Saturday 19 January 2013

തെറ്റുകള്‍ പൊറുക്കാതെ സുവിശേഷപ്രഘോഷണം എങ്ങനെ?

തെറ്റുകള്‍ പൊറുക്കാതെ സുവിശേഷപ്രഘോഷണം എങ്ങനെ? 

ഡോ. പൈലിയുടെ സൂര്യാ ടിവി പ്രകടനം എന്ന ജോസഫ് പുലിക്കുന്നേല്‍ സാറിന്റെ ലേഖനം എന്റെ ഇ-മെയില്‍ കോണ്ടാക്ടുകളിലുള്ള കുറെേേപ്പര്‍ക്ക് ഞാന്‍ അയച്ചുകൊടുക്കുകയുണ്ടായി. അതിലൊരെണ്ണം ഒരാള്‍ ശ്രീ രാജു പുലിക്കുന്നേലിന് അയച്ചുകൊടുക്കുകയും രാജു എനിക്ക് ഒരു മറുപടി അയ്ക്കുകയും ചെയ്തു. രാജുവിന്റെ മറുപടിക്ക് ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയയച്ച മറുപടിയുടെ ഏകദേശപരിഭാഷ താഴെ കൊടുക്കുന്നു: 
2000-ല്‍ പള്ളിക്കാപ്പറമ്പില്‍ മെത്രാനില്‍നിന്ന് ബൈബിള്‍ കവിതയ്ക്കുള്ള സി.ജെ. മാടപ്പാട്ട് അവാര്‍ഡ് (10001 രൂപാ) കൈപ്പറ്റിയ ഒരു കവിയാണ് ഞാന്‍. അന്നു ഞാന്‍ ഓശാനയിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോസഫ് പുലിക്കുന്നേല്‍സാര്‍ എന്നെ ഏല്പിച്ചിരുന്ന ബൈബിള്‍ പദകോശത്തിന്റെ പണി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഞാന്‍ 2004-ല്‍ ഓശാനയില്‍നിന്ന് രാജിവച്ചത് സാറിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു. എനിക്കു ലഭ്യമായിട്ടുള്ള അവാര്‍ഡിന്റെ പേരു പറഞ്ഞ് അന്നു ദീപനാളത്തില്‍ ഒരു ജോലി തരപ്പെടുത്താന്‍ എനിക്കു കഴിയുമായിരുന്നു. ബിഷപ്പ് കല്ലറങ്ങാട്ട് എന്റെ ക്ലാസ്‌മേറ്റായിരുന്നെന്ന പ്രത്യേക സാഹചര്യവും ഉണ്ടായിരുന്നെങ്കിലും ഞാന്‍ അതിനു തയ്യാറായില്ല. അതിനു കാരണം ഇപ്പോഴത്തെ കത്തോലിക്കാ സഭാധികാരത്തിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നത് ശരിയല്ല എന്ന കാര്യത്തിലുള്ള എന്റെ ഉത്തമബോധ്യമായിരുന്നു. അതിനാല്‍ത്തന്നെ ഈ കത്ത് എഴുതുന്നത് എന്റെ സ്വാര്‍ഥതാത്പര്യങ്ങളാലാണ് എന്നാര്‍ക്കും പറയാനാവില്ല.
ഞാനും എന്റെ ചേട്ടനും (ജോര്‍ജ് മൂലേച്ചാലില്‍) കുറെ കാലം കൂടി ജോലിചെയ്യാന്‍ ശേഷിയും സന്മനസ്സും ഉണ്ടായിരുന്നിട്ടും പുലിക്കുന്നേല്‍ സാറിന്റെ നിര്‍ദേശമനുസരിച്ച് ഓശാനയില്‍നിന്ന് അകാലത്ത് പിരിഞ്ഞുപോന്നവരാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന് എന്തെങ്കിലും തെറ്റുണ്ടെന്നു കണ്ടാല്‍ അതു വിളിച്ചുപറയാന്‍ സ്വാഭാവികമായും ഏറ്റവും മുമ്പില്‍ നില്‌ക്കേണ്ടതും ഞങ്ങള്‍തന്നെയാണ്. എന്നാല്‍ ഞങ്ങള്‍ സാറിനെ ഇപ്പോഴും പിന്തുണയ്ക്കുന്നത് ഞങ്ങള്‍ ജോലിചെയ്തിരുന്ന കാലത്ത് ഓശാനയിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയോര്‍ത്താണ്. കൂടാതെ സഭാസ്ഥാപനങ്ങളിലെ സ്വത്ത് വൈദികനേതൃത്വം ഇന്നു കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നും അത് സഭാംഗങ്ങളുടെയെല്ലാം പങ്കാളിത്തത്തോടെ സുതാര്യമായി കൈകാര്യം ചെയ്യണമെന്നും ഉള്ള താങ്കളുടെ പിതാവിന്റെ നിലപാടിനോടു ഞങ്ങള്‍ക്ക് യോജിപ്പുമുണ്ട്. 
താങ്കളുടെ മറുപടിയില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം താങ്കളുടെ പിതാവിന്റെ ഒരു പ്രസ്താവനയും താങ്കളതില്‍ നിഷേധിച്ചിട്ടില്ല എന്നതാണ്. ഡോ. പൈലിയുടെ മാനേജ്‌മെന്റ് വൈദഗ്ധ്യമില്ലെന്നുള്ള താങ്കളുടെ പിതാവിന്റെ നിരീക്ഷണത്തിന് എതിരായി രവി ഡിഡി അദ്ദേഹത്ത തന്റെ മാനേജ്‌മെന്റ് ഇന്‍സ്്റ്റിട്യൂട്ടിന്റെ തലവനാക്കിയിരിക്കുന്നതാണല്ലോ താങ്കള്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനുള്ള എന്റെ മറുപടി ഇതാണ്: രവി ഡീസി നല്ലൊരു ബിസിനസ്മാനാണ്. ബിസിനസ്സില്‍ പരസ്യങ്ങള്‍ക്കും പരസ്യങ്ങളില്‍ പ്രസിദ്ധ വ്യക്തികള്‍ക്കുമുള്ള പങ്കിനെപ്പറ്റി അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടാവും. പ്രസിദ്ധിയുണ്ടെങ്കില്‍ പരസ്യത്തില്‍ പ്രാഗല്ഭ്യം നിര്‍ബന്ധമില്ല. ഡോ. പൈലിയുടെ പ്രാഗല്ഭ്യം തന്നെയാണ് അദ്ദേഹത്തെ തന്റെ സ്ഥാപനത്തിന്റെ തലവനാക്കാന്‍ കാരണം എന്നതിന് എന്താണു തെളിവ്?
മറ്റുള്ളവരുടെ തെറ്റുകള്‍ നിരുപാധികം പൊറുക്കുന്ന സ്‌നേഹമാണല്ലോ യേശുക്രിസ്തുവിന്റെ ഉദ്‌ബോധനങ്ങളുടെ കാതല്‍. താങ്കള്‍ക്ക് താങ്കളുടെ പിതാവിന്റെ തെറ്റുകള്‍ (താങ്കള്‍ പറയുന്ന തെറ്റുകളൊന്നും ഞങ്ങള്‍ക്ക് അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിനും തെറ്റുകളും തെറ്റിദ്ധാരണകളും ഉണ്ടായിരിക്കാം) പൊറുക്കാതെ താങ്കള്‍ക്കെങ്ങനെ സുവിശേഷപ്രഘോഷണം നടത്താന്‍ കഴിയും എന്നൊരു ചോദ്യം കൂടിയേ എനിക്ക് താങ്കളോടു ചോദിക്കാനുള്ളൂ.

No comments:

Post a Comment