Wednesday 21 February 2018

പെരുന്നാളുകള്‍

(42 വര്‍ഷം മുമ്പ് ഓശാനമാസികയുടെ ഒന്നാംലക്കത്തില്‍ പ്രസിദ്ധീകരിച്ച  ഈ ലേഖനത്തിലെ ചോദ്യം ഇന്നും പ്രസക്തമല്ലേ? 

നമ്മുടെ പള്ളിപ്പെരുന്നാളുകള്‍ നമ്മെ വിഗ്രഹാരാധകരാക്കി മാറ്റുന്നില്ലേ?)

വര്‍ഷകാലം കഴിയുന്നതോടെ കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ പെരുന്നാളുകളുടെ സീസണ്‍ ആരംഭിക്കുകയായി. ഏതെങ്കിലും പ്രത്യേക പള്ളിയിലെ പുണ്യവാളന്റേയോ പുണ്യവാളത്തിയുടേയോ അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്ക് സംലബ്ധമാക്കണമെന്ന് തീവ്രമായ ഉദ്ദേശ്യത്തോടുകൂടി പള്ളിക്കാര്യത്തില്‍ നിന്നോ പ്രസുദേന്തിമാരില്‍ നിന്നോ ഉള്ള പരസ്യങ്ങള്‍ പത്രങ്ങളിലും ബസ്സുകളിലും കണ്ടു തുടങ്ങുന്നു. പരസ്യങ്ങളില്‍, പെരുന്നാള്‍ ദിവസവും കച്ചവടത്തിനായി തറ ലേലം ചെയ്യുന്ന തീയതിയും സമയവും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. ഈ പെരുന്നാളുകളുടെ ചരിത്രപരമായ കാരണങ്ങളെയും കത്തോലിക്കാ വിശ്വാസത്തിനിവയുമായുള്ള ബന്ധങ്ങളെയുംപറ്റി യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികള്‍ ചിന്തിക്കുന്നത് ഉചിതമല്ലേ?
വിഗ്രഹങ്ങള്‍ക്ക് വിലക്ക്
ക്രൈസ്തവമതം ഏകദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന യഹൂദമതത്തെരുവില്‍ വിരിഞ്ഞ സുന്ദരസൂനമത്രേ. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ബഹുദൈവവിശ്വാസത്തിലും വിഗ്രഹാരാധനയിലും മുഴുകിയിരുന്നപ്പോള്‍, ഏകദൈവവിശ്വാസം അചഞ്ചലമായി മുറുകെ പിടിക്കുകയാണ് യഹൂദജനത ചെയ്തത്. പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യമൊഴിച്ച് മറ്റൊന്നും യഹൂദമതത്തിന്റെ, ദൈവവീക്ഷണത്തില്‍ നിന്നു വ്യത്യസ്തമായി മിശിഹാ ക്രൈസ്തവ വിശ്വാസികള്‍ക്ക് നല്‍കിയിട്ടില്ല. മനുഷ്യപാപങ്ങളുടെ പരിപൂര്‍ണ്ണ മോചനത്തിനായി, ദൈവത്തിന്റെ ഏകജാതന്‍ ഭൂതലത്തില്‍ പിറന്ന്, രക്ഷാകരകര്‍മ്മം നടത്തിയെന്ന് നാം വിശ്വസിക്കുന്നു. അത് അനിഷേധ്യമായ സത്യവും വിശ്വാസവുമാണ്. പഴയ നിയമത്തിന്റെ തുടര്‍ച്ച മാത്രമാണ് പുതിയ നിയമം. മോശെയ്ക്ക് ദൈവം നല്‍കിയ പ്രമാണങ്ങളാണ് പുതിയ നിയമത്തിന്റെയും പഴയ നിയമത്തിന്റെയും ആണിക്കല്ല്. പത്തു പ്രമാണങ്ങളില്‍ ഒന്നാമത്തേത് ഇങ്ങനെയാണ്. ''ഈജിപ്ത് നാട്ടില്‍ത്‌നിന്ന് അടിമത്തത്തിന്റെ നാട്ടില്‍നിന്ന് നിന്നെ പുറത്താക്കാനയച്ചവനും നിന്റെ ദൈവവുമായ കര്‍ത്താവ് ഞാനാകുന്നു. ഞാനല്ലാതെ വേറെ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ കീഴെ ഭൂമിയിലോ ഭൂമിക്കടയിലോ ജലത്തിലോ ഉള്ള യാതൊന്നിന്റെയും വിഗ്രഹമോ രൂപമോ നീ ഉണ്ടാക്കരുത്. നീ അവയെ ആരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്'' (പുറപ്പാട് 20: 2-4). മിശിഹ പിറന്ന കാലത്തും ഇന്നും ഈ അടിസ്ഥാനവിശ്വാസം യഹൂദരിലുണ്ട്. മനോഹരമായ ജെറൂശലേം ദേവാലയത്തില്‍പോലും ആദിപിതാവ് അബ്രഹാമിന്റെയോ, ഇസ്രായേലിന്റെ കുലപതിയായ യാക്കോബിന്റെയോ, രൂപങ്ങള്‍ ഉണ്ടായിരുന്നില്ല. അത് ദേവാലയം മാത്രമായിരുന്നു.
വിഗ്രഹങ്ങള്‍ ക്രിസ്തുമതത്തിലേക്ക്
ക്രിസ്തുമതം ആദ്യകാലങ്ങളില്‍ വിഗ്രഹനിര്‍മ്മാണത്തിനും വിഗ്രഹാരാധനയ്ക്കും വിരുദ്ധമായ നിലപാടാണെടുത്തിട്ടുള്ളത്. മിശിഹായുടെ കല്‌നകളനുസരിച്ച് മോശെയുടെ പ്രമാണങ്ങളില്‍ മുറുകെ പിടിക്കാന്‍ ആദിമ സഭ ജാഗരൂകരായിരുന്നു. ''വിഗ്രഹങ്ങള്‍ക്ക് ഒരു സ്ഥാനവും ഇല്ലെന്നും, ഏകദൈവമല്ലാതെ വേറൊരു ദൈവമില്ലെന്നും നിങ്ങള്‍ക്കറിയാല്ലോ? അകാശത്തിലും ഭൂമിയിലും ദേവന്മാരെന്നും കര്‍ത്താക്കളെന്നും പേരുള്ള പലരുമുണ്ടെങ്കിലും, പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളു. അവിടുന്നാണ് സമസ്തവും സൃഷ്ടിച്ചതും. നാം അവിടുത്തേക്കായി ജീവിക്കേണ്ടവരുമാണ്. ഈശോമിശിഹായെന്ന ഏക കര്‍ത്താവേ നമുക്കുള്ളു. അവിടുന്നു വഴി സമസ്തവുമുണ്ടായി. അവിടുന്നുവഴി നാമും ആവിര്‍ഭവിച്ചു. എന്നാല്‍ എല്ലാവര്‍ക്കും ഒരു ബോധമില്ല, ചിലര്‍ ഇന്നും വിഗ്രഹാരാധനയില്‍ മുഴുകിയിരിക്കുകയാണ്'' (1 കോറി. 8: 4-7). വിശുദ്ധ പൗലോസ് വിഗ്രഹങ്ങള്‍ സൃഷ്ടിക്കുന്നതിനെയും വിഗ്രഹാര്‍പ്പിതങ്ങള്‍ ഭക്ഷിക്കുന്നതിനെയും എതിര്‍ക്കുന്നുണ്ട്. റോമാസാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന റോമയില്‍ ജനങ്ങള്‍ വിഗ്രഹാരാധനക്കാരായിരുന്നു. ചക്രവര്‍ത്തിയുടെ വിഗ്രഹങ്ങള്‍വരെ നിര്‍മ്മിച്ച് പൂജിക്കുന്ന പതിവ് അവര്‍ക്കുണ്ടായിരുന്നു. റോമന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെട്ടതിനുശേഷം റോമയിലെ ജനങ്ങള്‍ ക്രിസ്തുമതത്തിലേക്ക് പ്രവഹിച്ചു. അന്ന് റോമില്‍ നിലവിലുണ്ടായിരുന്ന പ്രാകൃതമതം ക്രിസ്തുതത്തെ സ്വാധീനിച്ചു. അതിന്റെ ഫലമാണ് ക്രിസ്തുമതത്തിലെ വിഗ്രഹങ്ങള്‍. ക്രൈസ്തവമത വിശ്വാസത്തിന്റെ ആണിക്കല്ലായ മോശെയുടെ അടിസ്ഥാനപ്രമാണങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് രൂപങ്ങള്‍ നിര്‍മ്മിച്ച് പള്ളികളില്‍ സ്ഥാപിക്കാന്‍ തുടങ്ങി.
ഹിന്ദുമതത്തില്‍
ഇന്ത്യയിലും അതുതന്നെയാണു സംഭവിച്ചത്. ഹിന്ദുമതവിശ്വാസമനുസരിച്ച് മന്ത്രങ്ങള്‍ കൊണ്ട് വിഗ്രഹങ്ങളില്‍ ശക്തി ആവാഹിപ്പിച്ച് തേജസ്സുറ്റതാക്കിത്തീര്‍ക്കുന്നു. അവ കല്ലുകൊണ്ടോ പഞ്ചലോഹം കൊണ്ടോ അഞ്ജനക്കല്ലുകൊണ്ടോ, നിര്‍മ്മിച്ചതാണെങ്കിലും ശക്തിയുള്ളതായിത്തീരുന്നു. അങ്ങിനെയാണ് ഗുരുവായൂരപ്പനും ശബരിമല അയ്യപ്പനും ദൈവശക്തി ലഭിക്കുന്നതെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. ക്രിസ്ത്യാനികള്‍ക്ക് അങ്ങിനെ ഒരു വിശ്വാസമില്ല. ഒരു പ്രത്യേകരൂപത്തിനു ശക്തിയുള്ളതായി ക്രിസ്തു മതവിശ്വാസത്തിലില്ല, മാത്രമല്ല, ഇത്തരം വിശ്വാസങ്ങള്‍ ക്രിസ്തുമതത്തിന്റെ ദൈവവീക്ഷണത്തിനു കടക വിരുദ്ധവുമാണ്.
അരീത്ര വെല്ലിച്ചനും ശബരിമല അയ്യപ്പനും

ക്രിസ്തുമതവീക്ഷണത്തില്‍ വിഗ്രഹങ്ങള്‍ക്കും രൂപങ്ങള്‍ക്കും ഒരു സ്ഥാനവുമില്ലെങ്കിലും നിര്‍ഭാഗ്യവശാല്‍ പ്രായോഗികമതത്തില്‍ ഇന്നു നില നേരേ മറിച്ചാണ്. പഴയ പള്ളികളിലുള്ള ചില വിശുദ്ധന്മാരുടെ രൂപങ്ങളോട് പ്രത്യേകമായ ഭക്തിയും വണക്കവും ഇന്ന് കേരളസഭയിലുണ്ട്. അതിരമ്പുഴയും അര്‍ത്തുങ്കലുമുള്ള ദേവസ്യാനോസ് പുണ്യവാളന്റെ രൂപം, എടത്വായിലും ഇടപ്പള്ളിയിലുമുള്ള ഗീവര്‍ഗീസ് സഹദായുടെ രൂപം, അരുവിത്തുറയിലുള്ള ഗീവര്‍ഗീസ് വല്ല്യച്ചന്റെ രൂപം, മയ്യഴിപ്പള്ളിയിലെ അമ്മ ത്രേസ്യയുടെ രൂപം - ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത രൂപങ്ങള്‍. ഇവയ്ക്ക് പ്രത്യേക ശക്തിയുള്ളതായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേര്‍ച്ചകാഴ്ചകള്‍ വാങ്ങുന്ന സമ്പ്രദായം നിര്‍ഭാഗ്യവശാല്‍ ഇന്നു നിലവിലുണ്ട്. ധീരോദാത്തമായ പുണ്യജീവിതംകൊണ്ട് ആത്മസാക്ഷാത്ക്കാരം നേടിയവരാണ് ഈ വിശുദ്ധന്മാര്‍. എന്നാല്‍ തടികൊണ്ടോ കളിമണ്ണുകൊണ്ടോ നിര്‍മ്മിച്ച ഒരു പ്രതിമയ്ക്ക് എന്തെങ്കിലും ശക്തിയുണ്ടെന്നു പ്രചരിപ്പിക്കുന്നത് അജ്ഞരായ ജനങ്ങളെ ചൂഷണം ചെയ്യലാണ്; ക്രൈസ്തവമതവിരുദ്ധമാണ്. എടത്വായിലെ പുണ്യാളനും, അരീത്രവല്യച്ചനും നേര്‍ച്ചയിട്ടില്ലെങ്കില്‍ അവര്‍ പാമ്പിനെ അയയ്ക്കുമെന്ന ഭയം ജനങ്ങളില്‍ സൃഷ്ടിക്കുന്നു. ദേവസ്യാനോസ് പുണ്യവാളന് ചേര്‍ച്ച കാഴ്ചകള്‍ നല്‍കിയില്ലെങ്കില്‍ അദ്ദേഹം നാട്ടില്‍ 'വസന്ത' വിതയ്ക്കുമെന്നു ഭയപ്പെടുത്തുന്നു. അങ്ങിനെ നേര്‍ച്ചകാഴ്ചകള്‍ ലഭിച്ചില്ലെങ്കില്‍ മനുഷ്യദ്രോഹം ചെയ്യുന്ന ക്ഷൂദ്രബുദ്ധികളാണ് ഈ വിശുദ്ധന്മാരെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കൈക്കൂലി കൊടുത്തില്ലെങ്കില്‍ മനുഷ്യരെ തല്ലുന്ന പോലീസുകാരന്റെയും കൈക്കൂലി കൊടുത്തില്ലെങ്കില്‍ പ്ലാന്റേഷന്‍ നികുതി വര്‍ദ്ധിപ്പിക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെയും നിലയിലേക്ക് പുണ്യചരിതരായ ഈ വിശുദ്ധന്മാരെ നാം അധഃപതിപ്പിക്കുകയാണ്. ഇത് ആ പുണ്യാന്മാക്കളോടു ചെയ്യുന്ന അപരാധമത്രെ. ഓരോ കാര്യസാധ്യത്തിനായി ഓരോ പുണ്യവാളനും സ്വര്‍ഗ്ഗത്തില്‍ 'പോര്‍ട്ടു ഫോളിയോ' നിശ്ചയിച്ചിട്ടുണ്ടെന്നു തോന്നും പ്രചരണങ്ങളുടെ പോക്കു കണ്ടാല്‍. തന്റെ തിരുസൂതന്റെ രക്തം കൊണ്ട് മനുഷ്യവര്‍ഗ്ഗത്തെ രക്ഷിച്ച സ്‌നേഹസ്വരൂപനും സകല നന്മസ്വരൂപനുമായ ദൈവത്തെ സ്വാധീനിക്കുന്നതിന് പണവും നേര്‍ച്ച കാഴ്ചകളും വാങ്ങി ശുപാര്‍ശ ചെയ്യുന്ന നാലാംകിട രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് ഇന്ന്  പുണ്യവാന്മാരെ നാം അധഃപതിപ്പിച്ചുവെന്നത് ജൂഗുപ്‌സാവഹമാണ്. ശബരിമലയ്ക്ക് ശരണം വിളിച്ചുപോകുന്ന അയ്യപ്പഭക്തനെ നമുക്ക് ന്യായീകരിക്കാം. കാരണം ശബരിമല ധര്‍മ്മശാസ്താവിന്റെ വിഗ്രഹം ശക്തിയും തേജസ്സുമുറ്റതാണെന്ന് ആ തീര്‍ഥാടകന്‍ വിശ്വസിക്കുന്നു. എന്നാല്‍ ക്രിസ്തുവിന്റെ പഠനം അതില്‍നിന്നു വ്യത്യസ്തമാണ്. 'സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഏകന്‍ മാത്രമാണ് നിങ്ങളുടെ ഗുരുവും നായകനും' എന്ന് മിശിഹാ അസന്ദിഗ്ധമായി കല്പ്പിച്ചു. സകല വരങ്ങളുടെയും നന്മകളുടെയും ദാതാവ് ഏകനും ആദിയും അന്തവുമില്ലാത്തവനുമായ പിതാവാകുന്നു. ആ പിതാവിന്റെ ഇഷ്ടം നിറവേറ്റല്‍ മാത്രമായിരുന്നു മിശിഹായുടെ കര്‍മ്മസരണി. അവിടെ വിഗ്രഹങ്ങള്‍ക്കോ രൂപങ്ങള്‍ക്കോ സ്ഥാനമില്ല.

No comments:

Post a Comment