്ടികളേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പറയുന്നു:''ദേവാലയത്തെക്കൊണ്ട് ആണയിട്ടാല്‍ സാരമില്ല. ദേവാലയത്തിലെ സ്വര്‍ണത്തെക്കൊണ്ട് ആണയിട്ടാല്‍ ആ ശപഥം നിറവേറ്റാന്‍ കടപ്പാടുണ്ട്''. അന്ധരായ മൂഢരേ, ഏതാണു വലുത്; സ്വര്‍ണമോ സ്വര്‍ണത്തെ വിശുദ്ധമാക്കുന്ന ദേവാലയമോ? നിങ്ങള്‍ പറയുന്നു: ബലിപീഠത്തെക്കൊണ്ട് ആണയിട്ടാല്‍ സാരമില്ല. ബലിപീഠത്തില്‍ ഇരിക്കുന്ന വഴിപാടിനെക്കൊണ്ട് ആണയിട്ടാല്‍ അതു നിറവേറ്റാന്‍ കടപ്പാടുണ്ട്.''

ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
തീര്‍ഥാടനകേന്ദ്രങ്ങള്‍ നിര്‍മിച്ച് സ്വര്‍ണം കൊണ്ട് ബലിപീഠത്തെ അലങ്കരിക്കുന്നു. ദൈവത്തിന് സ്വര്‍ണം ഇഷ്ടമാണെന്ന് ജനങ്ങളെ ധരിപ്പിക്കുന്നു. പൊന്നും വെള്ളിയും ഇല്ലായെന്നു പറഞ്ഞ പത്രോസിന്റെ അനുയായികള്‍ പൊന്നിന്‍നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നു.
4.
യേശു പറഞ്ഞത് 
അന്ധരായ മനുഷ്യരേ, ഏതാണു വലുത്: വഴിപാടോ അതിനെ വിശുദ്ധമാക്കുന്ന ബലിപീഠമോ? ബലിപീഠത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതില്‍ ഇരിക്കുന്ന എല്ലാറ്റിനെക്കൊണ്ടുമാണ് ആണയിടുന്നത്. ദേവാലയത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതിന്നുള്ളില്‍ വസിക്കുന്നവനെക്കൊണ്ടുമാണ് ആണയിടുന്നത്. സ്വര്‍ഗത്തെക്കൊണ്ട് ആണയിടുന്നവന്‍ ദൈവസിംഹാസനത്തെക്കൊണ്ടും അതില്‍ ഇരിക്കുന്നവനെക്കൊണ്ടുമാണ് ആണയിടുന്നത്.

ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
മനുഷ്യരെ അന്ധരാക്കി വഴിപാടുകള്‍ വാങ്ങുന്നു. ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നു. കോഴിയെ ഗീവര്‍ഗീസ് പുണ്യവാളന്റെ പേരില്‍ റോഡിലിട്ട് കൊന്ന് കടപ്പാട് തീര്‍ക്കുന്നു. (ഇടപ്പള്ളി)
5.
യേശു പറഞ്ഞത് 
'വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! തുളസി, ചതകുപ്പ, ജീരകം ഇവയുടെ ദശാംശം നിങ്ങള്‍ കൊടുക്കുന്നു. പക്ഷേ, നിയമത്തിലെ കൂടുതല്‍ കനപ്പെട്ട കാര്യങ്ങളായ നീതി, കരുണ,വിശ്വാസം എന്നിവയെ അവഗണിക്കയും ചെയ്യുന്നു. ഇവയാണ്,മറ്റുള്ളവയെ അവഗണിക്കാതെതന്നെ, നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. അന്ധരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചു നീക്കുന്നു;ഒട്ടകത്തെ വിഴുങ്ങുന്നു.    

ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
അന്നത്തെ കപടനാട്യക്കാരായ വേദജ്ഞരും ഫരിസേയരും ചതകുപ്പയില്‍നിന്നും തുളസിയില്‍ നിന്നും ദശാംശം കൊടുത്തിരുന്നു. ഇന്നത്തെ പുരോഹിതര്‍ അതും കൊടുക്കുന്നില്ല. മറ്റുള്ളവരുടെ ദശാംശം വാങ്ങി സുഖിച്ചു ജീവിക്കുന്നു. എന്തും ചെയ്യാന്‍ ഉളുപ്പില്ലാത്തവരാണ് ഇന്നത്തെ പുരോഹിതരെന്ന് ആര്‍ക്കുമറിയാം.
6.
യേശു പറഞ്ഞത് 
'വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ചഷകങ്ങളുടെയും തളികകളുടെയും പുറം വൃത്തിയാക്കുന്നു. എന്നാല്‍ അവയുടെ അകംകൊള്ളയും അത്യാര്‍ത്തിയും കൊണ്ടു നിറഞ്ഞിരിക്കുന്നു. അന്ധനായ ഫരിസേയാ, ആദ്യം ചഷകങ്ങളുടെയും തളികകളുടെയും അകം വൃത്തിയാക്കുക. അപ്പോള്‍ അവയുടെ പുറവും വൃത്തിയായിക്കൊള്ളും.

ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
ഇന്നത്തെ പുരോഹിതരും ഇതുതന്നെയല്ലെ ചെയ്യുന്നത്.
7.
യേശു പറഞ്ഞത് 
'വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളപൂശിയ ശവക്കല്ലറകള്‍ക്കു തുല്യരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നു; എന്നാല്‍ അവയ്ക്കുള്ളില്‍, മരിച്ചവരുടെ എല്ലുകളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നു. അങ്ങനെതന്നെ,മനുഷ്യര്‍ക്കു നിങ്ങളും പുറമേ നീതിമാന്മാരായി കാണപ്പെടുന്നു. എന്നാല്‍ നിങ്ങളുടെ ഉള്ളില്‍ കാപട്യവും അപരാധവും നിറഞ്ഞിരിക്കുന്നു.


ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
നിങ്ങള്‍ ളോഹയിടുന്നു. അതിനുമുകളില്‍ സ്വര്‍ണനിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു. അരയില്‍ ചുമന്ന കെട്ടും തലയില്‍ കിരീടവും വയ്ക്കുന്നു. ഇതെല്ലാം യേശുവിന്റെ പേരില്‍. സാധാരണ ജനങ്ങളെ കബളിപ്പിക്കുന്നതിന് ഭക്തിയെക്കുറിച്ച് പറയുന്നു. ധ്യാനമന്ദിരങ്ങള്‍ പണിയുന്നു. ജനങ്ങളെ ചൂഷണം ചെയ്യുന്നു. 
8.
യേശു പറഞ്ഞത് 
'വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകര്‍ക്കു ശവക്കല്ലറകള്‍ നിര്‍മിക്കുന്നു. നീതിമാന്മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുന്നു. എന്നിട്ടു നിങ്ങള്‍ പറയുന്നു; ''ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്തു ഞങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍ ഈ പ്രവാചകരുടെ രക്തം ചിന്താന്‍ അവര്‍ക്കു ഞങ്ങള്‍ കൂട്ടുനില്ക്കുമായിരുന്നില്ല.'' അങ്ങനെ പ്രവാചകരെ വധിച്ചവരുടെ സന്താനങ്ങളാണ് നിങ്ങള്‍ എന്നു നിങ്ങള്‍ക്ക് എതിരെ നിങ്ങള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് നിങ്ങളുടെ പിതാക്കന്മാര്‍ തുടങ്ങിവച്ച ജോലി പൂര്‍ത്തിയാക്കിക്കൊള്ളൂ.

ഇന്ന് പുരോഹിതര്‍ അനുഷ്ഠിക്കുന്നത്
അല്‍ഫോന്‍സാമ്മയുടെ ധീരമായ സഹനത്തെക്കുറിച്ച് പറയുന്നു. കാവുകാട്ട് മെത്രാന്റെ ഭക്തിയെക്കുറിച്ചു പറയുന്നു. തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ അവശക്രൈസ്തവര്‍ക്കുവേണ്ടി ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിക്കുന്നു. അവരെയെല്ലാം നിങ്ങളുതന്നെയാണ് പീഡിപ്പിച്ചത്. അല്‍ഫോന്‍സാമ്മയെ പീഡിപ്പിച്ചു. നിങ്ങളോട് ശരിയായതു പറഞ്ഞവരെ നിങ്ങള്‍ ശിക്ഷിച്ചു. പിന്നീട് അവരുടെ കല്ലറകള്‍ അലങ്കരിച്ച് തീര്‍ഥാടന കേന്ദ്രങ്ങളാക്കി മാറ്റി പണം വാരുന്നു.
ആരോടും കണക്കു പറയുന്നില്ല. അല്‍ഫോന്‍സാമ്മയുടെ സഹനത്തെക്കുറിച്ച് പ്രസംഗിക്കുമ്പോഴും ഈ പ്രസംഗകന്‍ ഒന്നും സഹിക്കാന്‍ തയ്യാറല്ല.

യേശു പറഞ്ഞത്

9. സര്‍പ്പങ്ങളേ, അണലിസന്തതികളേ, നരകശിക്ഷയില്‍നിന്നു നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും? അതുകൊണ്ട് പ്രവാചകരെയും ജ്ഞാനികളെയും വേദജ്ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കു നിയോഗിക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ കൊല്ലുകയും ക്രൂശിലേറ്റുകയും ചെയ്യും. ചിലരെ നിങ്ങള്‍ നിങ്ങളുടെ സുനഗോഗുകളില്‍വച്ച് ചാട്ടകൊണ്ട് അടിക്കുകയും പട്ടണങ്ങള്‍തോറും പീഡിപ്പിക്കയും ചെയ്യും. അങ്ങനെ നിഷ്‌കളങ്കനായ ആബേ ലിന്റെ രക്തംമുതല്‍, വിശുദ്ധസ്ഥലത്തിന്നും ബലിപീഠത്തിന്നും മധ്യേവച്ചു നിങ്ങള്‍ വധിച്ചവനും ബെറെഖ്യായുടെ പുത്രനുമായ സെഖര്യായുടെ രക്തം വരെ, ഭൂമിയില്‍ ചിന്തപ്പെട്ടിട്ടുള്ള എല്ലാ നീതിമാന്മാരുടെയും രക്തം നിങ്ങളുടെമേല്‍ വന്നുചേരും. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇവയെല്ലാം ഈ തലമുറയുടെമേല്‍ നിപതിക്കും,.'' (മത്താ. 23 : 14-36)
അവിടുന്നു വ്യക്തമായി കല്പിച്ചു:

10. ''മനുഷ്യരെ കാണിക്കാന്‍ വേണ്ടി അവരുടെ മുമ്പില്‍ വച്ചു പുണ്യകര്‍മങ്ങള്‍ ചെയ്യാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം,നിങ്ങള്‍ക്കു സ്വര്‍ഗസ്ഥാനായ നിങ്ങളുടെ പിതാവില്‍നിന്നു പ്രതിഫലം ലഭിക്കുകയില്ല. മനുഷ്യരുടെ പ്രശംസയ്ക്കുവേണ്ടി കപടഭക്തര്‍ സുനഗോ ഗുകളിലും തെരുവീഥികളിലും വച്ചു ചെയ്യുന്നതുപോലെ, ഭിക്ഷ കൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ നീ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു; അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. മറിച്ച്, നീ ഭിക്ഷ കൊടുക്കുമ്പോള്‍ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. അത്രയ്ക്കു രഹസ്യമായി വേണം ഭിക്ഷ കൊടുക്കാന്‍. രഹസ്യത്തില്‍ ചെയ്യുന്നതെല്ലാം കാണുന്ന പിതാവ് നിനക്കു സമ്മാനം നല്‍കും.

11. 'പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തരെപ്പോലെ ആകരുത്. മനുഷ്യര്‍ കാണത്തക്കവിധം സുനഗോഗുകളിലും തെരുവുമൂലകളിലും നിന്നും പ്രാര്‍ഥിക്കാനാണ് അവര്‍ക്ക് ഇഷ്ടം. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. മറിച്ച്, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ ഉള്ളറയില്‍ കയറി നിന്റെ വാതിലടച്ച്, അവിടെ അദൃശ്യനായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക. രഹസ്യമായി കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ അര്‍ഥമില്ലാത്ത ധാരാളം വാക്കുകള്‍ ഉരുവിടരുത്. അതിഭാഷണം കൊണ്ടു തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കപ്പെടുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്. നിങ്ങള്‍ ചോദിക്കും മുമ്പുതന്നെ നിങ്ങളുടെ ആവശ്യമെന്തെന്ന് നിങ്ങളുടെ പിതാവിന്ന് അറിയാം.

12. അതുകൊണ്ട് ഇങ്ങനെ പ്രാര്‍ഥിക്കുക: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം പൂജിതമാകണമേ, നിന്റെ രാജ്യം വരണമേ, നിന്റെ തിരുവിഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണമേ. ദിവസേന വേണ്ട അപ്പം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്തവരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ, ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ. തിന്മയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ.

13. മനുഷ്യരുടെ തെറ്റുകള്‍ അവരോടു നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍, നിങ്ങളുടെ സ്വര്‍ഗീയ പിതാവു നിങ്ങളോടും ക്ഷമിക്കും. മനുഷ്യരുടെ തെറ്റുകള്‍ അവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍, നിങ്ങളുടെ പിതാവും നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുകയില്ല.

14. നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ വിഷാദം നടിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്നു മനുഷ്യരെ ധരിപ്പിക്കാന്‍ അവര്‍ മുഖം വിരൂപമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണ പുരട്ടുകയും മുഖം കഴുകുകയും ചെയ്യണം. അങ്ങനെ രഹസ്യത്തിലിരിക്കുന്ന നിന്റെ പിതാവൊഴികെ ആരും നിന്റെ ഉപവാസത്തെക്കുറിച്ച് അറിയാതിരിക്കട്ടെ. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു സമ്മാനം നല്കുകയും ചെയ്യും.

15. ഭൂമിയില്‍ നിക്ഷേപങ്ങള്‍ നിനക്കായി സംഭരിച്ചു വയ്ക്കരുത്. അവിടെ അവയെ കീടങ്ങളും തുരുമ്പും തിന്നു നശിപ്പിക്കും. കള്ളന്മാര്‍ കുത്തിക്കവര്‍ന്നുകൊണ്ടു പോകുകയും ചെയ്യും. കീടങ്ങളും തുരുമ്പും തിന്നു നശിപ്പിക്കാത്തതും കള്ളന്മാര്‍ കവര്‍ച്ച നടത്താത്തതുമായ സ്വര്‍ഗത്തില്‍ നിനക്കായി നിക്ഷേപങ്ങള്‍ കരുതി വയ്ക്കുക, കാരണം, നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും.

16. ശരീരത്തിന്റെ വിളക്കു കണ്ണാണ്. അതുകൊണ്ട്, നിന്റെ കണ്ണ് അന്യൂനമാണെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശം നിറഞ്ഞതായിരിക്കും. മറിച്ച്,നിന്റെ കണ്ണിന്നു ന്യൂനതയുണ്ടെങ്കില്‍ ശരീരം മുഴുവന്‍ ഇരുട്ടു നിറഞ്ഞിരിക്കും. നിന്നിലെ വെളിച്ചം തന്നെ ഇരുട്ടാണെങ്കില്‍ ആ ഇരുട്ട് എത്ര വലുതായിരിക്കും!

17. ഒരാള്‍ക്കു രണ്ടു യജമാനന്മാരുടെ അടിമയായിരിക്കാന്‍ സാധ്യമല്ല. അയാള്‍ ഒന്നുകില്‍ ഒന്നാമനെ ദ്വേഷിക്കയും രണ്ടാമനെ സ്‌നേഹിക്കയും ചെയ്യും; അല്ലെങ്കില്‍ ഒന്നാമനോടു കൂറു പുലര്‍ത്തുകയും രണ്ടാമനെ വെറുക്കയും ചെയ്യും. ദൈവത്തെയും മാമോനെയും ഒപ്പം സേവിക്കാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.'' (മത്തായി 6: 1 - 24)

യേശു വേശ്യകളുടെയും ചുങ്കക്കാരുടെയും പാപികളുടെയും ഒപ്പം വ്യവഹരിച്ചു. ഫരിസേയര്‍ അവഗണിച്ചു തള്ളിയ ജനവിഭാഗങ്ങളെ ദൈവത്തോട് അടുപ്പിച്ചു. യേശു പുരോഹിതര്‍ക്കെതിരെ ഉയര്‍ത്തിയ കഠിനമായ ധര്‍മരോഷം തന്നെ പിഢീപ്പിച്ചവര്‍ക്കെതിരെപോലും അവിടുന്ന് പ്രകടിപ്പിച്ചില്ലെന്ന് ഓര്‍ക്കുക. കാരണം അത് അവരുടെ അജ്ഞതയില്‍നിന്നും ഉണ്ടായതാണ്. എന്നാല്‍ പുരോഹിതര്‍ക്ക് അറിയാമായിരുന്നു, തങ്ങള്‍ ചെയ്തത് തെറ്റാണെന്ന്. പൗരോഹിത്യത്തിന്റെ അധികാരവും ചൂഷണവും നിലനിര്‍ത്തുന്നതിനുവേണ്ടി യേശുവിനെ ക്രൂശിച്ചു.

യേശു ഫരിസേയരോടു പറഞ്ഞു: ''നിന്റെ ശിഷ്യന്മാര്‍ പൂര്‍വികരുടെ പാരമ്പര്യം അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത്?' അവന്‍ അവരോടു പറഞ്ഞു: ' കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചതു ശരിയാണ്. ഇങ്ങനെ വിശുദ്ധ ലിഖിതത്തിലുണ്ടല്ലോ: ''ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍ ഇവരുടെ ഹൃദയമോ, എന്നില്‍നിന്ന് എത്രയോ അകലെയാണ്. മനുഷ്യരുടെ നിയമങ്ങള്‍ പ്രമാണങ്ങള്‍ എന്ന നിലയില്‍ ഇവര്‍ പഠിപ്പിക്കുന്നു. അതുകൊണ്ട് ഇവര്‍ എന്നെ ആരാധിക്കുന്നതു നിഷ്ഫലമാണ്.'' നിങ്ങള്‍ ദൈവകല്പന ഉപേക്ഷിച്ച് മനുഷ്യരുടെ പാരമ്പര്യം മുറുകെ പിടിക്കുന്നു.'' (മര്‍ക്കോ. 7: 5-8).

അവിടുന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറഞ്ഞു: ''വിജാതീയരുടെമേല്‍ അവരുടെ ഭരണാധിപര്‍ യജമാനത്വം പുലര്‍ത്തുന്നു എന്നും പ്രമാണിമാര്‍ അവരുടെ മേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. ഇതു നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്. നിങ്ങളില്‍ വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ഭൃത്യനാകണം; നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ അടിമയാകണം; മനുഷ്യപുത്രനെപ്പോലെ. മനുഷ്യപുത്രന്‍ വന്നിരിക്കുന്നതു സേവിക്കപ്പെടാനല്ല, സേവിക്കാനാണ്;അനേകര്‍ക്കുവേണ്ടി സ്വജീവന്‍ വീണ്ടെടുപ്പുവിലയായി നല്‍കാനാണ്.'' (മത്താ. 20 : 25-28)

അവിടുന്നു പറഞ്ഞു: ''നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ എന്റെ കല്പനകള്‍ പാലിക്കും.'' (യോഹ. 14 : 15)

പക്ഷേ യേശുവിന്റെ കല്പനകളെല്ലാം നിരാകരിച്ചുകൊണ്ട് പഴയനിയമത്തിലെ പുരോഹിതരെപ്പോലെ സഭാമേലധ്യക്ഷന്മാര്‍ പ്രവര്‍ത്തിക്കുന്നു. തന്റെ ജീവിതത്തിന്റെ കാച്ചിക്കുറുക്കിയ സന്ദേശമാണ് അവിടുന്ന് അന്ത്യ അത്താഴ ദിവസം ശിഷന്മാരോടു പറഞ്ഞത്. ''ഞാന്‍ നിങ്ങള്‍ക്കു ചെയ്തത് എന്താണെന്ന് നിങ്ങള്‍ അറിയുന്നുവോ? നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിയാണ്. കാരണം, ഞാന്‍ അങ്ങനെയാണ്. അപ്പോള്‍, നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ കാലു കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം കാലു കഴുകണം. ഞാന്‍ നിങ്ങള്‍ക്ക് ഒരു മാതൃക കാണിച്ചുതന്നിരിക്കുന്നു;ഞാന്‍ ചെയ്തതുതന്നെ നിങ്ങളും ചെയ്യണം. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല;അയയ്ക്കപ്പെട്ടവന്‍ അയച്ചവനെക്കാള്‍ വലിയവനല്ല.; നിങ്ങള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതരാണ്.'' (യോഹ. 13 : 12-17)


യേശു ഇസ്രായേലി പുരോഹിതര്‍ക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇന്ന് സഭാധ്യക്ഷന്മാര്‍ അനുകരിച്ചു നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തെല്ലാം ചെയ്യരുത് എന്നു പറഞ്ഞുവോ അവയെല്ലാം ചെയ്തുകൊണ്ട് തങ്ങളുടെ തലയില്‍ ഇരിക്കുന്ന രാജകിരീടം തങ്ങള്‍ക്കു സംരക്ഷ നല്കും എന്നു പ്രതീക്ഷിക്കുന്നു. ഫരിസേയരും സദ്ദൂക്കിയരും വേദജ്ഞരും ചെയ്തതുപോലെ നിങ്ങളും ക്രിസ്തുവിനെ ആത്മീയമായി എതിര്‍ത്തുകൊണ്ടിരിക്കുന്നു.

(കപടഭക്തി, യേശുവിന്റെ ഉദ്‌ബോധനങ്ങള്‍ )


കേരള സഭാചരിത്രം പഠിക്കുന്നവര്‍ക്ക് ഭാവിയില്‍ ജോസഫ് പുലിക്കുന്നേലിനെയും ഓശാന മാസികയെയും അവഗണിക്കാന്‍ ആവില്ല. അതിനാല്‍ത്തന്നെ ലെറ്റര്‍ പ്രസ്സില്‍ അച്ചടിച്ചിരുന്ന ആദ്യകാലലേഖനങ്ങള്‍ ഉള്‍പ്പെടെയുള്ള ജോസഫ് പുലിക്കുന്നേലിന്റ ലേഖനങ്ങളും ലഘുലേഖകളും സമാഹരിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി തുടങ്ങുന്ന ഈ ബ്ലോഗിന് വളരെ പ്രാധാന്യമുണ്ട്. 

ഓശാനമാസികയുടെ പിന്‍ഗാമിയായ, സൈബര്‍ലോകത്തുള്ള മുന്‍ഗാമിയായ, അല്മായശബ്ദത്തിന്റെ ഒന്നാം പിറന്നാളിനുതന്നെ  ഓശാനയുടെ ആദ്യകാല ലേഖനങ്ങള്‍ ദിവസവും പ്രസിദ്ധീകരിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഈ സംരംഭം തുടങ്ങിവയ്ക്കാന്‍ കഴിഞ്ഞതില്‍ പ്രത്യേകം സന്തോഷമുണ്ട്.
അഡ്മിനിസ്‌ട്രേറ്റര്‍  



'ഓശാന'മാസികയുടെ ഒന്നാം ലക്കത്തിലെ (10/1975)എഡിറ്റോറിയല്‍


പ്രസിദ്ധീകരണശാഖയില്‍ ഓശാന ഒരു പുതിയ അദ്ധ്യായം കുറിയ്ക്കുകയാണ്. പുരോഹിതന്മാര്‍ക്ക് പൂര്‍ണ്ണനിയന്ത്രണമുള്ളതും രൂപതകളോ സന്യാസസഭകളോ നടത്തുന്നതുമായ പ്രസിദ്ധീകരണങ്ങളത്രെ കത്തോലിക്കാമത പ്രസിദ്ധീകരണങ്ങള്‍ എന്ന പേരില്‍ ഇന്നറിയപ്പെടുന്നത്. ആശയപ്രചാരണോപാധികളുടെമേല്‍ പുരോഹിതന്മാര്‍ക്കുള്ള ഈ കുത്തക ഒരലിഖിത നിയമംപോലെ നിലനില്‍ക്കുകയാണ്. മതവും മതകാര്യങ്ങളും മതചിന്തയും വ്യാഖ്യാനവുമെല്ലാം പുരോഹിതന്മാര്‍ക്കുള്ളതാണെന്ന പൊതുധാരണയില്‍ ചില തിരുത്തലുകള്‍ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. കത്തോലിക്കാസഭാനവീകരണ പ്രസ്ഥാനത്തിന്റെ വകയായ ഈ പ്രസിദ്ധീകരണം ഈ അലിഖിത പാരമ്പര്യത്തിന് ഒരപവാദമാകയാല്‍ ഇതിന്റെ അടിസ്ഥാനാശയലക്ഷ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്. ഒരു പ്രമുഖകത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ഫാ: ഹാന്‍സ് ക്യൂങ്ങ് കത്തോലിക്കാസഭയിലുള്ള രണ്ടു വ്യത്യസ്ത മുഖങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു: ''സാധാരണയായി,സഭയെക്കുറിച്ച് രണ്ടു വ്യത്യസ്തരീതിയില്‍ സംസാരിച്ച് കേള്‍ക്കാറുണ്ട്. ആദര്‍ശവാദിയായ ഒരാള്‍, അയാള്‍ വൈദികനോ, അല്‍മായനോ ആകട്ടെ, അയാള്‍ പ്രസംഗിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും സാധാരണ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമ്പോഴും തിരുസഭയെ ദൈവത്തിന്റെ സഭയായാണ് ചിത്രീകരിക്കുക. അയാളുടെ ദൃഷ്ടിയില്‍ സഭ സംശുദ്ധയും,കറയോ കളങ്കമോ ഇല്ലാത്തവളുമാണ് - അവള്‍ മനുഷ്യരക്ഷ,ദൈവമഹത്വം, എന്നിവയില്‍ മാത്രം വ്യാപൃതയാണ്. എന്നാല്‍ യഥാര്‍ത്ഥവാദി തെരുവിലെ മനുഷ്യനാണ്. കടയില്‍ പോകുകയും പത്രക്കടലാസ് മറിച്ചുനോക്കുകയും ചെയ്യുന്ന സാധാരണക്കാരന്‍. അയാളുടെ ദൃഷ്ടിയില്‍, സഭ മനുഷ്യരുടെ സമൂഹം മാത്രമാണ്. സഭയുടെ ശിരസ്സും അവയവവുമെല്ലാം തീര്‍ത്തും മാനുഷികമാണ്. പരുഷവും സഹാനുഭൂതിയില്ലാത്തതുമായ യന്ത്രം - സ്വാതന്ത്ര്യത്തിന്റെ ബദ്ധശത്രു; ഈ ലോകത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ കൈകടത്തുന്ന അധികാരവ്യാമൂഢ- -- അവളില്‍ എല്ലാവിധ കുറ്റങ്ങളും കുറവുകളുമുണ്ട്. ഇവര്‍ രണ്ടുപേരില്‍ ആരുടെ ചിത്രമാണ് ശരി?രണ്ടുപേരുടേതും ശരിയാണ്. പക്ഷെ വ്യത്യസ്തരീതിയിലാണെന്നു മാത്രം,അതുപോലെ രണ്ടുപേരുടേതും തെറ്റുമാണ്. ശരിയാണെന്നു പറഞ്ഞതിനു കാരണം, ഒരുവിധത്തില്‍ അവരുടെ ചിത്രീകരണം സഭ യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്ന സ്ഥിതിയോട് അനുരൂപമാണ്. എന്നാല്‍ തെറ്റാകുന്നത്, സഭ അവര്‍ ചിത്രീകരിക്കുന്നതു പോലെ മാത്രമാണെന്ന് ഏകപക്ഷീയമായി കരുതുമ്പോഴാണ്. ഈ 'ആദര്‍ശവാദി'യ്ക്കും 'യാഥാര്‍ത്ഥ്യവാദി'ക്കും സഭാനവീകരണത്തില്‍ താത്പര്യമൊന്നുമില്ല. സഭയുടെ ശോഭായമാനമായ വശം മാത്രം കാണുന്ന ആദര്‍ശവാദിക്ക്,സഭാനവീകരണം അനാവശ്യമാണ്. സഭയുടെ കറുത്തിരുണ്ട വശം മാത്രം കാണുന്ന യാഥാര്‍ത്ഥ്യവാദി പറയും നവീകരണം അസാദ്ധ്യമാണെന്ന്. സഭയെക്കുറിച്ച് യഥാര്‍ത്ഥ താല്‍പ്പര്യമുള്ള സഭാംഗങ്ങള്‍ക്കു മാത്രമേ,ഇരുണ്ടുമങ്ങിയ വശത്തോടൊപ്പം, സഭയുടെ പ്രകാശപൂര്‍ണ്ണമായ വശത്തിലും വിശ്വസിക്കാനാകൂ.'' (പഴയ സഭയും പുതിയ യുഗവും - ഹാന്‍സ്‌ക്യൂങ്ങ്; തര്‍ജ്ജമ. ഫാ: തുണ്ടിയില്‍ സി.എം.ഐ.; പ്രകാശം പബ്ലിക്കേഷന്‍സ്, ആലപ്പുഴ).


സഭ
കത്തോലിക്കാസഭാ'വിശ്വാസികള്‍'ക്കു തിരുസ്സഭ അപ്രമാദിത്വവരമുള്ള ഒരുസംഘടനയാണ്. തന്മൂലം, സഭാപരിഷ്‌കരണമെന്നോ നവീകരണമെന്നോ ഒക്കെപ്പറഞ്ഞാല്‍ 'പിശാചിന്റെ തട്ടിപ്പാ'യാണ് ചിലര്‍ അതിനെ വീക്ഷിക്കുക. ഇവര്‍ യാഥാര്‍ത്ഥ്യംവിസ്മരിക്കുന്നവരാണ്.
സഭ ദൈവസ്ഥാപിതമാണ്. അത് ക്രിസ്തുവിന്റെ മനുഷ്യരക്ഷാകര പ്രവൃത്തിയുടെ തുടര്‍ച്ചയാണ്. ഈ സഭയാകട്ടെ മനുഷ്യനാല്‍ നിയന്ത്രിക്കപ്പെടുന്നു. മനുഷ്യനിര്‍മ്മിതമായ സംഘടനകളും,സംഘടനാരൂപവും, സ്ഥാപനങ്ങളും, നിയമങ്ങളും ആണ് സഭയുടെ ഭൗതികഘടന.


മിശിഹായുടെ രക്ഷാകരദൗത്യത്തിന്റെ സാക്ഷിയായ സഭ വിശുദ്ധവും ഏകവും സാര്‍വ്വലൗകികവും സംഘടനാനിബദ്ധമല്ലാത്തതുമാണ്. അതിന് മാറ്റമോ നവീകരണമോ പരിഷ്‌കാരമോ ആവശ്യമില്ല. ക്രിസ്തുവിന്റെ സനാതനനീതിയിലും വീണ്ടെടുപ്പിലും വിരാജിയ്ക്കുന്ന ഈ സഭയല്ല നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന സഭ.
ആ സഭയാകട്ടെ ബലഹീനരായ മനുഷ്യര്‍ ഉള്‍ക്കൊള്ളുന്നതും അവരാല്‍ തന്നെ നിയന്ത്രിക്കപ്പെടുന്നതും, കാലദേശസംസ്‌ക്കാരങ്ങളുടെ സ്വാധീനത്തില്‍പ്പെടുന്നതും, മനുഷ്യനിര്‍മ്മിതങ്ങളായ സ്ഥാപനങ്ങളും സംഘടനകളും സംഘടനാരൂപങ്ങളും നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉള്ളതുമായ ഒന്നത്രേ. ''സഭ ലോകമല്ല;ലോകത്തില്‍ നിന്നുള്ളതുമല്ല. പക്ഷെ സഭ ലോകത്തിലാണ്.'' (ഹാന്‍സ് ക്യൂങ്ങ്)
ഈ ലോകത്തിലുള്ള സഭയില്‍ തീര്‍ച്ചയായും ലൗകിക ബലഹീനതകള്‍ പ്രവേശിക്കുമെന്നതില്‍ സംശയമില്ല. സഭയിലെ ആചാരാനുഷ്ഠാനങ്ങളും അധികാര വ്യത്യാസവും സംഘടനാരൂപവും സംജ്ഞകളും,സാമൂഹികബന്ധങ്ങളും എല്ലാം, 'തെറ്റാവരമുള്ള സഭ'യുടെ ഭാഗമാണെന്ന്, വിശ്വസിച്ചിരുന്നവരുണ്ട്. പറങ്കിമെത്രാന്മാര്‍ നമ്മേ ഭരിച്ചിരുന്നപ്പോള്‍ വെള്ളത്തൊലിയിലും ചുവന്നതൊപ്പിയിലും'റൂഹാദക്കുദിശായെ' ദര്‍ശിച്ചവര്‍ ഈ പാതിരിമാരുടെ കൊള്ളരുതായ്മകളെ എതിര്‍ത്തവരെ സഭാഭ്രഷ്ടരാക്കി ശപിച്ചത് ശുദ്ധവിശ്വാസത്തിന്റെ പേരിലായിരുന്നു. നാട്ടുമെത്രാന്മാര്‍ക്കുവേണ്ടി വാദിച്ചതിന് കര്‍മ്മലീത്താസഭയില്‍നിന്നും 'കണ്ണുനീരും കയ്യുമായി' ഇറക്കിവിട്ട'ഏഴുവ്യാകുലങ്ങള്‍' എന്നറിയപ്പെട്ട വൈദികപ്രമുഖര്‍, അക്കാലത്ത്'സാത്താന്റെ സന്താന'ങ്ങളാണെന്ന് ഭക്തിയുടെ പൊയ്മുഖമണിഞ്ഞ, 'സനാതനികള്‍', പ്രചാരണം നടത്തുകയുണ്ടായി. 'പത്രോസിന്റെ പാറ' 'പാറപോലെ ഉറച്ചതാണെന്നും' അതിനു മാറ്റം ആവശ്യമില്ലെന്നും വാദിയ്ക്കുന്നവര്‍, സഭയെ അതിന്റെ സാമൂഹ്യാര്‍ത്ഥത്തില്‍ കാണാന്‍ ശ്രമിക്കാത്തവരാണ്.


മാറ്റം
ഒരു ഇരുപതുകൊല്ലം മുമ്പ് കുര്‍ബ്ബാന മലയാളത്തില്‍ ചൊല്ലുന്നതാണ് നല്ലത് എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അയാള്‍ സനാതനികളുടെ മുന്‍പില്‍ സഭാവിശ്വാസ വിരോധിയാകുമായിരുന്നു! വൈദികന്റെ പിന്‍ഭാഗം മാത്രം കാട്ടിനിന്നിരുന്ന പഴയ സുറിയാനി കുര്‍ബാനയുടെ കാലത്ത്, സഭയ്ക്ക് അഭിമുഖമായി 'ബലി' സമര്‍പ്പിക്കുന്നതല്ലേ നല്ലത് എന്നെങ്ങാനും ചോദിച്ചിരുന്നെങ്കില്‍ അവനും 'അവിശ്വാസി'യെന്നു ചിത്രീകരിക്കപ്പെടുമായിരുന്നു! പള്ളി പണിയുന്നതിനു മുമ്പുതന്നെ'പുണ്യാളന്മാരെ' വാങ്ങാന്‍ ഓടുന്നത് വിഗ്രഹാരാധനയുടെ മുന്നോടിയാണെന്നു കേട്ടാല്‍ അത് ഭക്തന്മാര്‍ക്ക് ഇടര്‍ച്ചയ്ക്ക് കാരണമായിരുന്നു!!!


മടിയന്മാരാല്‍ ചുറ്റപ്പെട്ട് വേലക്കാരായ തേനീച്ചകള്‍ സംഭരിക്കുന്ന തേനും പൂമ്പൊടിയും തിന്ന്, 'റാകലി'നുള്ളില്‍ കഴിയുന്ന റാണിയീച്ചയെപ്പോലെ,കൂരിയാകളുടെയും കര്‍ദ്ദിനാള്‍ സംഘത്തിന്റെയും മദ്ധ്യത്തില്‍, റോമിലെ തടവുകാരനായി കഴിയുന്ന പോപ്പ് (പരിശുദ്ധ പോപ്പ് എന്നു പറയാത്തതില്‍ ഇടര്‍ച്ച ഉണ്ടാകേണ്ട. പരിശുദ്ധന്‍ (Holy) ദൈവം മാത്രമാകുന്നു.) മനുഷ്യരുടെ ഇടയിലേയ്ക്ക് ശുശ്രൂഷ ചെയ്യാന്‍ ഇറങ്ങണമെന്ന് ആരെങ്കിലും വാദിച്ചിരുന്നെങ്കില്‍ അത് ദൈവദോഷമാകുമായിരുന്നു. (ഇപ്പോള്‍ പോപ്പ് ലോകം ചുറ്റുന്നതില്‍ ഇവര്‍ക്ക് എതിര്‍പ്പുണ്ടോ എന്തോ?)

സഭാനവീകരണത്തിന്റെ ആവശ്യം
ഇന്ന് കേരളത്തില്‍ എത്ര 'സഭക'ളുണ്ട്''? ക്രിസ്തു ഒരു സഭയും, ഒരു ശാശ്വത നിയമവുമാണ് സ്ഥാപിച്ചതെങ്കില്‍, സുറിയാനിക്കാര്‍ തന്നെ, തെക്കും,വടക്കും, മലങ്കരയും; മൂന്നിനും പ്രത്യേക മെത്രാന്മാര്‍, പോലീത്താമാര്‍ പിന്നെ ലത്തീന്‍, അത് അഞ്ഞൂറും എഴുന്നൂറും; അതിനും വേറെ വേറെ മെത്രാന്മാര്‍. തിരുവനന്തപുരം പട്ടണത്തില്‍  'ദൈവകൃപയാലും പരിശുദ്ധ സിംഹാസനത്തിന്റെ മനോഗുണത്താലും' സുറിയാനി വടക്കുംഭാഗരെ ചങ്ങനാശ്ശേരി മെത്രാന്‍ ഭരിക്കയും സ്വന്തമായ തൊഴുത്തില്‍ തന്റെ അജഗണങ്ങളെ പരിപാലിക്കയും ചെയ്യുമ്പോള്‍, മലങ്കരക്കാരെ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസും ലത്തീന്‍കാരെ റൈറ്റ് റവ: ഡോ. പരേരയും ഭരിക്കുന്നു. ഇതിനും പുറമേ, ലോകവ്യാപകമായ അധികാരമുള്ള കോട്ടയം മെത്രാന്‍ തെക്കുംഭാഗരെ ഭരിക്കുന്നു. അതുകൊണ്ടും തീരുന്നില്ല സഭ! കര്‍മ്മലീത്താസഭ, നിഷ്പാദുക ഒന്നാംസഭ, ഈശോസഭ, അസീസിസഭ,സെന്റ് തോമസ് സഭ, വിന്‍സെന്‍ഷ്യല്‍ സഭ, ദൈവവചന സഭ - ഇങ്ങനെ സഭയ്ക്കുള്ളിലും സഭകള്‍. ഈ സഭകള്‍ സ്വന്തമായി സ്വത്തുക്കള്‍ സമ്പാദിക്കുന്നു, കെട്ടിടങ്ങള്‍ പണിയുന്നു, മുദ്രണാലയങ്ങളും ആശുപത്രികളും വിദ്യാലയങ്ങളും നടത്തുന്നു. പലപ്പോഴും സഹകരണത്തേക്കാള്‍ മത്സരബുദ്ധിയാണ് ഈ രംഗത്ത് ഭരിക്കുന്ന വികാരം.

അല്മായര്‍
ഈ റീത്തുകളും സഭകളും, എല്ലാം ഭരണരംഗത്താണ്. അല്മായര്‍ എന്ന് മുദ്ര കുത്തി, ഭരണരംഗത്തു നിന്നകറ്റി നിര്‍ത്തിയിരിക്കുന്ന 'പാപി'കള്‍ക്ക്, ഈ റീത്തുകള്‍കൊണ്ട് വ്യത്യാസമൊന്നും അനുഭവപ്പെടുന്നില്ല. പരിശുദ്ധ കുര്‍ബാന 'പാളയം പള്ളിയില്‍' കണ്ടാലും, 'ലൂര്‍ദ്ദുപള്ളി'യില്‍ കണ്ടാലും,അനുഗ്രഹം അവന് ഒന്നുതന്നെ. ആ കുര്‍ബാന ഈശോസഭക്കാരന്‍ ചൊല്ലിയാലും, കര്‍മ്മലീത്താക്കാരന്‍ ചൊല്ലിയാലും, വ്യത്യാസമൊന്നുമില്ല. കുമ്പസാരവും മറ്റു കൂദാശകളും ഒന്നും തന്നെ. പിന്നെ ഈ റീത്തുകളുടെ ഗുണഭോക്താക്കള്‍ ഭരണാധിപന്മാരാണ്. റീത്തുകളുടെ പേരില്‍ രൂപതകളും അധികാരങ്ങളും, സ്വത്തും; 'സഭ'യുടെ പേരില്‍ പ്രയോര്‍സ്ഥാനങ്ങളും മറ്റും മറ്റും!!. കര്‍ത്താവു സ്ഥാപിച്ച സഭയിതാണോ?ഒരിയ്ക്കലുമല്ല. ഇത് മനുഷ്യന്‍ സൃഷ്ടിച്ചതാണ്. ഇങ്ങനെ മനുഷ്യ സൃഷ്ടമായ വിഭാഗീയാവശ്യങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൂടി ക്രൈസ്തവസന്ദേശത്തിന്റെ ചേതനയെ മുക്കിക്കൊന്നുകൊണ്ടിരിക്കുകയാണ്.


വിശ്വാസത്തിന്റെ പാറ
പത്രോസിന്റെ പാറ ബലമേറിയതാണ്. ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പാറ.പക്ഷേ ഇന്ന് ആ 'പാറ' അനാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റേയും പായലുകെട്ടിക്കിടന്ന്, മനുഷ്യ പാദങ്ങള്‍ക്ക് ഉറച്ചുനില്‍ക്കാന്‍ പറ്റാത്തതായിത്തീര്‍ന്നിരുന്നു. ഈ പാറമേല്‍ ഞവണീയ്ക്കയും ഞണ്ടും സുഖവാസം നടത്തുന്നു.

വിമര്‍ശനത്തിന് അളവുകോല്‍
അധികാരത്തേയും അധികാരം കയ്യാളുന്ന സഭാനേതൃത്വത്തേയും സോദ്ദേശകമായി വിമര്‍ശിക്കുന്നതുപോലും തെറ്റാണെന്ന ഭാവം വച്ചു പുലര്‍ത്തുന്നവര്‍ ഇന്നും ഉണ്ട്. സഭാധികാരികള്‍ തെറ്റു ചെയ്താല്‍ പുറത്തു പറയുന്നതും പാപമാണെന്നാണ് ഇവരുടെ വാദം. വ്യക്തിവിരോധം വച്ചുകൊണ്ടുള്ള സ്വഭാവഹത്യാശ്രമങ്ങളെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. സഭാവിമര്‍ശനമെന്നാല്‍, ഏതെങ്കിലും മെത്രാന്റെയോ വൈദികന്റെയോ മനുഷ്യസഹജമായ ബലഹീനതകളുടേയും സ്വഭാവവൈകല്യങ്ങളുടെയും വിഴുപ്പുകള്‍ പൊതുജനമദ്ധ്യത്തില്‍ അലക്കുകയെന്നതല്ല. മറിച്ച്,സഭയിലുള്ള അനാചാരങ്ങളുടെയും അക്രൈസ്തവ ചിന്തയുടെയും നേരെ വിരല്‍ ചൂണ്ടുകയെന്നതാണ് ഞങ്ങളുടെ ഉദ്ദേശം, ഈ വിമര്‍ശനത്തിനുള്ള ആത്മബലം ഞങ്ങള്‍ക്കരുളുന്നത് സുവിശേഷത്തിലെ ക്രിസ്തുവിന്റെ പഠനങ്ങളാണ്.

സഭയും ക്രിസ്തുവും
സഭ ഇന്ന്, സ്ഥാപനാകാരയാണ്, അധികാരപരയാണ്. അവള്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥപഠനങ്ങളില്‍നിന്നും വിദൂരസ്ഥയാണ്. സഭ മുടിയനായ പുത്രനെപ്പോലെ, സുഖഭോഗങ്ങളുടെയും അധികാരത്തിന്റെയും പുറകെ ഓടിയകന്നു കഴിഞ്ഞു. കര്‍ത്താവിന്റെ മുന്തിരിത്തോട്ടം കളകള്‍കൊണ്ടു നിറഞ്ഞുകഴിഞ്ഞു. നയിക്കേണ്ടവര്‍ റബര്‍ത്തോട്ടവും ഏലത്തോട്ടവും സമ്പാദിക്കാന്‍ ഉഴറുകയാണ്. സുവിശേഷം പ്രസംഗിക്കാന്‍ ആളുകള്‍ കുറയുന്നു. അതിനു നിശ്ചയിക്കപ്പെട്ടവര്‍ കോളേജുകളില്‍ ഷേക്‌സ്പിയറും ഇക്കണോമിക്‌സും പഠിപ്പിക്കുന്നു.

'മനുഷ്യവിളി'
ഇടവകയില്‍ സേവനം അനുഷ്ഠിക്കുന്നത് തരംതാഴ്ന്ന പണിയാണ്. മെത്രാനച്ചന്റെ സെക്രട്ടറിപദവും അരമനയിലേയ്ക്കുള്ള പസ്‌തേന്തിയും ഇന്നു അഭികാമ്യമായി ത്തീര്‍ന്നിരിക്കുന്നു. ഒരു നല്ല സുവിശേഷപ്രസംഗകനാകുന്നതിനേക്കാള്‍ ഇന്ന് പ്രയോരും സുപ്പീരിയറും ആകുന്നതാണ് ദൈവസേവനം എന്ന നില വന്നിരിക്കുന്നു. 'ദൈവവിളി'പരിശുദ്ധാത്മാവിന്റെ ഒരു പ്രത്യേകവരം എന്നതിനപ്പുറം പത്രപരസ്യങ്ങള്‍കൊണ്ട് സൃഷ്ടിക്കപ്പെടുന്ന 'മനുഷ്യവിളി'ആയിത്തീര്‍ന്നിരിക്കുന്നു.

ഉറകെട്ട ഉപ്പ്
മതം മനുഷ്യഹൃദയങ്ങളെ നവീകരിയ്ക്കയും വീണ്ടും ജനിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതിനു പകരകം ഇന്ന് സാമൂഹ്യസ്ഥാപനങ്ങളുടെ അനുസ്യൂതമായ നിര്‍മ്മാണത്തില്‍ വ്യാപൃതയായിരിക്കയാണ്. ഈ സ്ഥാപനങ്ങളുടെ നടത്തിപ്പും ഭരണവും ഉന്നതക്രൈസ്ത മൂല്യങ്ങളാല്‍ നിയന്ത്രിതമല്ല. ഉപ്പിന് ഉറകെട്ടു പോയിരിക്കുന്നു.

നവീകരണവേദി
സഭയുടെ സംഘടനയിലും, സ്ഥാപനങ്ങളുടെ നടത്തിപ്പിലും,ദൈവശാസ്ത്രത്തിന്റെ വിശകലന-നിഗമനങ്ങളിലും, ഇന്ന് സുവിശേഷഗന്ധിയായ പരിവര്‍ത്തനവും നവീകരണവും ആവശ്യമാണ്. അതിനെക്കുറിച്ച് വൈദികര്‍ക്കും, ആത്മായര്‍ക്കും തുറന്നെഴുതുവാന്‍ ഒരു വേദി ഇന്നില്ല. ഇത് ഉണ്ടാകേണ്ടത് സഭയുടെ ആവശ്യമാണ്.
ഇത്തരം ഒരു പ്രസിദ്ധീകരണം നടത്തിക്കൊണ്ടുപോകുക സാമ്പത്തികമായ ഒരു വലിയ ഭാരമാണ് ഇന്ന്. സഹൃദയരും ക്രൈസ്തവ വിശ്വാസത്തിന്റെ ദീപശിഖാവാഹകരുമായ - നവീകരണത്തിനുവേണ്ടി ദാഹിക്കുന്ന - സഭാംഗങ്ങള്‍ ഈ പ്രസിദ്ധീകരണത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും സഹായിക്കുകയും ചെയ്യും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട. വിശുദ്ധ പൗലോസ് തിമൊത്തെയോസിന് എഴുതിയ നിര്‍ദ്ദേശമാണ് ഞങ്ങളുടെ പ്രചോദനം; ''വചനം പ്രസംഗിക്കുക, സമയത്തും അസമയത്തും ഉത്സാഹിയായിരിക്കുക. ദീര്‍ഘ ശാന്തതയോടും,പഠിപ്പോടുംകൂടി ശാസിയ്ക്കയും കുറ്റപ്പെടുത്തുകയും ചെയ്യുക. സകലത്തിലും ഉണര്‍വ്വുള്ളവനായിരിക്കുകയും, കഷ്ടതകള്‍ സഹിക്കുകയും,സുവിശേഷകന്റെ ജോലി നിര്‍വ്വഹിക്കുകയും, നിന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കുകയും ചെയ്യുക'' (വി. പൗലോസ് തിമൊ : 4: 2-5)

(കത്തോലിക്കാസഭ, റീത്തുകളും സഭകളും, അല്മായര്‍,സഭാനവീകരണത്തിന്റെ ആവശ്യം)