Tuesday 13 February 2018

സഭാസ്ഥാപനങ്ങളുടെ നടത്തിപ്പും ഉന്നതക്രൈസ്തവമൂല്യങ്ങളും

'ഓശാന'യുടെ ആദ്യ ലക്കത്തിലെ എഡിറ്റോറിയലില്‍നിന്നുള്ള 
മറ്റൊരു  പ്രസക്തഭാഗമാണ് ഇനി കൊടുക്കുന്നത്:
അധികാരത്തെയും അധികാരം കയ്യാളുന്ന സഭാനേതൃത്വത്തെയും സോദ്ദേശകമായി വിമര്‍ശിക്കുന്നതുപോലും തെറ്റാണെന്ന ഭാവം വച്ചുപുലര്‍ത്തുന്നവര്‍ ഇന്നും ഉണ്ട്. സഭാധികാരികള്‍ തെറ്റുചെയ്താല്‍ പുറത്തുപറയുന്നതും പാപമാണെന്നാണ് ഇവരുടെ വാദം. വ്യക്തിവിരോധം വച്ചുകൊണ്ടുള്ള സ്വഭാവഹത്യാശ്രമങ്ങളെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. സഭാവിമര്‍ശനമെന്നാല്‍, ഏതെങ്കിലും മെത്രാന്റെയോ വൈദികന്റെയോ മനുഷ്യസഹജമായ ബലഹീനതകളുടെയും സ്വഭാവവൈകല്യങ്ങളുടെയും വിഴുപ്പുകള്‍ പൊതുജനമധ്യത്തില്‍ അലക്കുകയെന്നതല്ല; മറിച്ച്, സഭയിലുള്ള അനാചാരങ്ങളുടെയും അക്രൈസ്തവചിന്തയുടെയും നേരെ വിരല്‍ചൂണ്ടുകയെന്നതാണ്. ഈ വിമര്‍ശനത്തിനുള്ള ആത്മബലം ഞങ്ങള്‍ക്കരുളുന്നത് സുവിശേഷത്തിലെ ക്രിസ്തുവിന്റെ പഠനങ്ങളാണ്.
സഭ ഇന്ന് സ്ഥാപനാകാരയാണ്. അധികാരപരയാണ്. അവള്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥപഠനങ്ങളില്‍നിന്നും വിദൂരസ്ഥയാണ്. സഭ മുടിയനായ പുത്രനെപ്പോലെ, സുഖഭോഗങ്ങളുടെയും അധികാരത്തിന്റെയും പുറകെ ഓടിയകന്നുകഴിഞ്ഞു. കര്‍ത്താവിന്റെ മുന്തിരിത്തോട്ടം കളകള്‍കൊണ്ടു നിറഞ്ഞുകഴിഞ്ഞു. നയിക്കേണ്ടവര്‍ റബര്‍ത്തോട്ടവും ഏലത്തോട്ടവും സമ്പാദിക്കാന്‍ ഉഴറുകയാണ്. സുവിശേഷം പ്രസംഗിക്കാന്‍ ആളുകള്‍ കുറയുന്നു. അതിനു നിശ്ചയിക്കപ്പെട്ടവര്‍ കോളജുകളില്‍ ഷേക്‌സ്പിയറും ഇക്കണോമിക്‌സും പഠിപ്പിക്കുന്നു.
ഇടവകയില്‍ സേവനം അനുഷ്ഠിക്കുന്നത് തരംതാഴ്ന്ന പണിയാണ്. മെത്രാനച്ചന്റെ സെക്രട്ടറിപദവും അരമനയിലേക്കുള്ള പസ്‌തേന്തിയും ഇന്നു അഭികാമ്യമായിത്തീര്‍ന്നിരിക്കുന്നു. ഒരു നല്ല സുവിശേഷപ്രസംഗകനാകുന്നതിനേക്കാള്‍ പ്രയോരും സുപ്പീരിയറും ആകുന്നതാണ് ദൈവസേവനം എന്ന നില ഇന്ന് വന്നിരിക്കുന്നു. 'ദൈവവിളി' പരിശുദ്ധാത്മാവിന്റെ ഒരു പ്രത്യേക വരം എന്നതിനപ്പുറം പത്രപ്പരസ്യങ്ങള്‍കൊണ്ട് സൃഷ്ടിക്കപ്പെടുന്ന 'മനുഷ്യവിളി' ആയിത്തീര്‍ന്നിരിക്കുന്നു.
മതം മനുഷ്യഹൃദയങ്ങളെ നവീകരിക്കുകയും വീണ്ടും ജനിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതിനുപകരം ഇന്ന് സാമൂഹ്യസ്ഥാപനങ്ങളുടെ അനുസ്യൂതമായ നിര്‍മാണത്തില്‍ വ്യാപൃതമായിരിക്കുകയാണ്. ഈ സ്ഥാപനങ്ങളുടെ നടത്തിപ്പും ഭരണവും ഉന്നതക്രൈസ്തവമൂല്യങ്ങളാല്‍ നിയന്ത്രിതമല്ല. ഉപ്പിന് ഉറ കെട്ടുപോയിരിക്കുന്നു.
സഭയുടെ സംഘടനയിലും സ്ഥാപനങ്ങളുടെ നടത്തിപ്പിലും ദൈവശാസ്ത്രത്തിന്റെ വിശകലന-നിഗമനങ്ങളിലും, ഇന്ന് സുവിശേഷഗന്ധിയായ പരിവര്‍ത്തനവും നവീകരണവും ആവശ്യമാണ്. അതിനെക്കുറിച്ച് വൈദികര്‍ക്കും അത്മായര്‍ക്കും തുറന്നെഴുതുവാന്‍ ഒരു വേദി ഇന്നില്ല. അത് ഉണ്ടാകേണ്ടത് സഭയുടെ ആവശ്യമാണ്.

ഇത്തരം ഒരു പ്രസിദ്ധീകരണം നടത്തിക്കൊണ്ടുപോകുക സാമ്പത്തികമായ ഒരു വലിയ ഭാരമാണ് ഇന്ന്. സഹൃദയരും ക്രൈസ്തവവിശ്വാസത്തിന്റെ ദീപശിഖാവാഹകരുമായ-നവീകരണത്തിനുവേണ്ടി ദാഹിക്കുന്ന - സഭാംഗങ്ങള്‍ ഈ പ്രസിദ്ധീകരണത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും സഹായിക്കുകയും ചെയ്യും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. വിശുദ്ധ പൗലോസ് തിമാതിയാസിന് എഴുതിയ നിര്‍ദേശമാണ് ഞങ്ങളുടെ പ്രചോദനം; ''ദൈവവചനം പ്രസംഗിക്കുക, സമയത്തും അസമയത്തും ജാഗ്രതാപൂര്‍വ്വം വര്‍ത്തിക്കുക, ബോധ്യം നല്കുക, ശാസിക്കുക, ഉപദേശിക്കുക; ക്ഷമ വെടിയരുത്, അധ്യാപനം ഉപേക്ഷിക്കരുത്. ജനങ്ങള്‍ ഉത്തമപ്രബോധനത്തില്‍ അസഹിഷ്ണുക്കളാകുന്ന കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ തത്പരരായി, അവര്‍ തങ്ങളുടെ ഇച്ഛയ്ക്കിണങ്ങുന്ന പ്രബോധകരെ വിളിച്ചുകൂട്ടും. സത്യം ശ്രവിക്കുന്നതില്‍നിന്നു വ്യതിചലിച്ചു പഴങ്കഥകളിലേക്കു തിരിയും. എന്നാല്‍ നീ എപ്പോഴും അചഞ്ചലനായിരിക്കുക, യാതന സഹിക്കുക, സുവിശേഷകന്റെ ദൗത്യം നിര്‍വഹിക്കുക, നിന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കുക''   (2 തിമൊ 4: 2-5).

No comments:

Post a Comment