Thursday 23 September 2021

കാവൽനായ്ക്കളെ കുഞ്ഞാടുകളാക്കിയ ഇടയന്മാർക്കെതിരെ ഒരു പുലി

 


ആടിനെ പട്ടിയാക്കി തട്ടിയെടുത്ത കള്ളന്മാരുടെ കഥ നമുക്കെല്ലാം അറിയാം. എന്നാൽ കുറെ ഇടയന്മാർ ചേർന്ന് കാവൽനായ്ക്കളെ ആടുകളെന്നു വിളിച്ച് അവയുടെ ശൗര്യം നഷ്ടപ്പെടുത്തിയത് കഥയല്ല, ചരിത്രമാണ്. ഇടയന്മാർ ആട്ടിൻതോലിട്ട ചെന്നായ്ക്കളാണെന്ന് കണ്ടെത്തിയ ഒരു പുലിയുടെ ജീവിതസന്ദേശമാണ് ഞാൻ ഇവിടെ പകർത്താൻ പോകുന്നത്. എനിക്കിവിടെ സ്വന്തമായി പറയാൻ അധികമൊന്നുമില്ല. പുലി തനിക്കു പറയാനുള്ളതെല്ലാം രേഖപ്പെടുത്തിവച്ചിട്ടാണ് കടന്നു പോയിരിക്കുന്നത്. അതിൽ കുറെ കാര്യങ്ങൾ ഒരു സുവിശേഷകനെപ്പോലെ പകർത്തുക എന്നത് എനിക്കു കിട്ടിയ ഒരു നിയോഗമാണെന്നു ഞാൻ അറിയുന്നു.

ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ തൂലികകൊണ്ടു തന്നെ രേഖപ്പെടുത്തിയ ഭാരതത്തിനുള്ള ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സുവിശേഷം പകർത്തുന്ന വിനായകൻ മാത്രമാണ് ഞാൻ.

(മഹാഭാരതം രചിച്ചത് കൃഷ്ണ ദ്വൈപായന വ്യാസനാണെന്നു നമുക്കെല്ലാം അറിയാം. അതു വ്യാസൻ പറഞ്ഞുകൊടുത്തപ്പോൾ പകർത്തിയത് പരമശിവന്റെ പുത്രനായ ഗണപതിയായിരുന്നു. ഗണപതി അതെഴുതിയത് തന്റെ ഒടിഞ്ഞ കൊമ്പുകൊണ്ടായിരുന്നു. ഗണപതിയുടെ കൊമ്പൊടിഞ്ഞ കഥയിലാകട്ടെ കലാകാരൻ സ്വന്തം അഹന്തയെ തന്നിൽനിന്ന് ഒടിച്ചുമാറ്റി അതുകൊണ്ടുവേണം സർഗരചന നടത്താൻ എന്ന ധ്വനിയുമുണ്ട്.)

മഹാഭാരതം രചിച്ച വ്യാസൻ തന്നെയാണ് അതിലെ കൃഷ്ണനും എന്ന് നമ്മോട് കൃതിതന്നെ ഗൂഢമായി പറയുന്നുണ്ട്. അതുപോലെ സുവിശേഷങ്ങളിലെ യേശുവിൽ സുവിശേഷകന്മാരുടെ ആത്മാവും ഉൾച്ചേർന്നിട്ടുണ്ട്. നിങ്ങൾ ശ്രീ.പുലിക്കുന്നേലിനെക്കാൾ എന്നെ കാണരുതെന്ന്  എനിക്കാഗ്രഹമുണ്ട്. അതിനാൽത്തന്നെ ഇതിൽ 90 ശതമാനവും അദ്ദേഹത്തിന്റെ രചനകളിൽനിന്നുള്ള ഉദ്ധരണികളാണ്. തന്റെ കൃതികൾക്ക് പകർപ്പവകാശം ഇല്ലെന്നും പരമാവധി ആളുകളിൽ എത്തിക്കാൻ ആർക്കും അവകാശമുണ്ടായിരിക്കുമെന്നും അദ്ദേഹം ഓശാന ബ്ലോഗ് തുടങ്ങാൻ അനുവാദം ചോദിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു. അതിനാൽത്തന്നെ ഫേസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കൃതിയുടെ പൂർണരൂപം ഓശാന എന്ന പേരിൽ വർഷങ്ങൾക്കുമുമ്പേ ഞാൻ തുടങ്ങിയ ബ്ലോഗ് പുനരാരംഭിച്ച്  അതിലായിരിക്കും പ്രസിദ്ധീകരിക്കുക.

ആദ്യം പുലിക്കുന്നൻ സ്വന്തം നിയോഗം സ്വയം തിരിച്ചറിഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ള ഒരു  സംഭവമാണ്. മുമ്പേതന്നെ അദ്ദേഹം നടത്തിയ കേരളസഭയുടെ രോഗനിർണമാണ് അടുത്തത്. തുടർന്ന് ഓശാന മാസിക തുടങ്ങാൻ പ്രേരകമായ സംഭവങ്ങളാണ്. അതിനുശേഷമുള്ള ഭാഗം അദ്ദേഹം ഓശാനയിലെ ലേഖനങ്ങളിലൂടെ സഭയ്ക്കു വിധിച്ച കഷായങ്ങളാണ്. അവയ്ക്കിടയിൽ അദ്ദേഹം കുറിച്ച ഫലിതങ്ങളെ മേമ്പൊടിയായും ചേർത്തിരിക്കും.

കൃതി ഒരു പ്രത്യേകരീതിയിലാണ് പ്രസിദ്ധീകരിക്കുന്നത്. ഇന്റർനെറ്റിലൂടെ ദിവസവും ഒരധ്യായം വീതം കൃതി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കും. (ഞാനിവിടെ മാതൃകയാക്കുന്നത് മഹാഭാരതം ആധുനികശൈലിയിൽ കാലഘട്ടത്തിനിണങ്ങിയ വിധത്തിൽ നോവലുകളാക്കുന്ന ജയമോഹൻ തന്റെ കൃതികൾ പ്രസിദ്ധീകരിക്കുന്ന രീതിയാണ്. അദ്ദേഹവും എന്നെപ്പോലെ ഗുരുനിത്യചൈതന്യ യതിയുടെ ആയിരം പൂക്കളിൽ ഒരു പൂവാണ്.)

 

:

No comments:

Post a Comment