Monday 5 February 2018

അലിഖിത പാരമ്പര്യത്തിന്ന് ഒരപവാദം

1975 ഒക്‌ടോബര്‍ മാസത്തിലാണ് ഓശാന മാസികയുടെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചത്. അതിലെ എഡിറ്റോറിയലില്‍നിന്നുള്ള ആദ്യഭാഗമാണ് താഴെ കൊടുക്കുന്നത്:
പ്രസിദ്ധീകരണശാഖയില്‍ ഓശാന ഒരു പുതിയ അധ്യായം കുറിയ്ക്കുകയാണ്. പുരോഹിതന്മാര്‍ക്ക് പൂര്‍ണനിയന്ത്രണമുള്ളതും രൂപതകളോ സന്യാസസഭകളോ നടത്തുന്നതുമായ പ്രസിദ്ധീകരണങ്ങളത്രെ കത്തോലിക്കാമത പ്രസിദ്ധീകരണങ്ങള്‍ എന്ന പേരില്‍ ഇന്നറിയപ്പെടുന്നത്. ആശയപ്രചാരണോപാധികളുടെമേല്‍ പുരോഹിതര്‍ക്കുള്ള ഈ കുത്തക ഒരലിഖിത നിയമംപോലെ നിലനില്‍ക്കുകയാണ്. മതവും മതകാര്യങ്ങളും മതചിന്തയും വ്യാഖ്യാനവുമെല്ലാം പുരോഹിതര്‍ക്കുള്ളതാണെന്ന പൊതുധാരണയില്‍ ചില തിരുത്തലുകള്‍ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.
കത്തോലിക്കാസഭാനവീകരണ പ്രസ്ഥാനത്തിന്റെ വകയായ ഈ പ്രസിദ്ധീകരണം ഈ അലിഖിത പാരമ്പര്യത്തിന്ന് ഒരപവാദമാകയാല്‍ ഇതിന്റെ അടിസ്ഥാനാശയലക്ഷ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്. ഒരു പ്രമുഖ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ഫാ. ഹാന്‍സ്‌ക്യൂങ് കത്തോലിക്കാസഭയിലുള്ള രണ്ടു വ്യത്യസ്ത മുഖങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു: ''സാധാരണയായി, സഭയെക്കുറിച്ച് രണ്ടു വ്യത്യസ്ത രീതിയില്‍ സംസാരിച്ചു കേള്‍ക്കാറുണ്ട്. ആദര്‍ശവാദിയായ ഒരാള്‍, അയാള്‍ വൈദികനോ അല്‍മായനോ ആകട്ടെ, അയാള്‍ പ്രസംഗിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും സാധാരണ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമ്പോഴും തിരുസഭയെ ദൈവത്തിന്റെ സഭയായാണ് ചിത്രീകരിക്കുക. അയാളുടെ ദൃഷ്ടിയില്‍ സഭ സംശുദ്ധയും കറയോ കളങ്കമോ ഇല്ലാത്തവളുമാണ് - അവള്‍ മനുഷ്യരക്ഷ, ദൈവമഹത്വം എന്നിവയില്‍ മാത്രം വ്യാപൃതയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യവാദി തെരുവിലെ മനുഷ്യനാണ്. കടയില്‍ പോകുകയും പത്രക്കടലാസ് മറിച്ചുനോക്കുകയും ചെയ്യുന്ന സാധാരണക്കാരന്‍. അയാളുടെ ദൃഷ്ടിയില്‍, സഭ മനുഷ്യരുടെ സമൂഹം മാത്രമാണ്. സഭയുടെ ശിരസ്സും അവയവവുമെല്ലാം തീര്‍ത്തും മാനുഷികമാണ്. പരുഷവും സഹാനുഭൂതിയില്ലാത്തതുമായ യന്ത്രം - സ്വാതന്ത്ര്യത്തിന്റെ ബദ്ധശത്രു; ഈ ലോകത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ കൈകടത്തുന്ന അധികാരവ്യാമൂഢ - അവളില്‍ എല്ലാവിധ കുറ്റങ്ങളും കുറവുകളുമുണ്ട്.
ഇവര്‍ രണ്ടുപേരില്‍ ആരുടെ ചിത്രമാണ് ശരി? രണ്ടുപേരുടേതും ശരിയാണ്. പക്ഷേ വ്യത്യസ്തരീതിയിലാണെന്നു മാത്രം; അതുപോലെ രണ്ടുപേരുടേതും തെറ്റുമാണ്.
ശരിയാണെന്നു പറഞ്ഞതിനു കാരണം, ഒരുവിധത്തില്‍ അവരുടെ ചിത്രീകരണം സഭ യഥാര്‍ഥത്തില്‍ ആയിരിക്കുന്ന സ്ഥിതിയോട് അനുരൂപമാണ്. എന്നാല്‍ തെറ്റാകുന്നത്, സഭ അവര്‍ ചിത്രീകരിക്കുന്നതുപോലെ മാത്രമാണെന്ന് ഏകപക്ഷീയമായി കരുതുമ്പോഴാണ്. ഈ 'ആദര്‍ശവാദിക്കും' 'യാഥാര്‍ത്ഥ്യവാദിക്കും' സഭാനവീകരണത്തില്‍ താത്പര്യമൊന്നുമില്ല. സഭയുടെ ശോഭായമാനമായ വശംമാത്രം കാണുന്ന ആദര്‍ശവാദിക്ക്, സഭാനവീകരണം അനാവശ്യമാണ്. സഭയുടെ കറുത്തിരുണ്ട വശംമാത്രം കാണുന്ന യാഥാര്‍ത്ഥ്യവാദി പറയും നവീകരണം അസാധ്യമാണെന്ന്. സഭയെക്കുറിച്ച് യഥാര്‍ത്ഥ താല്പര്യമുള്ള സഭാംഗങ്ങള്‍ക്കു മാത്രമേ, ഇരുണ്ടു മങ്ങിയ വശത്തോടൊപ്പം, സഭയുടെ പ്രകാശ പൂര്‍ണമായ വശത്തിലും വിശ്വസിക്കാനാകൂ'' (പഴയസഭയും പുതിയ യുഗവും - ഹാന്‍സ്‌ക്യൂങ്; തര്‍ജമ. ഫാ. തുണ്ടിയില്‍ സി.എം.ഐ; പ്രകാശം പബ്ലിക്കേഷന്‍സ്, ആലപ്പുഴ). 

No comments:

Post a Comment