Saturday 10 February 2018

സഭാനവീകരണത്തിന്റെ ആവശ്യം

ഓശാന മാസികയുടെ ഒന്നാം ലക്കത്തിലെ എഡിറ്റോറിയലില്‍നിന്നുള്ള മറ്റൊരു  പ്രസക്തഭാഗമാണ് താഴെ കൊടുക്കുന്നത്:

ഇന്ന് കേരളത്തില്‍ എത്ര 'സഭ'കളുണ്ട്? ക്രിസ്തു ഒരു സഭയും, ഒരു ശാശ്വതനിയമവുമാണ് സ്ഥാപിച്ചതെങ്കില്‍, സുറിയാനിക്കാര്‍തന്നെ, തെക്കും വടക്കും മലങ്കരയും; മൂന്നിനും പ്രത്യേക മെത്രാന്മാര്‍, പോലീത്താമാര്‍; പിന്നെ ലത്തീന്‍, അത് അഞ്ഞൂറും എഴുന്നൂറും; അതിനും വേറെ വേറെ മെത്രാന്മാര്‍. തിരുവനന്തപുരം പട്ടണത്തില്‍ 'ദൈവകൃപയാലും, പരിശുദ്ധസിംഹാസനത്തിന്റെ മനോഗുണത്താലും' സുറിയാനി വടക്കുംഭാഗരെ ചങ്ങനാശ്ശേരി മെത്രാന്‍ ഭരിക്കയും സ്വന്തമായ തൊഴുത്തില്‍ തന്റെ അജഗണങ്ങളെ പരിപാലിക്കയും ചെയ്യുമ്പോള്‍, മലങ്കരക്കാരെ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസും, ലത്തീന്‍കാരെ റൈറ്റ്  റവ. ഡോ. പെരേരയും ഭരിക്കുന്നു. ഇതിനുംപുറമേ, ലോകവ്യാപകമായി അധികാരമുള്ള കോട്ടയം മെത്രാന്‍ തെക്കുംഭാഗരെ ഭരിക്കുന്നു. അതുകൊണ്ടും തീരുന്നില്ല സഭ! കര്‍മ്മലീത്താസഭ, നിഷ്പാദുക ഒന്നാംസഭ, ഈശോസഭ, അസ്സീസിസഭ, സെന്റ് തോമസ് സഭ, വിന്‍സെന്‍ഷ്യന്‍സഭ, ദൈവവചനസഭ ഇങ്ങനെ സഭയ്ക്കുള്ളിലും സഭകള്‍. ഈ സഭകള്‍ സ്വന്തമായി സ്വത്തുക്കള്‍ സമ്പാദിക്കുന്നു, കെട്ടിടങ്ങള്‍ പണിയുന്നു, മുദ്രണാലയങ്ങളും ആശുപത്രികളും വിദ്യാലയങ്ങളും നടത്തുന്നു. പലപ്പോഴും സഹകരണത്തെക്കാള്‍ മത്സരബുദ്ധിയാണ് ഈ രംഗത്ത് ഭരിക്കുന്ന വികാരം.
ഈ റീത്തുകളും സഭകളും എല്ലാം ഭരണരംഗത്താണ്. അല്‍മായര്‍ എന്ന് മുദ്രകുത്തി, ഭരണരംഗത്തുനിന്നകറ്റി നിര്‍ത്തിയിരിക്കുന്ന 'പാപി' കള്‍ക്ക്, ഈ റീത്തുകള്‍കൊണ്ട് വ്യത്യാസമൊന്നും അനുഭവപ്പെടുന്നില്ല. പരിശുദ്ധകുര്‍ബാന 'പാളയംപള്ളിയില്‍' കണ്ടാലും, 'ലൂര്‍ദ്ദുപള്ളിയില്‍' കണ്ടാലും, അനുഗ്രഹം അവന് ഒന്നുതന്നെ. ആ കുര്‍ബാന ഈശോസഭ ക്കാരന്‍ ചൊല്ലിയാലും കര്‍മ്മലീത്താക്കാരന്‍ ചൊല്ലിയാലും വ്യത്യാസമൊന്നുമില്ല. കുമ്പസാരവും മറ്റു കൂദാശകളും ഒന്നുതന്നെ. പിന്നെ ഈ റീത്തുകളുടെ ഗുണഭോക്താക്കള്‍ ഭരണാധിപന്മാരാണ്. റീത്തുകളുടെ പേരില്‍ രൂപതകളും അധികാരങ്ങളും സ്വത്തും, 'സഭ'യുടെ പേരില്‍ പ്രയോര്‍ സ്ഥാനങ്ങളും മറ്റും മറ്റും!! കര്‍ത്താവു സ്ഥാപിച്ച സഭ ഇതാണോ? ഒരിക്കലുമല്ല. ഇത് മനുഷ്യന്‍ സൃഷ്ടിച്ചതാണ്. ഇങ്ങനെ മനുഷ്യസൃഷ്ടമായ വിഭാഗീയാവശ്യങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളുംകൂടി ക്രൈസ്തവസന്ദേശത്തിന്റെ ചേതനയെ മുക്കിക്കൊന്നുകൊണ്ടിരിക്കുകയാണ്.
പത്രോസിന്റെ 'പാറ' ബലമേറിയതാണ്. ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പാറ.
പക്ഷേ, ഇന്ന് ആ പാറ അനാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പായലുകെട്ടിക്കിടന്ന്, മനുഷ്യപാദങ്ങള്‍ക്ക് ഉറച്ചുനില്‍ക്കാന്‍ പറ്റാത്തതായിത്തീര്‍ന്നിരിക്കുന്നു. ഈ പാറമേല്‍ ഞവണിക്കയും ഞണ്ടും സുഖവാസം നടത്തുന്നു.

No comments:

Post a Comment