Wednesday 7 February 2018

നമ്മുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട സഭ


ഓശാന മാസികയുടെ ഒന്നാം ലക്കത്തിലെ എഡിറ്റോറിയലില്‍നിന്നുള്ള ഒരു പ്രസക്തഭാഗമാണ് ഇവിടെ കൊടുക്കുന്നത്:
കത്തോലിക്കാസഭാ'വിശ്വാസികള്‍'ക്കു തിരുസഭ അപ്രമാദിത്വവരമുള്ള ഒരു സംഘടനയാണ്. തന്മൂലം, സഭാപരിഷ്‌ക്കരണമെന്നോ നവീകരണമെന്നോ ഒക്കെപ്പറഞ്ഞാല്‍, 'പിശാചിന്റെ തട്ടിപ്പാ'യാണ് ചിലര്‍ അതിനെ വീക്ഷിക്കുക. ഇവര്‍ യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നവരാണ്.
സഭ ദൈവസ്ഥാപിതമാണ്. അത് ക്രിസ്തുവിന്റെ മനുഷ്യരക്ഷാകര പ്രവൃത്തിയുടെ തുടര്‍ച്ചയാണ്. ഈ സഭയാകട്ടെ മനുഷ്യനാല്‍ നിയന്ത്രിക്കപ്പെടുന്നു. മനുഷ്യനിര്‍മിതമായ സംഘടനകളും സംഘടനാരൂപവും സ്ഥാപനങ്ങളും നിയമങ്ങളും ആണ് സഭയുടെ ഭൗതികഘടന.
മിശിഹായുടെ രക്ഷാകരദൗത്യത്തിന്റെ സാക്ഷിയായ സഭ വിശുദ്ധവും ഏകവും സാര്‍വ്വലൗകികവും സംഘടനാനിബദ്ധമല്ലാത്തതുമാണ്. അതിന് മാറ്റമോ നവീകരണമോ പരിഷ്‌ക്കാരമോ ആവശ്യമില്ല. ക്രിസ്തുവിന്റെ സനാതനനീതിയിലും വീണ്ടെടുപ്പിലും വിരാജിക്കുന്ന ഈ സഭയല്ല നമ്മുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട സഭ.
ആ സഭയാകട്ടെ, ബലഹീനരായ മനുഷ്യര്‍ ഉള്‍ക്കൊള്ളുന്നതും, അവരാല്‍ത്തന്നെ നിയന്ത്രിക്കപ്പെടുന്നതും, കാലദേശസംസ്‌ക്കാരങ്ങളുടെ സ്വാധീനത്തില്‍പ്പെടുന്നതും, മനുഷ്യനിര്‍മിതങ്ങളായ സ്ഥാപനങ്ങളും സംഘടനകളും സംഘടനാരൂപങ്ങളും നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉള്ളതുമായ ഒന്നത്രെ. ''സഭ ലോകമല്ല; ലോകത്തില്‍നിന്നുള്ളതുമല്ല. പക്ഷേ, സഭ ലോകത്തിലാണ്'' (ഹാന്‍സ്‌ക്യൂങ്).
ഈ ലോകത്തിലുള്ള സഭയില്‍ തീര്‍ച്ചയായും ലൗകികബലഹീനതകള്‍ പ്രവേശിക്കുമെന്നതില്‍ സംശയമില്ല.

സഭയിലെ ആചാരാനുഷ്ഠാനങ്ങളും അധികാരവിന്യാസവും സംഘടനാരൂപവും സംജ്ഞകളും സാമൂഹികബന്ധങ്ങളും എല്ലാം, 'തെറ്റാവരമുള്ള സഭ'യുടെ ഭാഗമാണെന്നു വിശ്വസിച്ചിരുന്നവരുണ്ട്. പറങ്കിമെത്രാന്മാര്‍ നമ്മേ ഭരിച്ചിരുന്നപ്പോള്‍ വെള്ളത്തൊലിയിലും ചുവന്ന തൊപ്പിയിലും 'റൂഹാദക്കുദിശായെ' ദര്‍ശിച്ചവര്‍, ഈ പാതിരിമാരുടെ കൊള്ളരുതായ്മകളെ എതിര്‍ത്തവരെ സഭാഭ്രഷ്ടരാക്കി ശപിച്ചത് ശുദ്ധവിശ്വാസത്തിന്റെ പേരിലായിരുന്നു. നാട്ടുമെത്രാന്മാര്‍ക്കുവേണ്ടി വാദിച്ചതിന് കര്‍മ്മലീത്താസഭയില്‍നിന്നും 'കണ്ണുനീരും കയ്യുമായി' ഇറക്കിവിടപ്പെട്ട 'ഏഴുവ്യാകുലങ്ങള്‍' എന്നറിയപ്പെട്ട വൈദികപ്രമുഖര്‍, അക്കാലത്ത്, 'സാത്താന്റെ സന്താന'ങ്ങളാണെന്ന് ഭക്തിയുടെ പൊയ്മുഖമണിഞ്ഞ 'സനാതനികള്‍' പ്രചാരണം നടത്തുകയുണ്ടായി. 'പത്രോസിന്റെ പാറ' 'പാറപോലെ ഉറച്ച താണെന്നും' അതിനു മാറ്റം ആവശ്യമില്ലെന്നും വാദിക്കുന്നവര്‍, സഭയെ അതിന്റെ സാമൂഹ്യാര്‍ഥത്തില്‍ കാണാന്‍ ശ്രമിക്കാത്തവരാണ്. 

No comments:

Post a Comment