Thursday 1 February 2018

കാവല്‍നായ്ക്കളെ കുഞ്ഞാടുകളാക്കിയ ഇടയന്മാര്‍ക്കെതിരെ ഒരു പുലി

ആടിനെ പട്ടിയാക്കി തട്ടിയെടുത്ത കള്ളന്മാരുടെ കഥ നമുക്കെല്ലാം അറിയാം. എന്നാല്‍ കുറെ ഇടയന്മാര്‍ ചേര്‍ന്ന് കാവല്‍നായ്ക്കളെ ആടുകളെന്നു വിളിച്ച് അവയുടെ ശൗര്യം നഷ്ടപ്പെടുത്തിയത് കഥയല്ല, ചരിത്രമാണ്. ആ ഇടയന്മാര്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണെന്ന് കണ്ടെത്തിയ ഒരു പുലിയുടെ ജീവിതസന്ദേശമാണ് ഞാന്‍ ഇവിടെ പകര്‍ത്താന്‍ പോകുന്നത്. എനിക്കിവിടെ സ്വന്തമായി പറയാന്‍ അധികമൊന്നുമില്ല. ആ പുലി തനിക്കു പറയാനുള്ളതെല്ലാം രേഖപ്പെടുത്തിവച്ചിട്ടാണ് കടന്നു പോയിരിക്കുന്നത്. അതില്‍ കുറെ കാര്യങ്ങള്‍ ഒരു സുവിശേഷകനെപ്പോലെ പകര്‍ത്തുക എന്നത് എനിക്കു കിട്ടിയ ഒരു നിയോഗമാണെന്നു ഞാന്‍ അറിയുന്നു.
ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ തൂലികകൊണ്ടു തന്നെ രേഖപ്പെടുത്തിയ ഭാരതത്തിനുള്ള ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സുവിശേഷം പകര്‍ത്തുന്ന വിനായകന്‍ മാത്രമാണ് ഞാന്‍.
(മഹാഭാരതം രചിച്ചത് കൃഷ്ണ ദൈ്വപായന വ്യാസനാണെന്നു നമുക്കെല്ലാം അറിയാം. അതു വ്യാസന്‍ പറഞ്ഞുകൊടുത്തപ്പോള്‍ പകര്‍ത്തിയത് പരമശിവന്റെ പുത്രനായ ഗണപതിയായിരുന്നു. ഗണപതി അതെഴുതിയത് തന്റെ ഒടിഞ്ഞ കൊമ്പുകൊണ്ടായിരുന്നു. ഗണപതിയുടെ കൊമ്പൊടിഞ്ഞ കഥയിലാകട്ടെ കലാകാരന്‍ സ്വന്തം അഹന്തയെ തന്നില്‍നിന്ന് ഒടിച്ചുമാറ്റി അതുകൊണ്ടുവേണം സര്‍ഗരചന നടത്താന്‍ എന്ന ധ്വനിയുമുണ്ട്.)
മഹാഭാരതം രചിച്ച വ്യാസന്‍ തന്നെയാണ് അതിലെ കൃഷ്ണനും എന്ന് നമ്മോട് ആ കൃതിതന്നെ ഗൂഢമായി പറയുന്നുണ്ട്. അതുപോലെ സുവിശേഷങ്ങളിലെ യേശുവില്‍ സുവിശേഷകന്മാരുടെ ആത്മാവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നിങ്ങള്‍ ശ്രീ.പുലിക്കുന്നേലിനെക്കാള്‍ എന്നെ കാണരുതെന്ന്  എനിക്കാഗ്രഹമുണ്ട്. അതിനാല്‍ത്തന്നെ ഇതില്‍ 90 ശതമാനവും അദ്ദേഹത്തിന്റെ രചനകളില്‍നിന്നുള്ള ഉദ്ധരണികളാണ്. തന്റെ കൃതികള്‍ക്ക് പകര്‍പ്പവകാശം ഇല്ലെന്നും പരമാവധി ആളുകളില്‍ എത്തിക്കാന്‍ ആര്‍ക്കും അവകാശമുണ്ടായിരിക്കുമെന്നും 'ഓശാന' എന്ന പേരില്‍ത്തന്നെ ബ്ലോഗ് തുടങ്ങാൻ അനുവാദം ചോദിച്ചപ്പോൾ അദ്ദേഹമെന്നോട് വ്യക്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ ഫേസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന ഈ കൃതിയുടെ പൂർണരൂപം വര്‍ഷങ്ങള്‍ക്കുമുമ്പേ ഞാന്‍ തുടങ്ങിയ 'ഓശാന' എന്ന ബ്ലോഗ് പുനരാരംഭിച്ച്  തിലായിരിക്കും പ്രസിദ്ധീകരിക്കുക. 
ആദ്യ അധ്യായം പുലിക്കുന്നൻ സ്വന്തം നിയോഗം സ്വയംതിരിച്ചറിഞ്ഞതായി  രേഖപ്പെടുത്തി യിട്ടുള്ള ഒരു  സംഭവമാണ്. മുമ്പേതന്നെ അദ്ദേഹം നടത്തിയ കേരളസഭയുടെ രോഗനിർണമാണ് അടുത്തത്. തുടർന്ന് ഓശാന മാസിക തുടങ്ങാൻ പ്രേരകമായ സംഭവങ്ങളാണ്. അതിനുശേഷമുള്ള ഭാഗം അദ്ദേഹം ഓശാനയിലെ ലേഖനങ്ങളിലൂടെ സഭയ്ക്കു വിധിച്ച കഷായങ്ങളാണ്. അവയ്ക്കിടയിൽ അദ്ദേഹം കുറിച്ച ഫലിതങ്ങളെ മേമ്പൊടിയായും ചേർത്തിരിക്കും.
ഈ കൃതി ഒരു പ്രത്യേകരീതിയിലാണ് പ്രസിദ്ധീകരിക്കുന്നത്. ഇന്റര്‍നെറ്റിലൂടെ ദിവസവും ഒരധ്യായം വീതം ഈ കൃതി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കും. (ഞാനിവിടെ മാതൃകയാക്കുന്നത് മഹാഭാരതം ആധുനികശൈലിയില്‍ കാലഘട്ടത്തിനിണങ്ങിയ വിധത്തില്‍ നോവലുകളാക്കുന്ന ജയമോഹൻ തന്റെ കൃതികൾ പ്രസിദ്ധീകരിക്കുന്ന രീതിയാണ്. അദ്ദേഹവും എന്നെപ്പോലെ ഗുരുനിത്യചൈതന്യ യതിയുടെ ആയിരം പൂക്കളില്‍ ഒരു പൂവാണ്.)

No comments:

Post a Comment