Thursday 15 February 2018

കത്തോലിക്കാസഭയിലെ നേതൃത്വഹത്യ

(ഓശാനയില്‍ ആദ്യലക്കംമുതല്‍ ഉണ്ടായിരുന്ന യുവാക്കന്മാര്‍ക്കുള്ള പംക്തിയാണ് 'യുവശക്തി'. കേരളത്തിലെ കത്തോലിക്കാ യുവാക്കന്മാരുടെ സാമൂഹ്യപ്രശ്‌നങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ആദ്യലക്കത്തില്‍ ആ പംക്തിയില്‍ കൊടുത്തിരുന്ന ലേഖനത്തില്‍നിന്നുള്ള ഇന്നും പ്രസക്തമായ 
ഭാഗങ്ങളാണ് ഇവിടെ.)

നേതൃത്വരഹസ്യം

ആരാണ് നേതാവ്? എന്താണീ നേതൃത്വം? അവനവന്‍ ജീവിക്കുന്ന സമൂഹത്തില്‍ തൂത്തെറിയപ്പെടേണ്ട ചിന്തകള്‍ക്കും ചട്ടക്കൂടുകള്‍ക്കും പാരമ്പര്യങ്ങള്‍ക്കും എതിരായി ജനങ്ങളെ പഠിപ്പിച്ച്, സംഘടിപ്പിച്ച്, വിശ്വാസം ആര്‍ജ്ജിച്ച്, ആദര്‍ശത്തിന്റെ കൊടിക്കീഴില്‍ അവരെ നയിക്കാന്‍ കഴിയുന്നവനാണ് നേതാവ്. ആ നേതാവിന് വ്യക്തമായ സാമൂഹ്യ കാഴ്ചപ്പാടുണ്ടായിരിക്കണം. അത് ബുദ്ധിയുടെ ഉലയില്‍വെച്ച് തനി തങ്കമായി മാറ്റണം. സ്വന്തമായ കഴിവിലുള്ള വിശ്വാസം വളര്‍ത്തുകയും അന്യരുടെ വിശ്വാസം ആര്‍ജ്ജിക്കുകയും വേണം. അതോടൊപ്പം കര്‍മ്മപദ്ധതികള്‍ക്ക് രൂപം കൊടുക്കണം. ലക്ഷ്യപ്രാപ്തിക്കുവേണ്ടി അനവരതം പോരാടണം. ആ പോരാട്ടത്തിനുള്ള ആവേശവും ശക്തിയും കൊടുക്കുന്നത് ലക്ഷ്യസാദ്ധ്യത്തിലുള്ള ശുഭപ്രതീക്ഷയും പ്രവര്‍ത്തിയിലുള്ള ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ്. ഇതത്രെ നേതൃത്വത്തിന്റെ രഹസ്യം.

പൊരുത്തക്കേട് വാക്കിലും പ്രവൃത്തിയിലും
കത്തോലിക്കാ സമുദായത്തില്‍ ഒരു ബാലന്‍ ആദ്യം ചെന്നെത്തുന്ന സാമൂഹ്യ സംഘടന പള്ളിയാണ്. അവന് പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന മണ്ഡലങ്ങള്‍ സൊഡാലിറ്റിയും ലീജിയന്‍ ഓഫ് മേരിയും അഖില കേരള ചെറുപുഷ്പ മിഷന്‍ ലീഗും മറ്റുമാണ്. ഇവയിലെല്ലാം പ്രാര്‍ത്ഥനയ്ക്കും പണപ്പിരിവിനും വേണ്ടതായ ഭാവനയ്ക്കപ്പുറം ഒന്നും ആവശ്യമില്ല. അവന്റെ ചിന്തയുടെയും വിജ്ഞാനത്തിന്റെയും ചക്രവാളം വളരുന്നതോടുകൂടി അവന്‍ ജീവിക്കുന്ന സമൂഹത്തിലെ അനീതിയിലേക്കും പൊയ്മുഖങ്ങളിലേക്കും അവന്റെ ആദര്‍ശം ഛേദം സംഭവിക്കാത്ത ദൃഷ്ടി ചെന്നു പതിക്കുന്നു. 'മനുഷ്യപുത്രനു തലചായ്ക്കാന്‍' സ്ഥലമില്ലെന്ന് അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ച മനുഷ്യപുത്രന്റെ അനുയായി, സിംഹാസത്തിന്റെ വേണഭൂഷാഡംബരങ്ങളോടെ ഇരിക്കുന്നു.  ''നിങ്ങള്‍ ഭൂമിയില്‍ പിതാവേ എന്ന് ആരേയും വിളിക്കരുത്'' (മത്തായി 23: 3) എന്നു കല്പിച്ച മിശിഹായുടെ പള്ളിയകത്തുവെച്ച് 'ഞങ്ങളുടെ പിതാവിനും മേല്‍പ്പട്ടക്കാരനും' വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴിയില്‍ക്കൂടി പ്രവേശിക്കുന്നതുപോലെ ക്ലേശകരമാണ് എന്നു കല്പിച്ച ക്രിസ്തുവിന്റെ അനുയായികള്‍ എട്ടും പത്തും പേര്‍ പണക്കാരന്റെ ശവക്കല്ലറക്കടുക്കല്‍ 'നെറ്റിപ്പട്ടങ്ങള്‍ക്കു വീതികൂട്ടി കുപ്പായങ്ങളുടെ തൊങ്ങലുകള്‍ നീട്ടി നില്‍ക്കുന്നു' (മത്തായി 23-5). ''നീ പ്രാര്‍ഥിക്കുമ്പോള്‍ മനുഷ്യരാല്‍ കാണപ്പെടുവാന്‍ സംഘങ്ങളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കുവാന്‍ ഇഷ്ടപ്പെടുന്ന കപടഭക്തരേപ്പോലെ ആകരുത്..... നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍വെച്ച്, രഹസ്യത്തിലിരിക്കുന്ന നിന്റെ പിതാവിനോട് പ്രാര്‍ഥിക്കുക'' (മത്തായി 6:6) എന്നു ഉപദേശിച്ച മിശിഹായുടെ അനുയായികള്‍ പരിഹാരപ്രദക്ഷിണങ്ങളും പ്രാര്‍ഥനയുടെ അലര്‍ച്ചയുമായി തെരുവീഥികളില്‍ യാത്രാതടസ്സം വരുത്തി പ്രാര്‍ത്ഥനപ്രകടനം നടത്തുന്നു. 'സഞ്ചികളോ ഭാണ്ഡങ്ങളോ ചെരിപ്പുകളോ എടുക്കാതെ' (ലൂക്കാ 10: 4) മിശിഹായുടെ വചനങ്ങളുടെ സംരക്ഷണക്കുടക്കീഴില്‍ ആശ്വാസം കണ്ടെത്താന്‍ കല്പിച്ച മിശിഹായുടെ അനുയായികള്‍ അരമനകളും എസ്റ്റേറ്റുകളും വേനല്‍ക്കാല വസതികളും മത്സരിച്ചു വാങ്ങുന്നു. ദാരിദ്ര്യം വ്രതമായി സ്വീകരിച്ചവര്‍, മൂന്നുനില കെട്ടിടങ്ങളില്‍ സമ്പന്നരായി ജീവിക്കുന്നു.
അസ്വസ്ഥത ആരംഭിക്കുന്നു.
ഈ വൈരുദ്ധ്യങ്ങള്‍ നിഷ്‌കളങ്കവും ആദര്‍ശനിര്‍ഭരവുമായ ഹൃദയത്തില്‍ ആഴമേറിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. ഈ അനാചാരങ്ങളുടെ മാറാലകളും പൊയ്മുഖവും വലിച്ചു ചീന്താന്‍ അവന്‍ ആഗ്രഹിക്കുന്നു. അവന്റെ ചിന്ത അസ്വസ്ഥമാകുന്നു.
മാര്‍ഗ്ഗങ്ങള്‍ രണ്ടേ ഉള്ളു.
പക്ഷേ, ഒരു കത്തോലിക്കന്‍ അതു ചെയ്യാന്‍ പാടില്ല! സമൂഹത്തിന്റെ ആധിപത്യം നീണ്ടവസ്ത്രങ്ങളില്‍ പൊതിഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ള അധികാരം കല്പിക്കും. ''പ്രാര്‍ഥിക്കുക, പരിഹാരം ചെയ്യുക, പെരുന്നാളു കഴിക്കുക, വിയാസാക്ര നടത്തുക, പണം പിരിക്കുക'' ഇവയൊക്കെ നല്ലവണ്ണം അനുസരിക്കുന്നവന്‍ നല്ല കത്തോലിക്കന്റെ പട്ടികയില്‍ കടന്നുകൂടുന്നു. ഒന്നുകില്‍ സ്വയം വേറൊരു പൊയ്മുഖമണിഞ്ഞ് 'നല്ല കുട്ടിയായി', 'ഭക്തനായി' കഴിയുക അല്ലെങ്കില്‍ പൊയ്മുഖങ്ങള്‍ സ്വയം ഒളിക്കുന്ന സാമൂഹ്യ മാന്യതയുടെ പൊന്തക്കാടുകള്‍ തല്ലിത്തകര്‍ക്കുക.
രണ്ടാമത്തേതാണ് നേതൃത്വസിദ്ധിയുള്ളവര്‍ സ്വീകരിക്കുക. അപ്പോള്‍ അവര്‍ പുറത്താക്കപ്പെടുന്നു. സഭയ്ക്കു പുറത്ത്. സമുദായത്തിനു പുറത്ത്.

No comments:

Post a Comment